തിരുവല്ല: വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇത് അന്യമാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ കളികളിലൂടെയും ഫീസിയോതെറാപ്പിലൂടെയും ആയിരുന്നു അധ്യാപകർ പഠിപ്പിച്ചിരുന്നത്. ലോക്ഡൗൺ വന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാൻ കഴിയാതെ വന്നതോടെ അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലായി.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഓൺലൈൻ പഠനരീതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ സംവിധാനങ്ങളോ,ലാപ്ടോപ്പോ,മൊബൈലോ അതിന്റെ സാങ്കേതിക വിദ്യകളോ ഒന്നും അറിയാത്ത ഒരു വിഭാഗത്തിൽപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും.
ഇപ്പോഴത്തെ പഠന രീതികളോടൊന്നും സഹകരിക്കാൻ കഴിയാത്ത ഇവരെ ഏത് രീതിയിൽ പഠിപ്പിക്കാൻ കഴിയുമെന്ന ചിന്തയിലാണ് ഭിന്നശേഷി സ്കൂളിലെ ജീവനക്കാർ. ക്ലാസ് മുറികൾക്ക് അകത്തും പുറത്തുമായി പരിചയസമ്പന്നരായ ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിലാണ് ഇത്തരക്കാരുടെ പഠനം നടന്നു വന്നിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനം ഒരുക്കാൻ പല സ്പെഷ്യൽ സ്കൂളുകൾക്കും സാധിച്ചിട്ടില്ല.
ഭിന്നശേഷിക്കാരായ ചില കുട്ടികളുടെ വീട്ടിൽ ചെന്ന് പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണ വിജയമായില്ല. എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് ക്ലാസ് എടുക്കൽ പ്രായോഗികമല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകൾ സന്ദർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ വീടുകളിലെത്തി എങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.
പലതരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടാണ് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്നത്. മൊബൈലിലൂടെയുള്ള പഠനം സാധ്യമല്ലാത്ത സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിദ്യാഭ്യാസ സ്വപ്നത്തിന് ഉതകുന്ന രീതിയിൽ സർക്കാർ നടപടിയുണ്ടാകണമെന്നാണ് ഭിന്നശേഷി സ്കൂളിലെ അധ്യാപകരുടെ ആവശ്യം.
സ്കൂളിൽ പോകാതെ വീട്ടിലിരുന്നു പഠിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് ചിലർ. സ്കൂൾ ബസ് വരട്ടെയെന്നും ടീച്ചർ പഠിപ്പിച്ചാൽ മതിയെന്നും മറ്റുചിലർ. സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാഠ്യങ്ങൾക്കു മുന്നിൽ പതറിപ്പോയ നിമിഷങ്ങളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്.ക്ഷേമവും പഠനവും അന്വേഷിച്ചെത്തിയ ടീച്ചറോട് സ്കൂൾ എന്താ തുറക്കാത്തേയെന്ന ഒറ്റ ചോദ്യം മാത്രം ചോദിച്ച് ഇരിക്കുന്നവരുണ്ടെന്ന് അധ്യാപകൻ പറയുന്നു. ഇവരെ എങ്ങനെ പഠിപ്പിക്കാമെന്ന ചിന്തയിലാണ് അധ്യാപകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: