എണ്‍പത്തിമൂന്ന് വര്‍ഷക്കാലമായി സ്വയംസേവകനെന്ന നിലയ്ക്കു വേണുവേട്ടന് നല്കപ്പെട്ടിടത്തോളം ഉത്തരവാദിത്തങ്ങളും മറ്റും അപൂര്‍വം പേര്‍ക്കേ വഹിക്കേണ്ടിവന്നിട്ടുണ്ടാവൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എളമക്കരയിലെ മാധവനിവാസ് എന്ന പ്രാന്തകാര്യാലയത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. പ്രാതസ്മരണയില്‍ പതിവായി പങ്കെടുത്തിരുന്നു. പ്രായാധിക്യത്തിന്റെ അവശത മാറ്റിവച്ചാല്‍ അസുഖമൊന്നുമുണ്ടെന്നു ഭാവിക്കാത്ത പെരുമാറ്റം. ചിലപ്പോള്‍ ഒരു ചെറു വിസ്മൃതി. അടുത്ത നിമിഷം അതു മാറി വിശേഷാന്വേഷണം. വേണുവേട്ടന് ഒരായിരം സ്മരണകളായി, സജീവമായി കണ്മുന്നിലുണ്ട്.
1942ല്‍, അദ്ദേഹം കോഴിക്കോട് കോളജ് വിദ്യാര്‍ഥിയായിരിക്കെ സ്വയംസേവകനായി. അവിടെ പ്രചാരകനായിരുന്ന സാക്ഷാല്‍ ഠേംഗ്ഡിയായിരുന്നു ആനയിച്ചതും മനസ്സിനെ കീഴടക്കിയതും. അവര്‍ തമ്മിലുണ്ടായിരുന്ന പാരസ്പര്യം അന്യാദൃശമായിരുന്നു. ബിരുദ പഠനത്തിന് പാലക്കാട് വിക്ടോറിയ കോളേജില്‍ ആയിരുന്നപ്പോള്‍ അവിടെ സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ മുന്നിട്ടിറങ്ങി. അന്നു മുതല്‍ പാലക്കാടാണ് കേരളത്തില്‍ സംഘത്തിന്റെ ശക്തികേന്ദ്രം. വേണുവേട്ടന്റെ അച്ഛന് നിലമ്പൂര്‍ കോവിലകത്തെ ഒന്നാം തിരുമുല്‍പ്പാടായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യാദര ഭാജനമായി ഠേംഗ്ഡിജി. വേണുവേട്ടന്റെ അനുജന് ഗിരീശനും സ്വയംസേവകനാണ്. അദ്ദേഹം പഠനത്തിനായി എറണാകുളത്തു കഴിയവേ താമസിച്ചിരുന്ന വീടിന്റെ ഔട്ട്ഹൗസ് കാര്യാലയം പോലെ ഉപയോഗിക്കപ്പെട്ടു. അവിടെ ഭാസ്കര്‍ റാവുജി പ്രചാരക ജീവിതത്തിന്റെ തുടക്കക്കാലത്തു താമസിച്ചിരുന്നു.
കേസരി വാരികയുടെ തുടക്കം മുതല്‍ അതിന്റെ പല ചുമതലകളും വഹിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന്റെ സ്ഥാപക ട്രസ്റ്റിയായിരുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു. പ്രചാരകനെന്ന നിലയ്ക്ക് സ്വയംസേവകനുമായുള്ള ഹൃദയംഗമ സമ്പര്‍ക്കം നിലനിര്‍ത്തുന്ന സ്വഭാവം സഹജമായുണ്ടായിരുന്നു. അദ്ദേഹം കോട്ടയത്തു പ്രചാരകനായിരുന്ന 1952-53ല്‍ ഞാന്‍ തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് അവിടെയിറങ്ങി കുശലം പറഞ്ഞുപോകുന്ന പതിവുണ്ടായിരുന്നു. പ്രചാരകന്മാര്ക്ക് സഹജമായ സമ്പര്‍ക്കം നിലനിര്‍ത്താന്‍ പറ്റിയ ചെറിയ ഉപകരണങ്ങള്‍ അദ്ദേഹം സമ്മാനിക്കുമായിരുന്നു. അയോഡിന്‍ പെന്‍സില്‍ എന്ന പ്രഥമ ശുശ്രൂഷാ സഹായി അതിലൊന്നായിരുന്നു. ശാഖയില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് അത് നന്നായി ഉപകരിച്ചു.
പ്രചാരകനെന്ന നിലയ്ക്ക് അദ്ദേഹത്തോടൊപ്പം പ്രവര്ത്തിക്കാനവസരമുണ്ടായിട്ടില്ല. 1959ല്‍ അദ്ദേഹം കോഴിക്കോട് പ്രചാരകനായിരുന്നപ്പോള്‍ കൊയിലാണ്ടിയിലെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന പ്രാഥമിക ശിക്ഷാവര്ഗിലേക്കു, പേരാമ്പ്ര, കുറ്റിയാടി മുതലായ ശാഖകളില്‍ നിന്ന് ചിലരെ അയയ്ക്കാന്‍ പ്രാന്തപ്രചാരകന് ദത്താജി ഡിഡോള്‍ക്കറുടെ നിര്‍ദേശം കിട്ടി. ശിബിരത്തിന്റെ ചുമതല വേണുവേട്ടനായിരുന്നു. അവിടെ ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നിര്‍ദേശിച്ചു. ശിബിരം കഴിഞ്ഞ് അദ്ദേഹം കോഴിക്കോട്ടു കൊണ്ടുപോവുകയും, കേസരി, കാര്യാലയം മുതലായ സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയുമുണ്ടായി.
പിന്നീടദ്ദേഹം എറണാകുളം ജില്ലാ പ്രചാരകനായി. പരമേശ്വര്‍ജി ജനസംഘത്തിന്റെ ചുമതലയേറ്റപ്പോള്‍ വന്ന മാറ്റമായിരുന്നു അത്. സംഗതിവശാല്‍ ആലുവയില്‍ പോയപ്പോള്‍ അവിടെ ഉള്‍പ്രദേശങ്ങളായ ചൊവ്വര, വാഴക്കുളം, വളയന്‍ചിറങ്ങര മുതലായ ശാഖകളില്‍ കൊണ്ടുപോയി. അദ്ദേഹം വലിയ ഗായകനായിരുന്നില്ല. എന്നാല്‍ നല്ല താളബോധത്തോടെ ഗീതങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമായിരുന്നു.
പാട്ടു പാടുന്നയാള്‍ നന്നായി പാടുമെങ്കിലും സ്വയംസേവകരെക്കൊണ്ട് സാംഘിക് ആയി പാടിക്കാന്‍ കഴിയാത്തയവസരത്തില്. പഠിപ്പിക്കല്‍ ഭാഗം ഏറ്റെടുത്ത് മത്സരത്തില്‍ വിജയിച്ച അവസരങ്ങളുണ്ട്.
അദ്ദേഹത്തിന്റെ ഗൃഹസമ്പര്ക്കരീതി മറ്റാളുകള്‍ക്ക് അസാധ്യമാംവിധമുള്ളതായിരുന്നു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെയും ആ സ്നേഹസമ്പന്നന് സ്വാധീനിച്ചിരുന്നു. എറണാകുളത്തെ പച്ചാളം വിജയന് (കഴിഞ്ഞ കൊല്ലം അന്തരിച്ചു) സംഘവുമായി ബന്ധപ്പെട്ടത് വേണുവേട്ടന് പ്രചാരകനായിരിക്കെയായിരുന്നു. ക്രമേണ ആ കുടുംബം മുഴുവന്‍ സംഘമയമായിത്തീര്ന്നു. അതുപോലെ എത്രയോ പേര്. ഇപ്പോള്‍ പാലക്കാട്ട് വിഭാഗ് സംഘചാലകനായി പ്രവര്‍ത്തിക്കുന്ന വി.കെ.സോമസുന്ദരന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വേണുവേട്ടന്റെ കണ്ണില്പ്പെട്ടതായിരുന്നു. പട്ടിമറ്റത്തെ വീടുമായി ബന്ധം പുലര്‍ത്തി അച്ഛനും സഹോദരന്മാരുമൊക്കെ ‘വല’യിലായി. പഠിത്തം കഴിഞ്ഞു പ്രചാരകനായി.
സംഘപ്രചാരകനായിരിക്കെ ഞങ്ങള്‍ തമ്മില്‍ ഇണക്കമേറെയുണ്ടായെങ്കിലും ചിലപ്പോള്‍ പിണക്കവുമുണ്ടായി. സംസാരിക്കുന്നതിനിടെ നമ്മള് പ്രയോഗിച്ച ചില വാക്കുകളുടെ ആശാസ്യതയെച്ചൊല്ലി ആയിരുന്നു അത്. അപ്പോള്‍ത്തന്നെ ശാസനാപൂര്‍വ്വം തിരുത്തുകയായിരുന്നു അദ്ദേഹം. 1966ല്‍ ജനസംഘത്തില്‍ പരമേശ്വര്‍ജിയെ സഹായിക്കാന്‍ ഒരു പ്രചാരകനെക്കൂടി നല്‍കണമെന്ന അഭിപ്രായം വന്നു. വേണുവേട്ടന് അതിനു നിയോഗിക്കപ്പെട്ടു. എറണാകുളത്തിനു തെക്കോട്ട്, വേണുവേട്ടന്റെ ചുമതലയില്‍ വന്നു. ഞാന്‍ കോട്ടയത്തായിരുന്നതിനാല്‍ അതില്‍ സഹകരിക്കാന്‍ എനിക്കു കഴിഞ്ഞു. അടുത്തവര്‍ഷം സംഘശിക്ഷാവര്‍ഗിനിടെ മസ്ദൂര്‍ സംഘത്തിലേക്കും ഒരു പ്രചാരകനെ നല്കാന് നിര്‍ദേശമുണ്ടായി. അധികാരിമാര്‍ എന്നെ വിളിച്ച് വിവരമറിയിച്ചു. തികച്ചും അപരിചിതമായൊരു രംഗത്തേക്ക് പോകേണ്ടതിന്റെ പരിഭ്രമംകൊണ്ട് വിവശനായിപ്പോയി. പക്ഷേ ഠേംഗ്ഡിജിക്കു വേണുവേട്ടനായാല്‍ തങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുണ്ടായിരുന്ന മാനസിക പാരസ്പര്യം പ്രവര്‍ത്തനത്തിനു സഹായകരമാവുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഞാന്‍ ജനസംഘത്തിനു നല്കപ്പെട്ടു.
വേണുവേട്ടന് ഭാരതീയ മസ്ദൂര്‍ സംഘത്തിന് കേരളത്തില്‍ സൃഷ്ടിച്ചെടുത്ത സ്ഥാനവും അന്തസ്സും അസൂയാവഹം തന്നെയായിരുന്നു. അദ്ദേഹം അതിന്റെ അധ്യക്ഷസ്ഥാനവും അലങ്കരിച്ചു. ലോക തൊഴിലാളി സംഘടനയില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ ബിഎംഎസിന് അര്‍ഹത ലഭിച്ചപ്പോള്‍ ആ ദൗത്യം ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചു. ചൈന സന്ദര്‍ശിച്ച ബിഎംഎസ് പ്രതിനിധി സംഘത്തിലും വേണുവേട്ടനുണ്ടായിരുന്നു.
മറ്റ് തൊഴിലാളി പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബിഎംഎസിന്റെ കാഴ്ചപ്പാട്, തൊഴിലുടമയും തൊഴിലാളിയും തൊഴിലും രാഷ്ട്രമെന്ന സമുച്ചയത്തിന്റെ താല്പര്യത്തിനു വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നത് ലോകസമക്ഷം പ്രസ്താവിക്കാന്‍ അദ്ദേഹം നിയുക്തനായി. അവസാനമായി ആ ചുമതലയില്‍നിന്നു മുക്തനായി അദ്ദേഹം എറണാകുളം കാര്യാലയത്തില്‍ താമസമാക്കി തന്റെ പഴയ സമ്പര്ക്കങ്ങളൊക്കെ പുനഃസ്ഥാപിച്ചു. തൊടുപുഴയിലെ എന്റെ വീട്ടിലും വന്നു താമസിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് പ്രാന്തകാര്യാലയത്തില്‍ ചെല്ലുമ്പോള്‍ എനിക്ക് താല്പര്യമുള്ള വിവരങ്ങള്‍ വായിക്കാന്‍ തരുമായിരുന്നു. ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ നായകന്മാരില് ഒരാളായിരുന്നു. സജീവരംഗത്തു നിന്ന് പിന്‍വലിഞ്ഞുവെങ്കിലും ശേഷിമാന്മാരായ നിരവധിയാളുകളെ മുന്നിലേക്കു കൊണ്ടുവന്നുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: