കുരുവട്ടൂര്‍: പോലൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ നവീകരണ കലശത്തോടനുബന്ധിച്ചുള്ള കുളം നവീകരണ പ്രവര്‍ത്തികള്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷം മുമ്പുവരെ വേനല്‍ക്കാലം ആവുമ്പോഴേക്കും ഒരു ഫുട്ബോള്‍ കളിസ്ഥലം ആയി മാറിയിരുന്ന കുളം പ്രകൃതി സ്നേഹികളായ ഒരു കൂട്ടം ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രകമ്മറ്റി വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒന്നാം ഘട്ടത്തില്‍ കുളത്തില്‍ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. കുളത്തെ പറ്റി കാരണവന്മാര് പറഞ്ഞു കേട്ട പല കഥകളും മാറ്റി മറക്കുന്നതായിരുന്നു കണ്ടകാഴ്ച. അടിയില്‍ നെല്ലിപ്പടികകള് പാകിയ ദീര്‍ഘ ചതുരാകൃതിയിലുള്ള പടവുകളും മധ്യഭാഗത്ത് കിണറും കണ്ടു. 530ഓളം ലോഡ് ചളി കുളത്തില്‍ നിന്ന് നീക്കം ചെയ്തു. തുടര്‍ മഴയില്‍ നിറഞ്ഞ കുളം വര്‍ഷങ്ങളായി സമീപ പ്രദേശത്തെ ബാധിച്ചിരുന്ന കുടിവെള്ള പ്രശ്നത്തിനും പരിഹാരമായി.
നിര്‍മ്മാണസാധനങ്ങള്‍ ഒരുക്കുകയെന്നതായിരുന്നു രണ്ടാം ഘട്ടത്തില്‍ കമ്മറ്റിക്ക് വെല്ലുവിളിയായത്. നിര്‍മാണത്തിന് ആവശ്യമായ കല്ല് കുളത്തിനു സമീപത്തു നിന്നു തന്നെ അത് വെട്ടി എടുക്കാനായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. 11 അടിയോളം ഉയരത്തില്‍ കുളത്തിനു ചുറ്റും പടവുകള്‍ നിര്‍മ്മിക്കുകയായിരുന്നു മൂന്നാംഘട്ടം. അതും പൂര്‍ത്തിയായി.
ചുറ്റു മതില്, നക്ഷത്രവനം, പ്രദേശത്തെ രാജാവായിരുന്ന പോര്‍ളാതിരിയുടെ പ്രതിമ, കുട്ടികള്‍ക്ക് കളിസ്ഥലം എന്നിവ അടുത്തഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ക്ഷേത്രകമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രം ചെയര്മാന് അനീഷ് മാരാരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒ. പ്രേമന്, സെക്രട്ടറി ജിജേഷ്, കുളം നിര്‍മ്മാണകമ്മറ്റി ചെയര്മാന് രാധാകൃഷ്ണന് മാരാര്‍, കണ്‍വീനര്‍ രലന്ത് കുമാര്‍, ട്രഷറര്‍ ആശിഷ് കുമാര്‍ എന്നിവരും നാട്ടുകാരും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. ഏകദേശം 10ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: