ന്യൂദല്‍ഹി : ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. രാജ്യത്തിന് സ്വയം പര്യാപ്തത നേടാനുള്ള അവസരമാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഫഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാര്‍ഷിക യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസ് നമുക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നതാണ്. ഒരു വശത്ത് മഹാമാരിയും മറ്റൊരുവശത്തായി ചുഴലിക്കാറ്റും വെട്ടുകിളി ആക്രമണവും പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. ഇപ്പോള്‍ നമ്മള് നടത്തുന്ന പോരാട്ടങ്ങല്‍ വരാനിരിക്കുന്ന ദിവസങ്ങളെയാണ് തീരുമാനിക്കുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലുതാണ്. നമ്മള് ഇതിനെ നേരിടും. കഠിനമായ കാലഘട്ടങ്ങളിലൂടെ നമ്മള് ഇതിന് മുമ്പും കടന്ന് പോയിട്ടുണ്ട്.
തോല്‍വി സമ്മതിച്ചാല്‍ ഒരിക്കലും പ്രശ്നങ്ങള്‍ തീരില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളെ നോക്കുമ്പോള്‍ യുവത്വവും, ആത്മവിശ്വാസവും പ്രതീക്ഷയുമാണ് താന്‍ കാണുന്നത്. ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് ഈ കാലത്തെ അതിജീവിക്കാനുള്ള വഴി. നിര്‍മാണ മേഖലയില്‍ രാജ്യം സ്വയം പര്യാപ്തത നേടേണ്ടത് അത്യാവശ്യമാണ്. കോവിഡ് കാലം ഇതിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.
സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനായി ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു വരികയാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്കുന്നു.
കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭ്യമാക്കി. എന്ത് വില്‍ക്കണമെന്നും ഏത് വിലയ്ക്ക് വില്‍ക്കണമെന്നും ഇപ്പോള്‍ കര്‍ഷകര്‍ക്ക് തീരുമാനിക്കാം. ഉത്പ്പന്നങ്ങള്‍ക്ക് അവരുടെ അധ്വാനത്തിന് അനുസരിച്ച് വില ലഭിക്കും.
സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യം. വ്യവസായ വാണിജ്യ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നിക്ഷേപ രംഗത്ത് കൂടുതല്‍ ശക്തി പകരാനുള്ള നടപടികള്‍ വേണം. പരമ്പരാഗത കാഴ്ച്ചപാടുകള്‍ മാറ്റേണ്ടതുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ ശീലമാക്കണം. ഒരുമിച്ച് മുന്നോട്ട് പോകണമെന്നും ധീരമായ തീരുമാനങ്ങള്‍ക്ക് സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: