ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്-ഐഎല്‍ഒ. 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സംഘടനയുടെ വാര്‍ഷിക കോണ്‍ഫറന്‍സുകളില്‍ തൊഴിലാളി യൂണിയനുകളുടെയും തൊഴിലുടമകളുടെയും സര്‍ക്കാരുകളുടെയും പ്രതിനിധികളാണ് പങ്കെടുക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐഎല്‍ഒ കോണ്‍ഫറന്‍സുകളില്‍ തുടര്‍ച്ചയായി എട്ടു വര്‍ഷം ഇന്ത്യയുടെ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചത് ഒരു മലയാളിയായിരുന്നു. ആര്‍എസ്എസിലൂടെ ബിഎംഎസിലെത്തുകയും, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ഈ സംഘടനയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ആര്. വേണുഗോപാല്‍.
കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട്ടുനിന്ന് സ്വയംസേവകനായതാണ് സംഘപരിവാറിലെ എല്ലാവരുടെയും വേണുവേട്ടന്. നാഗ്പൂരില്‍ നിന്ന് ആര്‍എസ്എസ് പ്രചാരകനായെത്തിയ ദത്തോപന്ത് ഠേംഗ്ഡിയുടെ സ്വാധീനവലയത്തില്‍പ്പെട്ട് സ്വയംസേവകനായി മാറിയ വിദ്യാര്‍ഥി. നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. മാര്‍ത്താണ്ഡവര്‍മയും ടി.എന്‍. ഭരതനുമായിരുന്നു സഹപാഠികള്‍. ഒരുമിച്ചു സ്വയംസേവകരായ മൂവരും പിന്നീട് പ്രചാരകന്മാരുമായിത്തീര്‍ന്നു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വേണുവേട്ടന് സംശയമുണ്ടായിരുന്നില്ല. ആര്‍എസ്എസ് പ്രചാരകനാവുക എന്നതല്ലാതെ മറ്റൊരു ചിന്തയും മനസ്സിലില്ലായിരുന്നു. പാലക്കാട്ടാണ് ആദ്യം പ്രചാരകനായെത്തിയത്. 1950കളുടെ തുടക്കത്തില്‍ കോട്ടയത്ത് പ്രചാരകനായി. കണ്ണൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പ്രചാരകനായ വേണുവേട്ടന് ഇടയ്ക്ക് കുറച്ചു കാലം അസുഖബാധിതനായി വിശ്രമിക്കേണ്ടി വന്നു. പിന്നീട് ‘കേസരി’ വാരികയുടെ പത്രാധിപരായി.
ആര്‍എസ്എസില്‍നിന്ന് ഭാരതീയ ജനസംഘത്തിലെത്തിയ വേണുവേട്ടന് ഒന്നരവര്‍ഷത്തോളമാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചത്. 1966-67 കാലഘട്ടത്തിലായിരുന്നു ഇത്. സംഘപ്രചാരകനായിരിക്കെ ബിഎംഎസ് സ്ഥാപിച്ച ദത്തോപാന്ത് ഠേംഗ്ഡിയും കുറച്ചുകാലം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായല്ലോ. ഈ വഴിയേ സഞ്ചരിച്ച വേണുവേട്ടനും ബിഎംഎസില്‍ എത്തിയത് ഒരു നിയോഗമായി കണക്കാക്കാം.
ട്രേഡ് യൂണിയനിസ്റ്റ് എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് എന്നു കരുതിയിരുന്ന കാലത്താണ് വേണുവേട്ടന്റെ രംഗപ്രവേശം. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ സമ്പൂര്‍ണാധിപത്യത്തിലായിരുന്നു എല്ലാ തൊഴില്‍ മേഖലയും. വര്‍ഗസമരത്തിന്റെ ഉപോല്‍പ്പന്നമായി ‘ലേബര്‍ മിലിറ്റന്‍സി’ നിലനിന്ന ഇക്കാലത്ത് ‘അദ്ധ്വാനം ആരാധനയാണ്’ എന്ന ബിഎംഎസിന്റെ മുദ്രാവാക്യത്തിന് സ്വീകാര്യത ലഭിക്കുക ഏറെ ശ്രമകരമായിരുന്നു. മെയ് ദിനം സാര്‍വദേശീയ തൊഴിലാളി ദിനമായി ഇടതു-വലത് ട്രേഡ് യൂണിയനുകള്‍ ഒരേപോലെ ആചരിച്ചുവരുമ്പോഴാണ് വിശ്വകര്‍മജയന്തി തൊഴില്‍ദിനമാക്കിയ ബിഎംഎസിന് തികഞ്ഞ അപരിചിതത്വമാണ് തുടക്കത്തില്‍ തൊഴില്‍ മേഖലകളില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ തീരാത്ത ആത്മവിശ്വാസവും തീവ്രമായ ആശയ പ്രതിബദ്ധതയും കൈമുതലാക്കി ഒറ്റയാള്‍ പട്ടാളത്തെപ്പോലെ വേണുവേട്ടന് മുന്നേറുകയായിരുന്നു.
1967 മുതല്‍ മൂന്ന് പതിറ്റാണ്ട് കാലമാണ് വേണുവേട്ടന് ബിഎംഎസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഇക്കാലയളവില്‍ രാജ്യത്ത് അംഗസംഖ്യയില്‍ ഒന്നാമത്തെ തൊഴിലാളി സംഘടനയായി ബിഎംഎസ് വളര്‍ന്നു. ഒപ്പം വേണുവേട്ടനും. 2003ല്‍ ഔദ്യോഗികസ്ഥാനമൊഴിയുമ്പോള്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു. ഇതിനിടെയാണ് ഐഎല്‍ഒയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പലതവണ പങ്കെടുത്തത്. ഒരു വര്‍ഷം ഐഎല്‍ഒ കോണ്‍ഫറന്‍സില്‍ ബിഎംഎസിന്റെ തൊഴിലാളി സങ്കല്പം അവതരിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ ‘യു ഹാവ് ഡണ്‍ എ ഗ്രേറ്റ് ജോബ്’ എന്നാണ് വേണുവേട്ടനെ ഠേംഗ്ഡിജി പ്രശംസിച്ചത്. 1977-82 കാലയളവില്‍ ഠേംഗ്ഡിയായിരുന്നു ഐഎല്‍ഒയിലെ ഇന്ത്യയുടെ തൊഴിലാളി പ്രതിനിധി. ഇപ്പോഴത്തെ ബിഎംഎസ് ദേശീയാധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണനും പലതവണ ഐഎല്‍ഒ പ്രതിനിധിയായിട്ടുണ്ട്.
സംഘാടക മികവു മാത്രമല്ല, ബിഎംഎസിന്റെ സ്വതന്ത്രവും വ്യതിരിക്തവുമായ ലക്ഷ്യത്തെക്കുറിച്ചും വേണുവേട്ടന് തെളിഞ്ഞ കാഴ്ചപ്പാടുണ്ട്. ”മറ്റ് തൊഴിലാളി സംഘടനകള്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളായതിനാല്‍ അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യങ്ങളാണ് അവയ്ക്കുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളികളെ വിപ്ലവത്തിനുള്ള കരുക്കളായി മാത്രം കാണുന്നതുകൊണ്ട് അവരെ പൂര്‍ണമായും സംതൃപ്തരാക്കുന്നതിനു പകരം അവരില്‍ അസംതൃപ്തിയും വിപ്ലവ മനഃസ്ഥിതിയും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ”ട്രേഡ് യൂണിയനുകളെ കമ്യൂണിസത്തിനുള്ള സ്കൂളുകളായി കാണണ”മെന്ന് ലെനിനും, ”ദയവായി യഥാര്‍ത്ഥ ട്രേഡ് യൂണിയന് പ്രവര്‍ത്തനം നടത്തരുതേ”യെന്ന് മാര്‍ക്സും ആഹ്വാനം ചെയ്തിട്ടുള്ളത് നാം ഓര്‍ക്കണം. കമ്യൂണിസ്റ്റല്ലാത്ത കോണ്‍ഗ്രസ്സിനെപ്പോലുള്ള സംഘടനകള്‍ തൊഴിലാളികളെ വെറും വോട്ടര്‍മാരായും ജാഥാ തൊഴിലാളികളായും കാണുമ്പോള്‍ മുസ്ലിംലീഗും ചില ക്രിസ്ത്യന്‍ സംഘടനകളും തൊഴിലാളികളെ മതാടിസ്ഥാനത്തിലാണ് കാണുന്നതും സംഘടിപ്പിക്കുന്നതും. തൊഴിലാളി പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രോദ്ധാരണം എന്ന മഹത്തായ ലക്ഷ്യം ഭാരതീയ മസ്ദൂര്‍ സംഘത്തിന് മാത്രമാണുള്ളത്.” വേണുവേട്ടന് നല്കുന്ന ഈ വിശദീകരണം വ്യക്തവും കൃത്യവുമാണ്.
എഴുപത്തിയെട്ടാമത്തെ വയസ്സിലാണ് വേണുവേട്ടന് ബിഎംഎസിന്റെ ഔദ്യോഗിക ചുമതലകള്‍ ഒഴിയുന്നത്. കേരളത്തില്‍ തിരിച്ചെത്തി എറണാകുളത്തെ ആര്‍എസ്എസ് ആസ്ഥാനമായ ‘മാധവനിവാസി’ല്‍ താമസമാക്കി. പക്ഷേ നവതിയിലും നവോന്മേഷത്തോടെ പ്രവര്‍ത്തിക്കുന്ന പ്രചാരകനെയാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. എല്ലാ ദിവസവും ബിഎംഎസ് ഓഫീസായ തൊഴിലാളി പഠനകേന്ദ്രം സന്ദര്‍ശിക്കും. കണ്ടുമുട്ടുന്നവരോട് സരസമായി സംസാരിച്ചും, പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമൊക്കെ ശ്രദ്ധയോടെ വായിച്ചും, നിരന്തരം വന്നുകൊണ്ടിരിക്കുന്ന കത്തുകള്‍ക്ക് മറുപടിയെഴുതിയും ദിനങ്ങള്‍ സജീവമാക്കി. കാലത്തിനൊപ്പം നടന്ന ഇത്തരം കര്‍മയോഗികള്‍ നമുക്കിടയില്‍ അപൂര്‍വമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: