കോട്ടയം: ഹാള്‍ ടിക്കറ്റിന് പിന്നിലായി ഉത്തരം എഴുതിയത് കണ്ടെത്തിയിട്ടും അഞ്ജുവിനെ പരീക്ഷാ ഹാളില്‍ ഇരുത്തി കോളേജ് അധികൃതര്‍ മാനസികമായി തളര്‍ത്തിയതായി കണ്ടെത്തല്‍. സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജിനെതിരെ എംജി സര്‍വ്വകലാശാല പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
കോപ്പിയടിക്കാന്‍ ശ്രമിച്ചതായി ആരോപിക്കുന്ന അധികൃതര്‍ ഇത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍. പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ ക്ലാസില്‍ ഇരുത്താന്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടം. എന്നാല്‍ ബിവിഎം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നും അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതി ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് ഇന്ന് നല്‍കും. ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കര്‍, പ്രൊഫസര്‍ വി.എസ്. പ്രവീണ്‍കുമാര്‍ എന്നിവരാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്‍.
അന്വേഷണസംഘം ബുധനാഴ്ച രാവിലെ കോളേജലെത്തി വിവരം ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്റേതാണോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പോലീസ് ശേഖരിച്ചു.
നോട്ട്ബുക്കും ഹാള്‍ടിക്കറ്റും തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഇതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരും. അതേസമയം അഞ്ജു ഷാജി ചാടിയെന്ന് സംശയിക്കുന്ന ചേര്‍പ്പുങ്കല്‍ പാലത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: