തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 78 കോടി രൂപ ചെലവഴിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ച സ്വദേശി ദര്ശന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ പണവും നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെങ്കിലും പഴി മൊത്തം കേന്ദ്ര സര്‍ക്കാരിലേക്ക് ചാരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും സംസ്ഥാന ടൂറിസം വകുപ്പാണ് പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ശരിയായ മേല്‍നോട്ടം ഇല്ലാത്തതാണ് പണി വൈകാന്‍ കാരണം. പണി പൂര്‍ത്തിയായതിന്റെ പല ബില്ലുകളും പാസാക്കിയിട്ടുമില്ല. ഇത് കരാര്‍ എടുത്തവരെ വലച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പണം മുഴുവന്‍ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് കേന്ദ്രം ഇനിയും പണം നല്‍കാനുണ്ടെന്നാണ്.
കഴിഞ്ഞ വര്‍ഷം ജനുവരി 15 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വദേശി ദര്ശന് പദ്ധതി ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള പണികള്‍ കൂടി പൂര്‍ത്തിയാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും അന്നത്തെ വാഗ്ദാനമാണ് ഇപ്പോഴും നടപ്പാകാത്തത്. സ്വദേശി ദര്ശന് പദ്ധതിയിലുള്‍പ്പെട്ട ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ റോഡിലെ നവീകരണമാണ് പൂര്‍ത്തിയാകാത്ത പണികളിലെ പ്രധാനം.
റോഡിന്റെ നിര്‍മാണത്തിനെടുത്ത കുഴികളും മണ്ണും കാരണം കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥയാണ്. പല കാരണങ്ങളാല്‍ നിര്‍മാണജോലികള്‍ ഇടയ്ക്ക് തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. ക്ഷേത്രത്തിനു ചുറ്റും റോഡ്, ഓടകള്‍ എന്നിവയുടെ നിര്‍മാണം, സൗന്ദര്യവല്‍ക്കരണം എന്നിവയാണ് സ്വദേശി ദര്ശന് പദ്ധതിയിലുള്ളത്. ഇതിനൊപ്പം വൈദ്യുതി, ടെലിഫോണ്‍ കേബിളുകള്‍ ഭൂമിക്കടിയിലേക്കു മാറ്റുന്ന ജോലിയും ഉള്‍പ്പെടും. മറ്റ് നടകളിലെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ടമായ പടിഞ്ഞാറെനട മുതല്‍ വെട്ടിമുറിച്ച കോട്ടയ്ക്കു സമീപം വരെയുള്ള റോഡിന്റെ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടുങ്ങിയ റോഡാണിവിടെ. കുഴിച്ച മണ്ണ് മുഴുവന്‍ റോഡിലുണ്ട്. 300 ലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ റോഡ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ട് മാസങ്ങളായി.
മാര്‍ച്ച് 31നകം പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അപ്പോഴും പണികള്‍ പൂര്‍ത്തിയാക്കാനാവില്ല. ബാക്കി പണികള്‍ ഡിസംബറിനകത്തെങ്കിലും പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.
സുരക്ഷാ പരിശോധന: പ്രദേശവാസികള്‍ ദുരിതത്തില്‍
ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രത്യേക സുരക്ഷാമേഖലയായ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സമീപത്ത് താമസിക്കുന്നവര്‍ പോലും ദുരിതത്തില്‍.
വര്‍ഷങ്ങളായി ഇവിടെ കര്‍ശനസുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഇതുവരി കാല്‍നടയായി പോകുന്നതിനോ വാഹനത്തില്‍ പോകുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ പ്രവേശനം താല്‍ക്കാലികമായി വിലക്കിയതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളില്‍ കൂടിയുമുള്ള പ്രവേശനം സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിലക്കി. ഇപ്പോള്‍ കാല്‍നടയാത്ര പോലും അനുവദിക്കുന്നില്ല. പ്രദേശത്ത് താമസിക്കുന്നവര്‍ രാത്രികാലങ്ങളില്‍ എത്തിയാല്‍പോലും ഇവരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ പോലും പോലീസ് യാത്ര അനുവദിക്കുന്നില്ല. പടിഞ്ഞാറെനടയില്‍ സ്ഥിതി ചെയ്യുന്ന പോലീസ് കണ്ട്രോള് ഓഫീസില്‍ നിന്നും അനുവാദം വാങ്ങിയാലേ കടത്തിവിടൂ എന്നാണ് സുരക്ഷാ ചുമതലയിലുള്ളവര്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഈ തീരുമാനം പ്രദേശത്ത് താമസിക്കുന്നവരെ ആകെ വലച്ചിരിക്കുകയാണ്. 200 ഓളം പോലീസുകാരാണ് ക്ഷേത്രത്തിന് ഉള്ളിലും പുറത്തുമായി ഷിഫ്റ്റടിസ്ഥാനത്തില് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പുറമേ 48 കമാന്‍ഡോകളും ജോലി നോക്കുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: