കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി.കെ. കുഞ്ഞനന്ത(72)ന്റെ സംസ്കാരം പാറാട് വീട്ടുവളപ്പില്‍ നടന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളെയെല്ലാം മറികടന്നുകൊണ്ട് നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങ്. ജീവിച്ചിരിക്കുമ്പോള്‍ ഭരണകക്ഷി നേതൃത്വവുമായുള്ള അടുപ്പം കാരണം വഴിവിട്ട പരോള്‍ നേടിയതുള്‍പ്പെടെ നിലവിലുള്ള നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയ കുഞ്ഞനന്തന് മരണാനന്തരവും നിയമങ്ങള്ക്കതീതനാണെന്ന് തെളിയിക്കുകയായിരുന്നു.
അസുഖ ബാധിതനായി ഏറെ നാള് ചികിത്സയിലായിരുന്ന കുഞ്ഞനന്തന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. രോഗാവസ്ഥ കണക്കിലെടുത്ത് കുഞ്ഞനന്തന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും കുഞ്ഞനന്തനെ കൈവിടാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. കേസില്‍ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് തുടര്‍ച്ചയായി പറഞ്ഞപ്പോഴും ടിപി വധത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാന്‍ സാധിക്കാതിരുന്നത് കുഞ്ഞനന്തന് നേതൃത്വവുമായുള്ള അടുത്ത ബന്ധം കൊണ്ടാണ്. കുഞ്ഞനന്തനെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വത്തിന് ധൈര്യമില്ലായിരുന്നുവെന്നതാണ് വസ്തുത.
കേസില്‍ പ്രതിയായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുഞ്ഞനന്തന് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വടകര കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പോലീസിന് പിടി കൊടുക്കാതെ കുഞ്ഞനന്തനെ പാര്‍ട്ടി സംരക്ഷിച്ചതും ഒടുവില്‍ നാടകീയമായി കീഴടങ്ങാന്‍ സാഹചര്യമൊരുക്കിയതും ജില്ലയിലെ പ്രമുഖ നേതാക്കളുടെ ഒത്താശയോടെയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞനന്തനെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചത് നേതൃത്വത്തിലുള്ള സ്വാധീനവും ബന്ധവും വ്യക്തമാക്കുന്നതാണ്. 1970 ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞനന്തന് 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മറ്റിയംഗമാണ്. ടി.പി. കേസില്‍ ആരോപണ വിധേയരായ മറ്റ് നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നതും കുഞ്ഞനന്തന്റെ നിലപാടു കൊണ്ടാണ്. ഉപകാരസ്മരണയെന്ന നിലയില്‍ ഇടത് സര്‍ക്കാര്‍ അധികരാത്തില്‍ വന്നതിന് ശേഷം കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിച്ചതും ചര്‍ച്ചയായി. നാല് വര്‍ഷത്തിനിടെ 389 ദിവസമാണ് പരോള്‍ അനുവദിച്ചത്. സംഘാടകനോ വാഗ്മിയോ ഒന്നുമല്ലാതിരുന്നിട്ടും പാര്‍ട്ടി നേതൃത്വത്തില്‍ കുഞ്ഞനന്തന് സ്വാധീനകേന്ദ്രമായി മാറിയത് സാധാരണ പ്രവര്‍ത്തകരെ അമ്പരപ്പിച്ചിരുന്നു. കുഞ്ഞനന്തന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത നേതാക്കളുടെ നിര വ്യക്തമാക്കുന്നതും പാര്‍ട്ടിയില്‍ കുഞ്ഞനന്തനുള്ള സ്വാധീനമാണ്.
ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ കുന്നോത്തുപറമ്പ് പഞ്ചായത്തംഗവുമായ ശാന്തയാണ് ഭാര്യ. മക്കള്‍: ശബ്ന (അധ്യാപിക ടിപിജി മെമ്മോറിയല്‍ യുപി സ്കൂള്‍ കണ്ണംങ്കോട്), ഷിറില്‍ (ഖത്തര്‍). സഹോദരങ്ങള്‍: പി.കെ. നാരായണന് (റിട്ട: പ്രധാനധ്യാപകന്, ടിപിജി മെമ്മേറിയല്‍ യുപി സ്കൂള്‍ കണ്ണംകോട്) പരേതനായ ബാലന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: