തിരുവല്ല: നിരണം കടപ്ര നിവാസികൾക്ക് ഉപദേശിക്കടവ് പാലം ഇന്ന് ഇരുകരമുട്ടാത്ത സ്വപ്നം മാത്രമാണ്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യം ഇന്നും ഫ്ളക്സ് ബോർഡുകളിൽ മാത്രമാണുള്ളത്. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെ ഉപദേശിക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി നാട്ടുകാർ മടുത്തു. സർക്കാർ മാറി മാറി വരുമ്പോൾ പാലത്തിന്റ കാര്യത്തിൽ പ്രഖ്യാപനങ്ങൾ മാത്രമാണ് ഇവിടുത്തുകാർക്ക് നൽകുന്നത്.
2004 നവംബർ 24ന് പത്തനംതിട്ടയിൽ ജനസമ്പർക്ക പരിപാടിയിൽ മുഖമന്ത്രി ഉമ്മൽചാണ്ടി അന്നത്തെ എംഎൽഎ എലിസബത്ത് മാമ്മൻ മത്തായിയുടെ സാന്നിധ്യത്തിൽ ഉപദേശിക്കടവിൽ പാലം നിർമാണത്തിന് അനുമതി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. പാലത്തിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി മണ്ണു പരിശോധനയും പൂർത്തിയാക്കി. പാലത്തിന്റെ സാധ്യതാപഠനത്തിനായി 6.40 ലക്ഷം രൂപയും അന്ന് അനുവദിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം പാലം നിർമിച്ചെങ്കിലും ഉപദേശിക്കടവ് പാലം കടലാസിൽ മാത്രം ഒതുങ്ങി.
2019ൽ 23.73 കോടിരൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതിയും ലഭ്യമായി. 271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലം നിർമിക്കാനാണ് രൂപകൽപന തയാറാക്കിയത്. ഇതിൽ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയും വളഞ്ഞവട്ടം ഭാഗത്ത് 50 മീറ്ററും പരുമല ഭാഗത്ത് 2.1 കി.മീറ്ററും സമീപന പാതയും നിർമിക്കേണ്ടി വരും.
പാലം നിർമാണം, അപ്രോച്ച് റോഡുകളുടെ നിർമാണവും സംരക്ഷണഭിത്തി കെട്ടലും, ഇലക്ട്രിക് പോസ്റ്റുകളുടെ മാറ്റി സ്ഥാപിക്കൽ, ഭൂമി ഏറ്റെടുക്കൽ, ജല അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങി ആവശ്യമായ മുഴുവൻ കാര്യങ്ങളും പണികളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായിരുന്നു പദ്ധതി. എന്നാൽ പാലത്തിന്റെ നിർമാണത്തിന് കോടികൾ അനുവദിച്ചെന്ന് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ തുടർനടപടികളായില്ല.ഇവിടെയുള്ളവർക്ക് മറുകരയിലെത്താൽ ഇന്ന് കടത്തുവള്ളമാണ് ആശ്രയം. നദിയിൽ ജലനിരപ്പുയരുന്നതോടെ അതും അന്യമാകും. നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർക്ക് കണ്ടമട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: