ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ എന്നതൊരു തന്ത്രമല്ല. ഭ്രാന്തന്റെ പിറുപിറുക്കലുമല്ല. ഇതൊരു കൊച്ചു ദ്വീപിന്റെ യഥാര്‍ത്ഥ പേരാണ്. നീലക്കടലിനും കരിമേഘങ്ങള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ദ്വീപ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബ്രസീലില്‍നിന്ന് കഷ്ടിച്ച് 25 മൈല്‍ അകലെയാണ് ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ. അതി സുന്ദരമായ ദ്വീപ്. പക്ഷേ അറിയാതെ ചെന്നു കയറുന്നവര്‍ ഒരിക്കലും മടങ്ങിവരാറില്ലെന്നു മാത്രം. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളാണ് ദ്വീപിലെങ്ങും. ഒരു ചതുരശ്ര കിലോമീറ്ററില്‍ അഞ്ച് വിഷസര്‍പ്പങ്ങള്‍ വരെ.
ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ അറിയപ്പെടുന്നത് ‘സ്‌നേക് ഐലന്റ്’ അഥവാ സര്‍പ്പദീപ് എന്നാണ്. ലോകത്തിലെ ഏറ്റവും മാരകമായ ദ്വീപ് എന്ന വിശേഷണവുമുണ്ട്. അണലി വര്‍ഗത്തില്‍പ്പെടുന്ന ‘ഗോള്‍ഡന്‍ ലാന്‍സ് ഹെഡ് വൈപ്പര്‍’ ആണ് ദ്വീപിലെ രാജാക്കന്മാര്‍. സ്വര്‍ണവര്‍ണത്തില്‍ ആരെയും ആകര്‍ഷിക്കുന്ന വിഷകന്യകമാര്‍. ‘ബോത്‌റോപ്‌സ് ഇന്‍സുലാരിസ്’ വര്‍ഗക്കാര്‍. ഭൂഗോളത്തില്‍ ഈ കൊച്ചുദ്വീപില്‍ മാത്രമാണത്രെ ഈ സ്വര്‍ണ അണലിയെ കാണുക. അമേരിക്കന്‍ വന്‍കരയില്‍ കാണുന്ന ലാന്‍സ് ഹെഡ് വൈപ്പറിന്റെ ബന്ധുക്കളാണിവര്‍. പക്ഷേ വിഷവീര്യം അവയെക്കാള്‍ അഞ്ചിരട്ടിയുണ്ടെന്നു മാത്രം.
ബ്രസീലിലെ സാവോപൗളയില്‍ നിന്ന് 93 മൈല്‍ അകലെയാണ് ഈ സര്‍പ്പദ്വീപ്. ആകെ വലിപ്പം 110 ഏക്കര്‍. അവിടെ 5000 പാമ്പുകള്‍ വരെ കാണുമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. മണ്ണിലും മരത്തിലും കുറ്റിക്കാടുകളിലുമൊക്കെ കെട്ടിപ്പിണഞ്ഞ് കിടക്കുകയാണവ. ഇവയുടെ വിഷം അത്യന്തം മാരകമായതിനാല്‍ ദ്വീപിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. വല്ലപ്പോഴുമെത്തുന്ന ശാസ്ത്രജ്ഞരും ഗവേഷകരും നാവികസേനയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. ഗവേഷകര്‍ക്കൊപ്പം ചികിത്സാ വിദഗ്‌ദ്ധരായ ഡോക്ടര്‍മാരും പ്രതിവിഷം നിറച്ച പ്രതിരോധ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
പണ്ട് പണ്ട് അമേരിക്കന്‍ വന്‍കരയുടെ ഭാഗമായിരുന്നത്രേ ഈ ദ്വീപ്. അപ്പോഴത്തെ ബ്രസീലിനോട് ചേര്‍ന്ന ഭൂവിഭാഗം. പക്ഷേ ആയിരത്താണ്ടുകള്‍ക്കു മുന്‍പ് പ്രകൃതിയുടെ വികൃതിപോലെ കടല്‍നിരപ്പ് ഉയര്‍ന്നുവെന്നും, അപ്പോള്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതാണെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നു. അന്ന് വേര്‍പെട്ടു പോയതാണത്രെ നയനമനോഹരമായ ഈ പച്ചപ്പും മാരക വിഷം ചീറ്റുന്ന പാമ്പുകളും. പരിണാമത്തിനു വിധേയരായ പാമ്പുവര്‍ഗത്തിന്റെ നിറം മാറി; വിഷം കൂടി. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടല്‍ക്കൊള്ളക്കാരുടെ ആവാസകേന്ദ്രമായിരുന്നു ഈ ദ്വീപെന്നു കരുതുന്നവരും കുറവല്ല. അവിടെ തങ്ങള്‍ സൂക്ഷിക്കുന്ന കൊള്ള മുതലുകള്‍ ആരും തട്ടിയെടുക്കാതിരിക്കുന്നതിന് കൊള്ളക്കാര്‍ കൊണ്ടുവന്ന് വളര്‍ത്തിയതാണത്രെ ഈ മാരക സര്‍പ്പങ്ങള്‍. സത്യം എന്തായിരുന്നാലും സാവോപൗളോ പ്രവിശ്യയുടെ ഭാഗമായ ഇവിടം ജനങ്ങളുടെ പേടിസ്വപ്നമായി തുടരുന്നു.
ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാമ്പുകളുടെ സ്ഥിരം ഭക്ഷണമായ എലിയും അണ്ണാനും മുയലുമൊന്നും കണികാണാന്‍പോലും ഇവിടെയില്ല. ഫലം പാമ്പുകള്‍ സ്വയം അതിജീവനത്തിനൊരുങ്ങി. സ്വര്‍ണ അണലികളുടെ വാസം മരങ്ങളിലായി. കുറ്റിക്കാടുകളിലും കാട്ടുവള്ളികളിലും പതുങ്ങിക്കഴിയുന്ന അവയുടെ ആഹാരം ദേശാടനപക്ഷികളാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഏതോ തീരഭൂമികളില്‍നിന്ന് കാതങ്ങള്‍ താണ്ടി പറക്കുന്നതിനിടെ വിശ്രമിക്കാനിറങ്ങുന്ന ദേശാടനക്കിളികളാണ് സ്വര്‍ണ അണലികളുടെ ആഹാരം.
സര്‍പ്പദ്വീപിലെ ഏക കെട്ടിടം ഒരു വിളക്കുമര(ലൈറ്റ് ഹൗസ്)മാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിളക്കുമരം. 1909ലാണ് വിളക്കുമരം സ്ഥാപിച്ചത്. പക്ഷേ അധികം വൈകും മുന്‍പേ ലൈറ്റ് ഹൗസ് കാവല്‍ക്കാരനെയും കുടുംബത്തെയും അണലിക്കൂട്ടം കടിച്ചുകൊന്നു. തുടര്‍ന്ന് അനാഥമായ ലൈറ്റ് ഹൗസ് യന്ത്രവല്‍ക്കരിച്ചു. നാവികേസനയ്‌ക്കാണ് ഈ വിളക്ക് മരത്തിന്റെ ചുമതല. വര്‍ഷത്തിലൊരിക്കല്‍ സര്‍വസന്നാഹങ്ങളുമായി ദ്വീപിലെത്തുന്ന നാവികസേനാംഗങ്ങള്‍ വിളക്ക് മരത്തിനുള്ളില്‍ കടന്ന് പാമ്പുകളെ തുരത്തി പുതിയ ബാറ്ററികള്‍ സ്ഥാപിക്കും. സോളാര്‍ പാനലുകള്‍ വൃത്തിയാക്കും. ബള്‍ബുകള്‍ മാറിയിടും. ഡോക്ടര്‍മാരും പ്രതിവിഷ വിദഗ്‌ദ്ധരും ആയുധങ്ങളും പാമ്പിനെ അകറ്റാനുള്ള സുരക്ഷാ ഉപകരണങ്ങളും അവര്‍ക്കൊപ്പമുണ്ടാവും. പണി തീര്‍ന്നാലുടന്‍ അവര്‍ സ്ഥലം വിടുകയും ചെയ്യും.
സ്വര്‍ണ അണലിയുടെ വിഷം അമൂല്യമാണെന്ന് മരുന്നു നിര്‍മാണ കമ്പനികളും ജീവശാസ്ത്രജ്ഞരും ഒരേ സ്വരത്തില്‍ പറയുന്നു. അത് തലച്ചോറിനെയും (ന്യൂറോ ടോക്‌സിന്‍) രക്തചംക്രമണത്തെയും (ഹേമോടോക്‌സിന്‍) മാംസപേശികളെയും (ബോട്ടുലിനം ടോക്‌സിന്‍) കോശകലകളെയും (സൈറ്റോ ടോക്‌സിന്‍) മാരകമായി ബാധിക്കുന്ന വിഷമാണ്. അത് വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാക്കും. തലച്ചോറില്‍ രക്തസ്രാവം ഉണ്ടാക്കും. ഈ പശ്ചാത്തലത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള അപൂര്‍വ മരുന്നുകള്‍ ഈ അണലിവിഷത്തില്‍ നിന്ന് രൂപപ്പെടുത്താമെന്ന് മരുന്നു ഗവേഷകര്‍ കരുതുന്നു. ഹൃദയരോഗങ്ങള്‍ അകറ്റാനും രക്തം കട്ടപിടിക്കുന്നത് തടയാനും ക്യാന്‍സര്‍ കോശങ്ങളെ തകര്‍ക്കാനുമുള്ള മരുന്നുകള്‍ ഇതില്‍നിന്ന് രൂപപ്പെടുത്താനാവുമത്രെ. അതുകൊണ്ടുതന്നെ ഒരു ഗ്രാം വിഷത്തിന് ഒരു ഗ്രാം സ്വര്‍ണത്തേക്കാളേറെയാണ് വിപണി വില. പരീക്ഷണ ശാലകളില്‍ കൃത്രിമ സാഹചര്യം സൃഷ്ടിച്ച് ഈ പാമ്പുകളുടെ വംശവര്‍ധന വരുത്താനും ശ്രമങ്ങള്‍ നടക്കുന്നു.
ഗവേഷണം മുടങ്ങാതിരിക്കാന്‍ ലബോറട്ടറികള്‍ക്ക് നിരവധി ഗോള്‍ഡന്‍ ലാന്‍സ് ഹെഡ് വൈപ്പറുകളെ വേണം. പക്ഷേ അവ കടുത്ത വംശനാശത്തെ അഭിമുഖീകരിക്കുന്ന വര്‍ഗമാണ്. റെഡ് ഡേറ്റാ ബുക്കില്‍ പേരുള്ളതാണ്. സര്‍പ്പദ്വീപില്‍ മാത്രമാണവയെ കിട്ടുക. അതുകൊണ്ടുതന്നെ ജൈവ കള്ളക്കടത്തുകാര്‍ (ബയോ പൈറേറ്റ്‌സ്) ജീവന്‍ പണയപ്പെടുത്തി ഇന്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെയിലെത്തുന്നുണ്ടത്രെ. കെണിവച്ച് അവര്‍ പാമ്പുകളെ പിടികൂടുന്നുമുണ്ടത്രെ. കാരണം രഹസ്യ വിപണിയില്‍ ഒരു സ്വര്‍ണ അണലിക്ക് 30000 ഡോളര്‍ വരെ വില നല്‍കാന്‍ മരുന്നു കമ്പനികള്‍ തയ്യാര്‍. ഈ കൊള്ള നിയന്ത്രിക്കാത്ത പക്ഷം ഗോള്‍ഡന്‍ ലാന്‍സ് ഹെഡ് വൈപ്പറുകള്‍ക്ക് വംശനാശം തന്നെ സംഭവിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: