കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കലിലെ കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളജിനെതിരെ നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെയ്ക്കേണ്ടതാണ്. അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനാല്‍, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞരളക്കാട്ടിനെതിരെ നടപടി സ്വീകരിക്കും. പരീക്ഷ ചീഫ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും പ്രിന്‍സിപ്പലിനെ മാറ്റും. അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നും വിസി പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ വിശദീകരണം എഴുതിവാങ്ങിയില്ല. റിപ്പോര്‍ട്ട് കിട്ടിയശേഷം വിശദമായ നടപടി സ്വീകരിക്കും. ഇടക്കാല റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചുവെന്നും വി.സി വ്യക്തമാക്കി.
അഞ്ജു കോപ്പിയടിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ അടുത്തിരുന്ന കുട്ടികളുടെ വിശദീകരണം തേടും. പരീക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കോളേജിന് വീഴ്ച വന്നു. കോളേജുകളില്‍ പ്രത്യേക കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: