ഏറ്റുമാനൂര്‍: ചലച്ചിത്ര പ്രേമികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് നയിച്ച എസ്.പി. പിള്ളയെന്ന പങ്കജാക്ഷന് പിള്ള കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്നലെ 35 വര്‍ഷം. ഏറ്റുമാനൂരിലെത്തിയ മഹാകവി വള്ളത്തോളിനെ അനുകരിച്ച് കാണിച്ചത് എസ്പിയുടെ ജീവിതത്തിലെ വഴിത്തിരിവായി. വള്ളത്തോള്‍ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു വര്‍ഷം കലാമണ്ഡലത്തില്‍ നിന്ന് ഓട്ടന്തുള്ളല് അഭ്യസനം പൂര്‍ത്തിയാക്കിയ എസ്.പി. പിള്ള തിരിച്ചു വന്ന് പ്രൊഫഷണല്‍ നാടകവേദിയുടെ സജീവസാന്നിധ്യമായി.
സാഹിത്യകാരനും നിരൂപകനുമായ രാമവര്‍മ്മ അപ്പന് തമ്പുരാന് നിര്‍മിച്ച ‘ഭൂതരായര്‍’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട് ഭൂതരായര്‍ റിലീസ് ചെയ്യയ്തില്ല. 1950ല്‍ പുറത്തിറങ്ങിയ ‘നല്ല തങ്ക’യിലെ മുക്കുവനും അടുത്ത വര്‍ഷമിറങ്ങിയ ‘ജീവിതനൗക’യിലെ ശങ്കുവും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സാന്നിധ്യമുറപ്പിക്കാന്‍ പോന്ന കഥാപാത്രങ്ങളായി.
അവശ ചലച്ചിത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന എസ്.പി. പിള്ള, വിരമിച്ച അനേകം കലാകാരന്മാര്ക്ക് സഹായമെത്തിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹമോഷണ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തിയ സമരങ്ങളില്‍ ഏറ്റുമാനൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന എസ്.പി. പിള്ള മുന്‍പന്തിയിലുണ്ടായിരുന്നു.
1985 ജൂണ്‍ 12ന് അന്തരിച്ചു. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരം മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്. ഏറ്റുമാനൂരിലെ വീട്ടില്‍ കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മകന് സതീഷ് ചന്ദ്രന് ദീപം തെളിച്ച് സ്മരണ പുതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: