കുണ്ടറ: ഉള്ളിലിരിപ്പിന്റെ കാലത്തെ സര്‍ഗവിരുന്നുകള്‍ പള്ളിക്കൂടം തുറക്കുമ്പോള്‍ കൂട്ടുകാരെ കാട്ടണം. സ്‌കൂളില്‍ അവയുടെ പ്രദര്‍ശനം നടത്തണം. കിട്ടുന്ന പണം സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നല്കണം….. വെറുതയായിരുന്നില്ല പത്താംക്ലാസുകാരി ലക്ഷ്മിനന്ദനയുടെ ലോക്ക് ഡൗണ്‍ കാലം എന്ന് സാരം….
പഠിച്ചുവച്ചതെല്ലാം വരച്ചെടുത്തു ഈ മിടുക്കി. കാലിക്കുപ്പിയില്‍, ചുമരിലൊക്കെ വര്‍ണങ്ങള്‍ കൊണ്ട് പുതിയ ലോകം വരച്ചിട്ടു. മയിലും കുയിലും മിക്കിമൗസും പ്രകൃതിയുമൊക്കെ വരക്കൂട്ടില്‍ കൂട്ടിനെത്തി…. വരച്ചുതീര്‍ന്നപ്പോള്‍ മിഴിവേറെ….
കാണുന്നവര്‍, ബന്ധുക്കള്‍, അച്ഛനമ്മമാര്‍… എല്ലാവരും നല്ല വാക്ക് പറഞ്ഞതിന്റെ ആവേശത്തിലാണ് കിഴക്കേകല്ലട കെപിഎസ്പിഎം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയും എസ്പിസി കേഡറ്റുമായ ലക്ഷ്മിനന്ദന.
ഫാബ്രിക് പെയിന്റിങ്, ബോട്ടില്‍ ആര്‍ട്ട്, ചുമര്‍ചിത്രരചന… കൈവയ്‌ക്കാത്ത വരയുടെ മേഖലകള്‍ കുറവാണ്. കൗതുകങ്ങള്‍ വരച്ചിടാനുള്ള ക്യാന്‍വാസാണ് ലക്ഷ്മിക്ക് കണ്ടതെല്ലാം. ആദ്യം മനസ്സില്‍ വരയ്‌ക്കും. പിന്നെ ചുമരിലോ കുപ്പിപ്പുറത്തോ പകര്‍ത്തും… അങ്ങനെ പകര്‍ത്തിയ വിസ്മയക്കാഴ്ചകള്‍ നിരവധിയാണ്.
സ്‌കൂള്‍ ജീവനക്കാരായ വേണുഗോപാലപിള്ളയുടെയും അനു വി. പിള്ളയുടെയും മകളാണ് ലക്ഷ്മി നന്ദന. ഏഴാം ക്ലാസുകാരി ശ്രീനന്ദ സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: