പത്തനംതിട്ട: ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേരിലടക്കം അഞ്ചുപേരില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121 ആയി. 37 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു. 83 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ 12 മുതല്‍ ഇന്നലെ വരെ മൂന്നാംഘട്ട രോഗവ്യാപനത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആണ്. ഇതില്‍ 19 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ആറിന് ഡല്‍ഹിയില്‍ നിന്നുമെത്തിയ കോന്നി പയ്യനാമണ്‍ സ്വദേശികളായ കുടുംബത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 40 കാരനായ പയ്യനാമണ്‍ സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ നഴ്സ് (36), ഏഴും, അഞ്ചും വയസുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മേയ് 30ന് മഹാരാഷ്‌ട്ര മുംബൈയില്‍ നിന്നും വന്ന കോയിപ്രം സ്വദേശിനിയായ 27 വയസുകാരിക്കുമാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്.
ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആരും രോഗമുക്തി നേടിയിട്ടില്ല. ചികിത്സയിലുള്ളവരില്‍ 78 പേരും ജില്ലയിലെ ആശുപത്രികളിലാണ്. 41 പേര്‍ റാന്നി മേനാംതോട്ടം ആശുപത്രിയിലെ ഒന്നാംനിര കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ്. 36 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ്. ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ഓരോരുത്തര്‍ വീതം തിരുവനന്തപുരം, എറണാകുളം, മഞ്ചേരി മെഡിക്കല്‍ കോളജുകളിലും ചികിത്സയിലാണ്. രോഗികളും രോഗലക്ഷണമുള്ളവരുമായ 120 പേരെയാണ് ഇന്നലെവരെ ആശുപത്രി ഐസൊലേഷനുകളിലാക്കിയിരിക്കുന്നത്. ഇന്നലെ പുതുതായി 11 പേരെ ആശുപത്രികളിലെത്തിച്ചു.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 38 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 41 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 32 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: