ബെംഗളൂരു: സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള കേന്ദ്രനേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥികളായി ഏറണ്ണ കഡാടിയെയും അശോക് ഗാസ്തിയെയും സ്ഥാനാര്‍ഥികളാക്കുന്നതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം താനുമായി ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ ഉന്നതാധികാര സമിതി കുറച്ചു പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍, അന്തിമമായി ദേശീയ നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കര്‍ണാടകയില്‍ മാത്രമല്ല. മറ്റു സംസ്ഥാനങ്ങളിലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള കേന്ദ്രത്തിന്റെ സമ്മാനാണ് ഈ സ്ഥാനാര്‍ഥിത്വം.
രാജ്യസഭയില്‍ കഡാടിയും ഗാസ്തിയും മിക്ക പ്രകടനം നടത്തും. അശോക് ഗസ്തിയും ഏറണ്ണ കഡാടിയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ഉപമുഖ്യമന്ത്രി ലക്ഷ്മന്‍ സവാദി, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ടൂറിസം മന്ത്രി സി.ടി. രവി, ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
ബെളഗാവി സ്വദേശിയാണ് ഏറണ്ണ കഡാടി. റെയ്ചൂര്‍ സ്വദേശിയാണ് അശോക് ഗാസ്തി. 55 വയസ്സുള്ള ഇരുവരും ആര്‍എസ്എസ്സിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ഏറണ്ണ കഡാടി 1989 മുതല്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്.
ബിജെപി ഗോഖക് യൂണിറ്റിന്റെയും ബെളഗാവി റൂറല്‍ യൂണിറ്റിന്റെയും പ്രസിഡന്റായിരുന്നു. 1994-ല്‍ അരഭാവിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2010ല്‍ ബെളഗാവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
അഭിഭാഷകനാണ് അശോക് ഗാസ്തി. ബിജെപി ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ബിജെപി ബെള്ളാരി, റെയ്ച്ചൂര്‍ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: