മുംബൈ: സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടത്തുമെന്ന്് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍. ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി 20 ലോകകപ്പ് സംബന്ധിച്ച ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം കാത്തിരിക്കുകയാണ്. തീരുമാനം വന്നാലുടനെ ഈ വര്‍ഷം തന്നെ ഐപിഎല്‍ നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്ന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ പതിമൂന്നാമത് ഐപിഎല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ലോകകപ്പ് സംബന്ധിച്ച ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നശേഷമേ ഐപിഎല്ലിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനാകൂ. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് പട്ടേല്‍ വെളിപ്പെടുത്തി.
അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം ടി 20 ലോകകപ്പുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മാറ്റിവച്ചാലേ ഐപിഎല്‍ സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ നടത്താനാകൂ.
അതിനിടെ, ഈ വര്‍ഷം തന്നെ ഐപിഎല്‍ നടത്താന്‍ ശ്രമിക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കത്തിലൂടെ വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നത് അടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് ഗാംഗുലി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന ഈ സീസണിലെ ഐപിഎല്‍ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ വിദേശ രാജ്യങ്ങളെ വേദിയാക്കാനും ഉദ്ദേശ്യമുണ്ട്. ശ്രീലങ്കയും യുഎഇ യും ഐപിഎല്ലിന് വേദിയൊരുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: