കോഴിക്കോട്: പൂനൂര് പുഴ ശുചീകരണ പദ്ധതിയുടെ മറവില്‍ വന്‍ തോതില്‍ മണല്‍, മരം കൊള്ളയും അഴിമതിയും നടക്കുന്നതായി യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. പഞ്ചായത്ത് 2020-21 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎന് ആര്‍ഇജിഎസ്)യില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ചു വാര്‍ഡുകളിലൂടെ ഒഴുകുന്ന പുഴ ശുചീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.
എന്നാല്‍ പദ്ധതിയില്‍ നിന്നും യുഡിഎഫ് മെമ്പറുടെ വാര്‍ഡായ 14നെ മാത്രം ഒഴിവാക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. പുഴയില്‍ നിന്നും മണല്‍, മരങ്ങള്‍ തുടങ്ങിയവ ഭരണകക്ഷിയായ എല്‍ഡിഎഫിന്റെ സ്വാധീനത്തില്‍ കടത്തിക്കൊണ്ടു പോവുകയാണ്. ഇതിനായി ഒരു ലോബിതന്നെ പ്രവൃത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. 39 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് ആരോപിക്കുന്നത്.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന അഴിമതിക്കെതിരെ യുഡിഎഫ് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനില്‍ ജോര്‍ജ്, മുഹമ്മദ് മോയത്ത്, പ്രേംജി ജെയിംസ്, ഹാരിസ് അമ്പായത്തോട്, മുഹമ്മദ് ഷാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: