ന്യൂദല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത്. ബാംഗ്ലൂര്‍ ഐഐഎസ്സി ഏറ്റവും മികച്ച സര്‍വകലാശാല ആയപ്പോള്‍, ജെഎന്‍യു രണ്ടാം സ്ഥാനത്തും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്തുമെത്തി.
റാങ്കിങ്ങില്‍ ഓവറോള്‍ ലിസ്റ്റില്‍ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം. മെഡിക്കല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍, ദന്തല്‍ റാങ്കിങ്ങില്‍ 13, ഫാര്‍മസിയില്‍ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനവും സര്‍വകലാശാലയ്ക്ക് ലഭിച്ചു.
ക്യു എസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള പതിമൂന്ന് സര്‍വകലാശാലകളുടെ പട്ടികയിലും അമൃത ഇടംനേടിയിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍ ഐഐഎസ് സി, ഡല്‍ഹി യൂണിവേഴ്സിറ്റി, അണ്ണാ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയും ഈ പട്ടികയിലുണ്ട്.
മികച്ച ബിസിനസ് സ്കൂളായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐഎം അഹമ്മദബാദിനെയാണ്. ഐഐഎം ബാംഗ്ലൂര്‍, കല്‍ക്കത്ത എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കോളജ് മിരാന്റ കോളജ് ആണ്. ലേഡി ശ്രീറാം കോളജ് ഫോര്‍ വുമണ്‍, സെന്റ് സ്റ്റീഫന്‍സ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഏറ്റവും മികച്ച മൂന്ന് എഞ്ചിനിയറിങ്ങ് കോളജുകള്‍ ഐഐടി മദ്രാസ്, ഐഐടി ദല്‍ഹി, ഐഐടി മുംബൈ എന്നിവയാണ്. ദല്‍ഹിയിലെ ജാമിയ ഹംദാര്‍ദ് കോളജാണ് മികച്ച ഫാര്‍മസി കോളജ്. പഞ്ചാബ് യൂണിവേഴ്സിറ്റി രണ്ടാംസ്ഥാനത്തും മെഹാലിയിലെ ദി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് മൂന്നാം സ്ഥാനത്തുമുണ്ട്.
ദല്‍ഹി എഐഐഎംഎസ് ആണ് മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചണ്ടീഗഡ് പിജിഐ, വെല്ലൂര്‍ സിഎംസി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: