കൊച്ചി : സംസ്ഥാനത്തെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്ന് മാസത്തേയ്ക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു ഇതിന്റെ പശ്ചാത്തലത്തിലാണ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിലാണ് ഈ ഉത്തരവ്. ഉയര്‍ത്തിയ ബസ് ചാര്‍ജ് കുറച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.
സിംഗിള്‍ ബഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനില്‍ക്കില്ല. മോട്ടോര്‍ വാഹന നിയമപ്രകാരം ചാര്‍ജ് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ അവകാശമുണ്ട്. ഇതില്‍ കോടതി ഇടപെടുന്നത് ശരിയല്ല. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ 50% യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന സ്ഥിതിയിലായിരുന്നു ബസ് ചാര്‍ജ് നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുവന്നതോടെ, ഈ നിരക്ക് വര്‍ദ്ധന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനെതിരെയാണ് ഒരു വിഭാഗം ബസ്സുടമകള്‍ ഹൈക്കോടതിയില്‍ എത്തിയത്.
അതേസമയം ഹൈക്കോടതി വിധി മാനിച്ച് പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ ബസ് ഉടമകള്‍ തയ്യാറകണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടു. കൂടിയ നിരക്കില്‍ സര്‍വീസ് നടത്താം എന്ന് കോടതി പറഞ്ഞപ്പോള്‍ സര്‍വീസ് നടത്താന്‍ കാണിച്ച താല്പര്യം ഈ വിധിയുടെ കാര്യത്തിലും കാണിക്കണം. ഇപ്പോഴത്തെ പ്രതിസന്ധി ബസ് ഉടമകളുടെ ചില സംഘടനയിലെ നേതാക്കള്‍ ഉണ്ടാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ലോക്ഡൗണ്‍ ഇളവുകള്‍ വരുമ്പോള്‍ ബസ് സര്‍വീസ് നടത്തുന്നവരുടെ സാമ്പത്തികാവസ്ഥ കൂടി കണക്കിലെടുക്കണമെന്നറിയിച്ചാണ് ചാര്‍ജ് വര്‍ധനയ്ക്ക് സിംഗിള്‍ ബെഞ്ച് ആദ്യം അനുമതി നല്‍കിയത്. വിഷത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിനില്ലെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്. കൊവിഡ് കാലത്ത് ഇത്തരത്തില്‍ ബസ് ചാര്‍ജ് കൂട്ടാതിരിക്കുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന് ബസ് ഓണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: