ആര്. വേണുഗോപാല്‍. വേണു ഏട്ടനെക്കുറിച്ചുള്ള പത്രഭാഷയാണത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലമ്പൂര്‍ രാജാവ് കൊച്ചുണ്ണി തിരുമുല്‍പ്പാടിന്റെ രണ്ടാമത്തെ പുത്രനായിട്ട് ജനനം. അമ്മ പാലക്കാട് കൊല്ലങ്കോട്ട് കോവിലകത്തെ അംഗം. അന്നത്തെ രാജകുമാരന്മാര്ക്ക് സാധിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസമായ ബിഎസ്സി ഡിഗ്രി അദ്ദേഹത്തിന് ലഭിച്ചു. ആ ബിരുദവും രാജകുടുംബത്തിലെ സ്വാധീനവുമെല്ലാം വച്ച് ഉയര്‍ന്ന് ഉദ്യോഗങ്ങള്‍ ലഭിക്കുമായിരുന്നുവെങ്കിലും അതിനൊന്നും തുനിയാതെ തന്റെ അച്ഛന് മാനേജരായ സ്കൂളില്‍ അധ്യാപകനായി ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. അതിന് പ്രേരകമായത് ഹൈസ്കൂള്‍ തലം മുതലുള്ള സംഘബന്ധമായിരിക്കാം.
സംഘശാഖയിലൂടെ കിട്ടുന്ന ദേശീയാശയം സ്കൂള്‍ക്കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാനുള്ള സാധ്യതയും അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കാം. പ്രസ്തുത സ്കൂളില്‍ വേണു ഏട്ടന്റെ ക്ലാസ്സുകളും മാനേജരായ പിതാവിന്റെ ക്ലാസ്സുകളുമെല്ലാം ദേശീയതയിലേക്ക് വെളിച്ചം വീശുന്നതരത്തിലായിരുന്നുവെന്ന് അന്ന് ആ സ്കൂളിലെ അധ്യാപകനായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐയുടെ സംസ്ഥാന ഭാരവാഹിയുമെല്ലാമായിരുന്ന പി. ഭാസ്കരന് ഒരിക്കല്‍ മാവൂരിലെ ഒരു പരിപാടിക്ക് വന്നപ്പോള്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. സ്കൂള്‍ മാനേജരുടെ പുത്രനും രാജകുമാരനുമെല്ലാമായിരുന്നെങ്കിലും വേണു ഏട്ടന് അഹങ്കാരലേശമില്ലാതെ അവര്‍ക്കിടയിലെല്ലാം ഉറ്റചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഈ അഹങ്കാരമില്ലായ്മയും എല്ലാവരോടും ചങ്ങാത്തം കൂടാനുള്ള മനസ്സുമാണ് അദ്ദേഹത്തിന്റെ പ്രധാന ഗുണം. എല്ലാ രംഗത്തും അത് അദ്ദേഹം പ്രകടിപ്പിച്ചു. ഒരുപക്ഷെ അതുകൊണ്ട് തന്നെയായിരിക്കാം എനിക്കും, നീണ്ട 50 വര്‍ഷം അദ്ദേഹത്തിന്റെ ശിഷ്യത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. 1967ലാണ് വേണുവേട്ടനെ കാണുന്നതും സമ്പര്‍ക്കത്തില്‍ വരുന്നതും. ഏകദേശം അതേ കാലഘട്ടത്തില്‍ തന്നെയാണ് ബിഎംഎസ്സിന്റെ പ്രവര്‍ത്തനവും കേരളത്തില്‍ ആരംഭിച്ചത്. ഇതിന് നിയോഗിക്കപ്പെട്ടതും അദ്ദേഹമായിരുന്നു. കോഴിക്കോടായിരുന്നു പ്രവര്‍ത്തന ആസ്ഥാനമായി അദ്ദേഹം തെരഞ്ഞെടുത്തത്. ഓഫീസോ മറ്റുകാര്യങ്ങളോ ഒന്നും സ്വന്തമായോ വാടകയ്ക്കോ പോലും ഉണ്ടായിരുന്നില്ലെങ്കിലും സ്വയം സഞ്ചരിക്കുന്ന ഒരു ഓഫീസായും, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, പ്യൂണ്‍ എല്ലാമായി അദ്ദേഹം അക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തന്റെ ബന്ധുക്കള്‍, പഴയകാല സുഹൃത്തുകള്‍ ഇവരില്‍ പലര്‍ക്കും സ്വന്തമായി കാറും മറ്റ് വാഹനങ്ങളുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും വേണുവേട്ടന് സ്വന്തമായൊ പ്രസ്ഥാനത്തിനോ അന്ന് സ്വന്തം വാഹനങ്ങളുണ്ടായിരുന്നില്ല. പിന്നീടും അത്യാവശ്യഘട്ടത്തിലല്ലാതെ ടാക്സിയോ മറ്റ് വാടക വാഹനങ്ങളൊ ഉപയോഗിച്ചിട്ടില്ല. തീവണ്ടികളില്‍ ഓര്‍ഡിനറി ടിക്കറ്റിലും ബസ്സിലും അത്യാവശ്യം സൈക്കിളിലുമായിരുന്നു യാത്ര. എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമെല്ലാം ഓര്‍ഡിനറി കംപാര്‍ട്ട്മെന്റില്‍ പത്രം വിരിച്ച് കിടന്നുറങ്ങിപ്പോകുമ്പോള് ചിലപ്പോഴെല്ലാം ഞാനും പങ്കാളിയായിരുന്നു.
വസ്ത്രത്തിന്റെ കാര്യത്തിലും കര്ക്കശക്കാരനായിരുന്നില്ല. അധികം മുഷിയാത്ത ഒരു സാധാരണ ഷര്‍ട്ടും മുണ്ടും. അതും സ്വയം അലക്കിയാണ് ഉപയോഗിക്കുക. യൂണിയനും അംഗങ്ങളുമെല്ലാം നാമമാത്രമായിരുന്നുവെങ്കിലും കണ്‍സിലിയേഷന്‍ ടേബിളുകളില്‍ വളരെവേഗം ശ്രദ്ധേയനാവാന്‍ അദ്ദേഹത്തിന് സാധിച്ചു. സിഐടിയുവിന്റെയും എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എസ്ടിയു എന്നീ യൂണിയന് നേതാക്കളായ ടി. അയ്യപ്പന്, കെ.എം. കുട്ടികൃഷ്ണന്, പി.വി. ശങ്കരനാരായണന്, പി. കുട്ടികൃഷ്ണന് നായര്‍, പി.കെ. ശങ്കരന്‍കുട്ടി, അശ്റഫ് മുതലായവരെല്ലാം കണ്‍സിലിയേഷന്‍ ടേബിളിലൂടെ സ്ഥിരസുഹൃത്തുക്കളായ പ്രമുഖരില്‍ ചിലരാണ്. നേതാക്കളുമായുള്ള ഈ സുഹൃദ്ബന്ധം തൊഴിലാളികള്‍ക്കിടയിലും വ്യവസായികള്ക്കിടയിലുമെല്ലാം ബിഎംഎസ്സിന് പ്രവേശിക്കാനും മാന്യത ഉണ്ടാക്കാനും ഏറെ സഹായിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കളുമായുള്ള സഹവര്‍ത്തിത്വവും ചെങ്കൊടിയോടൊപ്പം കാവിക്കൊടി കൂട്ടിക്കെട്ടിയുള്ള പ്രകടനങ്ങളുമെല്ലാം സംഘടനകള്‍ക്കകത്തും പുറത്തുമുള്ള പലര്‍ക്കും ചര്‍ച്ചാവിഷയമായിരുന്നു. കോഴിക്കോട്ടെ തെരുവീഥിയില്‍ കൂടി അങ്ങനെയൊരു പ്രകടനം നടത്താന്‍ ആദ്യമായി ധൈര്യം കാണിച്ചത് വേണുവേട്ടനാണെങ്കില് പിന്നീടത് നാഷണല്‍ കാമ്പയിന് കമ്മിറ്റി എന്ന പേരില്‍ അഖിലേന്ത്യാതലത്തില്‍ ദല്‍ഹി തെരുവീഥിവരെ എത്തി എന്നത് ആരേയും ആവേശംകൊള്ളിക്കും. ശാന്തനും ആലോചിച്ച് മാത്രം തീരുമാനമെടുക്കുകയും ചെയ്യുന്ന ആളാണെങ്കിലും തൊഴിലാളികള്‍ക്കുവേണ്ടി ചിലപ്പോള്‍ സാഹസികമായ തീരുമാനങ്ങളെടുത്തതായും അനുഭവമുണ്ട്. അതിലൊന്ന് കൊച്ചിയിലെ നേവല്ബെയ്സില് എന്ബിഒഎല് തൊഴിലാളികളുടെ ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഭാഷണം വിജയിക്കാതെ വന്നപ്പോള്‍ അവിടെ ഒരു അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചതാണ്. രാജ്യരക്ഷാ വകുപ്പിന്റെ കീഴിലാണ് ആ സ്ഥാപനം. 11 ദിവസം വലിയ ഒച്ചപ്പാടൊന്നും ഉണ്ടാകാതെ കടന്നുപോയ ശേഷമാണ് സംഘത്തിന്റേയും കേന്ദ്രനേതൃത്വത്തിന്റേയുമെല്ലാം ഇടപെടലുണ്ടാക്കാനും ഒടുവില്‍ കേന്ദ്ര രാജ്യരക്ഷാമന്ത്രി ജഗ്ജീവന് റാം ഇടപെട്ട് പ്രശ്നം തീര്‍ത്തതും അതുപോലെ കോഴിക്കോട്ടെ ഒരു വാഹന ഏജന്‍സിയുടെ (മേറ്റ ഡോര്വാന്) ഷോറൂമിനു മുന്പില് ഒറ്റയ്ക്ക് നിന്ന് വാഹനങ്ങള്‍ തടഞ്ഞതും എറണാകുളത്തുതന്നെയുള്ള പ്രസിദ്ധമായ ഒരു ഹോട്ടലിനകത്ത് തൊഴിലാളികളോടൊപ്പം കയറിയിരുന്ന് കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയതുമെല്ലാം സാഹസികമായ തീരുമാനങ്ങളായിരുന്നു.
സംഘടനകള്‍ വന്‍തുകകള്‍ ചെലവഴിച്ച് ആര്‍ഭാട സമ്മേളനങ്ങള്‍ നടത്തുന്നതിനോട് അദ്ദേഹം വിയോജിച്ചിരുന്നു. തൊഴിലാളികളില്‍നിന്നും അവരുടെ പേരുപറഞ്ഞ് മറ്റുള്ളവരില്‍നിന്നും ശേഖരിക്കുന്ന പണം വളരെ കരുതലോടും കഴിയുന്നത്ര കുറഞ്ഞ തലത്തിലും മാത്രമെ ചെലവാക്കാവൂ എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കും. തൊഴിലാളികളെ എങ്ങനെ നോക്കിക്കാണണം എന്നതിന് അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് തൊഴിലാളികള്‍ ചിലപ്പോള്‍ നിരാശപ്പെട്ട് നേതൃത്വത്തെ കുറ്റപ്പെടുത്തുകയും കാലുമാറുകയും വഞ്ചിക്കപ്പെടുകയും ചെയ്തെന്നുവരാം. എന്നാലും നേതാക്കളവരെ വെറുക്കുകയൊ പകവീട്ടുകയോ ചെയ്യരുത്. ഒരമ്മയുടെ മനോഭാവമായിരിക്കണം നേതാവിന്. കുറ്റം കണ്ടാല്‍ ശാസിക്കാം, ഭീഷണിപ്പെടുത്താം ചെറിയതോതിലുള്ള ശിക്ഷകളുമാകാം. അതിനപ്പുറം പാടില്ല അതാണമ്മ.
ഈ ഉപദേശം നല്‍കിയത് കോഴിക്കോട്ടെ പ്രസിദ്ധമായ ഒരു പവര്‍ ബേക്കറിയിലെ തൊഴിലാളി സമരത്തിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തില്‍ ഞാനടക്കം ഏതാനും തൊഴിലാളികള്ക്കെതിരെയുണ്ടായ കേസില്‍ മറ്റുള്ളവര്‍ കാലുമാറി ഞാന്മാത്രം ശിക്ഷിക്കപ്പെട്ട് നിരാശനായപ്പോഴാണ്. ബാക്കിയുള്ള തൊഴിലാളികളോട് ക്രൂദ്ധനായി സംസാരിച്ചപ്പോഴാണ് – മാത്രമല്ല ഇത് അദ്ദേഹത്തിന്റെ ഗുരുവായ ദത്തോപാന്ത് ഠേംഗ്ഡി അദ്ദേഹത്തിന് നല്കിയ ഉപദേശമാണ് എന്നുംകൂടി പറയുകയുണ്ടായി-ഇത്തരം ഒരു നേതാവിന് കൊട്ടാരവും കുടിലും തമ്മിലെന്ത് വ്യത്യാസം.
കെ. ഗംഗാധരന്
ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: