ഈ കുറിപ്പ് കഴിഞ്ഞ ആഴ്ചയില്‍ വരേണ്ടതായിരുന്നു. അതിന് വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ തടസ്സമായി വന്നു. കണ്ണൂരിലെ ജനസേവന കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മംഗളാ ട്രസ്റ്റിന്റെ അധ്യക്ഷന്‍, വളരെക്കാലം ബിജെപിജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ സജീവ സാന്നിധ്യമായിരുന്ന എം.കെ. ശശീന്ദ്രന്‍ മാസ്റ്ററുടെ ദേഹവിയോഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്നു പറയുന്നത് ഒട്ടും അത്യുക്തിയല്ല. അത്രയ്‌ക്കായിരുന്നു കണ്ണൂരിലെ പൊതുജീവിതത്തില്‍ ശശീന്ദ്രന്‍ മാസ്റ്ററുടെ സാന്നിധ്യം. 1960 കളുടെ ആരംഭത്തില്‍ ഞാന്‍ കണ്ണൂര്‍ ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ച കാലത്ത് അവിടത്തെ കോണ്‍ഗ്രസ്സിന്റെ ഉറച്ച നേതാക്കളില്‍ പ്രമുഖനായിരുന്ന സി.പി. ഗോവിന്ദന്‍ നമ്പ്യാരുടെ പുത്രനായിരുന്നു മാസ്റ്റര്‍. അന്ന് എംഎല്‍എയും കോണ്‍ഗ്രസ്സിന്റെ പോരാട്ട വീര്യം നിറഞ്ഞ പി. ഗോപാലന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. വിവിധ രാഷ്‌ട്രീയ നേതാക്കളെ പരിചയപ്പെടാന്‍ പുറപ്പെട്ട് പലരെയും സമീപിച്ചിരുന്നു. അക്കൂട്ടത്തില്‍ പാമ്പന്‍ മാധവന്‍ എന്ന പ്രശസ്ത നേതാവിനെ കണ്ടപ്പോള്‍ വളരെ സൗമനസ്യത്തോടെയാണ് പെരുമാറിയത്. എന്റെ അവിടത്തെ മുന്‍ഗാമി വി.പി. ജനാര്‍ദ്ദനനുമായുള്ള അടുപ്പമായിരുന്നു അതിനു കാരണം. എന്നാല്‍ പി. ഗോപാലന്റെ സ്ഥിതി അതായിരുന്നില്ല. സംഘത്തെ കയറി ആക്രമിക്കുന്ന നാക്കായിരുന്നു അദ്ദേഹത്തിന്റെത്. വര്‍ത്തമാനത്തിനിടെ നിങ്ങളെങ്കിലും പുണ്യവാളന്മാരായിരിക്കട്ടെ, എന്നായിരുന്നു പരിഹാസദ്യോതകമായി അദ്ദേഹം പറഞ്ഞത്. സി.പി. ഗോവിന്ദന്‍ നമ്പ്യാര്‍ അപ്പോള്‍ അടുത്തുണ്ടായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ശശീന്ദ്രന്‍ മാസ്റ്റര്‍ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ പോകാന്‍ അവസരമുണ്ടായപ്പോള്‍ അദ്ദേഹം ഗോവിന്ദന്‍ നമ്പ്യാരെ പരിചയപ്പെട്ടു. അദ്ദേഹം കോണ്‍ഗ്രസ്സിനോടു മടുത്തു കഴിഞ്ഞിരുന്നു. മകന്‍ സംഘത്തിലെത്തി സജീവ പ്രവര്‍ത്തകനും, ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായതിന്റെ ഫലമാവണം.
2002 ലാണെന്നു തോന്നുന്നു, ജന്മഭൂമിയുടെ കണ്ണൂര്‍ പ്രതിനിധിയും, അടിയന്തരാവസ്ഥക്കാലത്തു കോഴിക്കോട് ജയിലിലെ എന്റെ സഹതടവുകാരനുമായിരുന്ന എ. ദാമോദരന്‍, അപകട പരമ്പരയില്‍ പരിക്കേറ്റ് ചികിത്സയുടെ പ്രാഥമിക ഘട്ടം കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ശശീന്ദ്രന്‍ മാസ്റ്ററുടെ സഹായം തേടുകയായിരുന്നു. സ്വദേശിജാഗരണ്‍ മഞ്ചിന്റെ ഒരു യാത്രാ പരിപാടി കാസര്‍കോട്ടുനിന്നും ആരംഭിച്ചതിനുശേഷം ഞാന്‍ കണ്ണൂരെത്തി. ശശി മാസ്റ്ററെ നേരത്തേ അറിയിച്ചതനുസരിച്ച് അദ്ദേഹം എന്നെക്കൊണ്ടുപോയതായിരുന്നു. ഞങ്ങള്‍ അന്നു ദാമോദരന്‍ താമസിച്ച കൂടാളിയിലെ വീട്ടില്‍ പോയി. ശശീന്ദ്രന്‍ മാസ്റ്ററുടെ യഥാര്‍ത്ഥ മുഖവും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ആര്‍ജിച്ചിരുന്ന സ്‌നേഹാദരങ്ങളും ബസ്സില്‍ വച്ചും പിന്നീട് നടന്നുപോയപ്പോഴും അറിയാന്‍ സാധിച്ചു. ബിജെപി നേതാവെന്ന നിലയ്‌ക്കും അധ്യാപകനെന്ന നിലയ്‌ക്കും അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ സവിശേഷത വിസ്മയകരമായിരുന്നു.
സര്‍വമംഗള ട്രസ്റ്റിന്റെ 2007 ലെ പുരസ്‌കാര ദാന പരിപാടിയില്‍ മുഖ്യ അതിഥിയായി അദ്ദേഹം ക്ഷണിച്ചത് എന്നെയായിരുന്നു. പത്‌നീ സമേതനായി പോകാന്‍ ഉദ്ദേശ്യമുള്ള കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹത്തിന് അതീവ സന്തോഷമായി. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ചെറുകുന്ന് അന്ന പൂര്‍ണേശ്വരീ ക്ഷേത്ര ദര്‍ശനമായിരുന്നു അതില്‍ മുഖ്യം. പക്ഷേ ചെന്ന നാള്‍ രാത്രിയില്‍ മാസ്റ്റര്‍ താമസിക്കുന്ന വാരം എന്ന സ്ഥലത്തെ ശാസ്താംകോട്ടം ശിവക്ഷേത്രത്തില്‍ ഉത്സവകാലമായിരുന്നു അത്. പഴയകാലത്ത് സത്യപരീക്ഷ നടത്തി വന്ന ക്ഷേത്രമായിരുന്നത്രേ അത്. അടുത്തുള്ള പുഴയില്‍ കുളിച്ചു വന്നു വേണ്ടിയിരുന്നു സത്യം ചെയ്യാന്‍. കള്ള സത്യമാണ് ചെയ്തതെങ്കില്‍ പുഴയിലിറങ്ങി കുളിക്കുമ്പോള്‍ മുതല പിടിക്കുമെന്ന ഐതിഹ്യവുമുണ്ട്. തെക്കന്‍ കേരളത്തിലില്ലാത്ത തിടമ്പു നൃത്തം കാണാനും, വഴിപാടുകളും ദക്ഷിണയും നല്‍കാനും അവസരം ഞങ്ങള്‍ക്കു മാസ്റ്റര്‍ ചെയ്തുതന്നു.
ചെറുകുന്നില്‍ അന്നപൂര്‍ണേശ്വരീ ക്ഷേത്ര സന്ദര്‍ശനത്തിനും മാസ്റ്റര്‍ തന്നെ കൊണ്ടുപോയി. ചിറയ്‌ക്കല്‍ കോവിലകം വകയായിരുന്ന ക്ഷേത്രം ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ്. ശശീന്ദ്രന്‍ മാസ്റ്ററുടെ ഒപ്പം അവിടെ ചെന്നപ്പോള്‍ ക്ഷേത്ര ജീവനക്കാര്‍ ആദരപൂര്‍വം സൗകര്യങ്ങള്‍ ചെയ്തു തന്നു. അതിപ്രാചീനമായ അവിടത്തെ ശില്‍പവേലകളും മറ്റലങ്കാരങ്ങളും അന്യാദൃശമാണ്. ഇന്നും അവിടെയെത്തുന്ന ഏതു ഭക്തനും ഭക്ഷണം നല്‍കപ്പെടുന്നു. രാത്രിയില്‍ നടയടയ്‌ക്കുന്നതിനു മുന്‍പ് ക്ഷേത്ര കവാടത്തില്‍ വന്ന് ശാന്തിക്കാരന്‍ ”അത്താഴം കഴിക്കാന്‍ ആരെങ്കിലുമുണ്ടോ” എന്നു വിളിച്ചന്വേഷിക്കുന്നു, ഒരാള്‍ക്കുള്ള ആഹാരം നിര്‍ദ്ദിഷ്ട സ്ഥാനത്തു വച്ചശേഷം മാത്രമേ നടയടക്കാറുള്ളൂ. ശങ്കരാചാര്യ സ്വാമികള്‍ പ്രസിദ്ധമായ അന്നപൂര്‍ണേശ്വരീ സ്‌തോത്രം രചിച്ചത് ഈ ക്ഷേത്രത്തിലിരുന്നാണ് എന്നു വിശ്വസിക്കപ്പെടുന്നു. ജലനിരപ്പില്‍ മാറ്റം വരാത്ത വിസ്തൃതമായ കുളം ക്ഷേത്ര സമീപം ഉണ്ട്.
ചെറുകുന്നില്‍ നിന്ന് തളിപ്പറമ്പില്‍ ചെന്ന് അവിടത്തെ പഴയ സ്വയംസേവകനും, ജനസംഘം-ബിജെപി മുഴുസമയ പ്രവര്‍ത്തകനുമായിരുന്ന കെ. കണ്ണനെ സന്ദര്‍ശിച്ചു. ശശി മാസ്റ്ററുടെ ക്ഷണമനുസരിച്ച് അദ്ദേഹവും ഞങ്ങളും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തു; ഒപ്പം പോന്നു. കണ്ണേട്ടനും ഒരിക്കല്‍ സര്‍വമംഗള പുരസ്‌കാര ജേതാവായിരുന്നു.
ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാലികാ വിദ്യാര്‍ത്ഥി സദനം സന്ദര്‍ശിക്കാനും മാസ്റ്റര്‍ കൊണ്ടുപോയി. ആ പ്രവര്‍ത്തനങ്ങളില്‍ മാസ്റ്ററുടെ കൈ മുദ്ര പതിഞ്ഞത് നമുക്കനുഭവപ്പെടും. മാസ്റ്ററുടെ വീട്ടുവളപ്പു സസ്യസമൃദ്ധമാണ്. പത്‌നി വാരം യുപി സ്‌കൂള്‍ അധ്യാപികയായിരുന്നു. ആള്‍ കൊട്ടാരക്കരക്കാരിയാണ്. അവിടെനിന്നിവിടെയെത്തി കണ്ണൂര്‍ക്കാരിയായി.
ശശി മാസ്റ്റര്‍ കണ്ണൂര്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങള്‍ ആര്‍ജിച്ചത് ഹൃദയംഗമമായ പെരുമാറ്റം കൊണ്ടായിരുന്നു. ചരമ വാര്‍ത്ത അറിയിക്കാന്‍ ആദ്യം വിളിച്ചത് ചിതി മാസികയുടെ ചുമതല വഹിക്കുന്ന പി. രാഘവനായിരുന്നു. കൂത്തുപറമ്പുകാരനായ രാഘവന്‍ മാസ്റ്ററുടെ വാത്സല്യപൂര്‍വമായ പെരുമാറ്റം ഏറെ അനുഭവിച്ചിരുന്ന ആളാണ്. പറഞ്ഞാല്‍ തീരാത്ത വിവരങ്ങളാണ് രാഘവനു നല്‍കാനുള്ളത്. എ. ദാമോദരനെപ്പറ്റി മുന്‍പ് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്രയേറെ താല്‍പ്പര്യമെടുത്ത് പരിചരണം നല്‍കിയ വേറെ ആരുമുണ്ടാവില്ല.
ലോക്ഡൗണ്‍ കാലമായതിനാല്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവര്‍ കണ്ണൂരിലെ ശ്മശാനത്തില്‍ ചട്ടപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചുവെങ്കിലും, അതില്‍ പങ്കുചേരാന്‍ കഴിയാതെ നൂറുകണക്കിനുപേര്‍ വളരെ വിമ്മിട്ടപ്പെട്ടു. പത്തരമാറ്റ് ബിജെപി പ്രവര്‍ത്തനകനും സ്വയംസേവകനുമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍ എന്ന അപൂര്‍വത മുറ്റിനിന്ന മനുഷ്യന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: