മാവേലിക്കര:ഗുജറാത്തിൽനിന്ന് രോഗബാധിതനായി സുഹൃത്തുക്കൾക്കൊപ്പം ആംബുലൻസിൽ നാട്ടിലേക്കു വന്ന ആൾ വഴിമധ്യേ മരിച്ചു. തഴക്കര കല്ലിമേൽ മലയിൽ ജ്യോതികുമാർ (58) ആണു കർണാടകയിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി വന്ന ആംബുലൻസാണ് മൂന്നുമണിക്കൂർ മാവേലിക്കര നഗരമധ്യത്തിൽ കിടന്നത്.
ജ്യോതികുമാർ വഴിമധ്യേ മരിച്ച വിവരം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചു.അവരുടെ നിർദ്ദേശത്തേത്തുടർന്ന് മൃതദേഹം നാട്ടിലേക്ക്കൊണ്ടുവരികയായിരുന്നു. എന്നാൽ വീട്ടിലേക്കുള്ള വഴിയറിയാതെ ആംബുലൻസ് മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനു തെക്ക് കടകൾക്കു മുന്നിലായി നിർത്തിയിട്ടു.ഗുജറാത്ത് റജിസ്‌ട്രേഷനിലുള്ള ആംബുലൻസ് ദേവസ്വം ബോർഡ് ബിൽഡിങിനു സമീപം കിടക്കുന്നതു കണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെത്തി അന്വേഷിച്ചപ്പോൾ സംസ്‌കാര ചടങ്ങിന് എത്തിയതാണെന്നും വിളിക്കാൻ ആളുകൾ വരുമെന്നുമാണു പറഞ്ഞത്. ഡ്രൈവർമാർ അറിയിച്ചതിനെ തുടർന്നു നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെത്തി കാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന് എട്ടോടെ കാറിൽരണ്ടുപേരെത്തി ആംബുലൻസിനു വഴികാട്ടി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ദേവസ്വം ബോർഡ് ബിൽഡിങിനു സമീപത്തെ കടത്തിണ്ണകളിൽ നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. പൊലീസ് ജ്യോതികുമാറിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന്,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംസ്‌കാരം നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. അതനുസരിച്ച് കല്ലിമേലെ വീട്ടുവളപ്പിൽ 12 അടി താഴ്ചയിൽ കുഴിയെടുത്തു സംസ്‌കാരം നടത്തി. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 6 പേരോടു നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജ്യോതികുമാർ കഴിഞ്ഞ 25 വർഷമായി ഗുജറാത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: