1947 ആഗസ്റ്റ് രണ്ടിന് മലബാറിന്റെ ഹൈന്ദവ മനസ്സിനെ ഞെട്ടിച്ചുകൊണ്ട് നടന്ന ദുരിതമായിരുന്നു രാമസിംഹന് കൊലപാതകം. അര്‍ദ്ധരാത്രിയില്‍ മത ഭീകരന്മാര് നാലു ഹൈന്ദവ സഹോദരന്മാരെ, വീട്ടില്‍ അതിക്രമിച്ചുകയറി പൈശാചികമായി കൊലചെയ്തു. ഇസ്ലാം മത വിശ്വാസിയായിരുന്ന രാമസിംഹനും കുടുംബവും ഹൈന്ദവ ധര്‍മ്മം സ്വീകരിച്ചതായിരുന്നു കൊലയ്ക്കു കാരണം. അദ്ദേഹം പുനരുദ്ധാരണം ചെയ്ത് ആരാധനയ്ക്ക് സജ്ജമാക്കിയ മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രവും അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. രാഷ്ട്രീയ സ്വയംസേവക സംഘം മലബാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് തന്നെ 1942 ശേഷമാണ്.
രാമസിംഹന് വധം നടക്കുമ്പോള്‍ അങ്ങാടിപ്പുറം ഉള്‍പ്പെടുന്ന ഒറ്റപ്പാലം താലൂക്കിന്റെ പ്രചാരകന് ഇരുപതുകാരനായ രാവുണ്യാരത്ത് വേണുഗോപാലനായിരുന്നു. അന്ന് തകര്‍ക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിക്കാന്‍ ശ്രമം നടക്കുന്ന 2006ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സംയോജകനായി സംഘം നിയോഗിച്ചതും രാ.വേണുഗോപാല്‍ എന്ന വേണുവേട്ടനെ! ഇത് കേവലം യാദൃച്ഛികമെങ്കിലും കാലം കരുതിവച്ച നിയോഗം തന്നെ.
2006 നവംബറില്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ ചെയര്മാന് സ്വര്‍ഗ്ഗീയ സി.പി.ജനേട്ടന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് വേണുവേട്ടന് മുഴുവന്‍ സമയ പ്രവര്‍ത്തനവുമായി നിയോഗിക്കപ്പെട്ട വിവരം ഞങ്ങള്‍ മനസ്സിലാക്കുന്നത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സമാഹരണത്തിനും രൂപരേഖ തയ്യാറാക്കി വ്യവസ്ഥാരൂപം ഉണ്ടാക്കിയത് അദ്ദേഹമാണ്. ഒരു മഹാപ്രസ്ഥാനത്തിന്റെ പിന്തുണയാണ് ട്രസ്റ്റിന് അദ്ദേഹത്തിലൂടെ കൈവന്നത്. ക്ഷേത്ര നിര്‍മ്മാണ ആവശ്യാര്‍ത്ഥം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിച്ചും പ്രവര്‍ത്തകരോടൊപ്പവും യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദധാരിയായ, പ്രതാപ ഐശ്വര്യങ്ങള്‍ ആവോളം അനുഗ്രഹിച്ച ഒരു യുവാവ്, സര്‍വ്വ സൗഭാഗ്യങ്ങളും ത്വജിച്ച് സമാജ സേവനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
ശൃംഗേരി ശങ്കരാചാര്യ സ്വാമികളെ നേരില്‍ കാണുകയും ക്ഷേത്ര നിര്‍മ്മാണ കാര്യങ്ങള്‍ ഉണര്‍ത്തിക്കുകയും ചെയ്തു. ആദ്യ കാണിക്കയായി 50,000 രൂപ സ്വീകരിച്ചാണ് അദ്ദേഹം തിരിച്ചുവന്നത്. ട്രസ്റ്റ് അംഗങ്ങളെയും കൂട്ടി കാഞ്ചി ശങ്കരാചാര്യ സ്വാമികളെ കണ്ടു ദൗത്യം അറിയിച്ചപ്പോള്‍ സ്വാമി അനുഗ്രഹിച്ചത് 10 ലക്ഷം നല്‍കിയാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും അദ്ദേഹത്തിന് ഈ കാര്യങ്ങളില്‍ സഹായം ലഭിച്ചിട്ടുണ്ട്. യുഎന്‍ഒയുടെ കീഴിലുള്ള ഡബ്ല്യൂഎല്ഒ(ജനീവ) സംഘടനയില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്തിട്ടുള്ള തൊഴിലാളി നേതാവായിരുന്നു വേണുവേട്ടന്. ഈ സൗഹൃദം കാരണം അടുത്തിടെ അന്തരിച്ച എം.പി.വീരേന്ദ്രകുമാര്‍(മാതൃഭൂമി) പോലും ക്ഷേത്ര നിര്‍മ്മാണത്തില്‍ സാമ്പത്തിക സഹായം നല്കി. മദിരാശിയില്‍ ഗുരുമൂര്‍ത്തി, ഗോകുലം ഗോപാലന്, ന്യൂദല്‍ഹിയിലെ പ്രഗത്ഭമതികള്‍, ജനം ടിവിയുടെ വിശ്വരൂപന്, പ്രവാസി സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളും വ്യക്തികളുമായി ബന്ധപ്പെട്ട് ക്ഷേത്ര നിര്‍മ്മാണം ഉദ്ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2014 വരെയും അദ്ദേഹം ക്ഷേത്ര ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
മാലാപറമ്പ് മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം ഹൈന്ദവ നവോത്ഥാന കേന്ദ്രമായി വളര്‍ന്നു വരണമെന്നും ദക്ഷിണ സോമനാഥമാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. സംഘ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ബലിദാനികള്‍ക്കും സമാജ പ്രവര്‍ത്തനങ്ങള്‍ക്കും സ്മാരകമായും ഇതുമാറുമെന്ന് അദ്ദേഹം പറയുമായിരുന്നു. മലബാറില്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ഗുരുത്രയങ്ങളുടെ കര്‍മ്മഭൂമിയാണ് മാലാപറമ്പ് മാട്ടുമ്മല്‍ ക്ഷേത്രം. സ്വര്‍ഗ്ഗീയ ശങ്കര്‍ ശാസ്ത്രി, സി.പി.ജനാര്ദ്ദനന്, രാ.വേണുഗോപാല്‍ എന്നീ മഹാരഥന്മാരുടെ കൂട്ടായ്മ സഫലമായ മണ്ണ്.
കെ.പി.വാസു മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: