രാ. വേണുഗോപാല്‍ ജനസംഘത്തിന്റെ പൂര്‍ണ്ണസമയ പ്രവര്ത്തകന് ആയിരുന്ന സമയം, 1965 ല്‍ ഞാന്‍ ചെങ്ങന്നൂര്‍ പ്രചാരകായിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. 1966 ജനുവരി 14ന് ചെങ്ങന്നൂരില്‍ ദീനദയാല്‍ ഉപാധ്യായ വന്നപ്പോള്‍ വേണുവേട്ടനായിരുന്നു കൂടെ ഉണ്ടായിരുന്നത്. 1967ല്‍ കോഴിക്കോട് അഖിലേന്ത്യാ സമ്മേളനം നടന്നപ്പോള്‍ ഞാനും അവിടെ പങ്കെടുത്തിരുന്നു. അന്ന് നടന്ന ആര്‍എസ്എസ് ശാഖയില്‍ ദീനദയാല്‍ ജി സംസാരിച്ചിരുന്നു. അത് തര്‍ജ്ജമ ചെയ്തത് വേണുവേട്ടനായിരുന്നു. അത് അപൂര്‍വ്വമായ ഒരു സംഭവമാണ്. അതിനുശേഷം മാന്നാറിലും ഒരു പരിപാടിയില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടിയിരുന്നു. അന്ന് ദീനദയാല്‍ ജി ക്ഷണിച്ചതിനെ തുടര്‍ന്ന് ഞാനും അദ്ദേഹത്തോടൊപ്പം മാന്നാര്‍ വരെ പോയി. മാന്നാറിലും ഹിന്ദിയില്‍ ദീനദയാല്‍ ജി പ്രസംഗിച്ചിരുന്നു. വേണുവേട്ടനായിരുന്നു തര്‍ജ്ജമ.
പിന്നീട് അദ്ദേഹം ബിഎംഎസിന്റെ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. ബിഎംഎസില്‍ വന്നശേഷം അദ്ദേഹം രാഷ്ട്രീയത്തിന് അനുകൂലമായിരുന്നില്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് രാഷ്ട്രീയം പാടില്ല എന്നായിരുന്നു സംഘത്തിന്റെ നിലപാട്. പരിവാര്‍ സംഘടനകള്‍ രാഷ്ട്രീയ മുക്തപ്രസ്ഥാനമാവണം എന്ന നിലപാടില്‍ നിന്ന് വേണുവേട്ടന് മാറിചിന്തിച്ചിരുന്നില്ല. അങ്ങനെയുള്ളതുകൊണ്ടാണ് അദ്ദേഹം അതിനെ അനുകൂലിക്കാതിരുന്നത്.
വേണുവേട്ടന്റെ ജീവിതം ആര്‍ക്കും മാതൃകാപരമാണ്. ലളിതമായിരുന്നു ആ ജീവിതം. നിലമ്പൂര്‍ കോവിലകത്തെ അംഗമായിരുന്നു അദ്ദേഹം. സുഖലോലുപതയില്‍ ജീവിക്കാന്‍ സാധിക്കുമായിരുന്നിട്ടും അതെല്ലാം തൃജിച്ചു. ആദര്‍ശത്തിന്റെ പേരില്‍ സ്വയം തിരഞ്ഞെടുത്ത പാതയായിരുന്നു അദ്ദേഹത്തിന് സംഘജീവിതം. ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ പ്രതീകം.
കാര്‍ക്കശ്യ സ്വഭാവക്കാരനായിരുന്നു. ദന്തോപാന്ത് ഠേംഗ്ഡിജിയായിരുന്നു അദ്ദേഹത്തിന്റെ ആരാധനാ പുരുഷന്. 1942ല്‍ കേരളത്തില്‍ ആദ്യമായി ശാഖ തുടങ്ങാന്‍ എത്തിയത് ഠേംഗ്ഡിജിയായിരുന്നു. കേരളത്തില്‍ ആര്‍എസ്എസിന്റെ ആദ്യ ബാച്ചില്‍ പെട്ടവരാണ് വേണുവേട്ടനും ഭരതേട്ടനുമൊക്കെ. ഠേംഗ്ഡിജിയോട് അന്ന് തുടങ്ങിയ ആരാധന മരണം വരേയും തുടര്‍ന്നു.
പി.പി. മുകുന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: