അഞ്ചാലുംമൂട്: പച്ച പുതയ്ക്കുകയാണ് പനയത്തമ്മയുടെ അങ്കണം. കാവും കുളവും സംരക്ഷിക്കാനുള്ള ആഹ്വാനമേറ്റെടുത്ത് സൃഷ്ടിച്ച നക്ഷത്രവനവും അപൂര്‍വ വൃക്ഷങ്ങളും കാവ് സംരക്ഷണവും ഗോശാലയുമൊക്കെയായി ഗ്രാമക്ഷേത്രത്തിന്റെ പവിത്രതയുണ്ട് അന്തരീക്ഷത്തിന്.
തൊഴുകൈകളുമായി ദേവിയെ ഭജിക്കാന്‍ എത്തുന്ന ഭക്തര്‍ക്കുമുന്നില്‍ പ്രകൃതിയെ നോവിക്കാതെ എങ്ങനെ ജീവിക്കാം എന്ന സന്ദേശം നല്‍കുകയാണ് ഇവിടം. പ്രകൃതിയെയും ഭൂമിയെയും മണ്ണിനെയും പഴയ പ്രതാപത്തിലേക്ക് മാറ്റാനുള്ള പരിശ്രമം കൂടിയാണ് ഇവിടെ നടക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി നട്ട വൃക്ഷത്തൈകളെല്ലാം ഇന്ന് നാടിന് ശുദ്ധവായു നല്കി വളര്‍ന്ന് പന്തലിച്ചു. കാഞ്ഞിരം, നെല്ലി, അത്തി, കരിങ്ങാലി, കരിമരം, മുള, നാഗവൃക്ഷം, പേരാല്‍, ചമത, ഇത്തി, അമ്പം, കൂവളം, നീര്‍മരുത്, വയങ്കത, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈന്‍, വഞ്ചി, പ്ലാവ്, എരിക്ക്, വഹ്നി, കടമ്പ്, മാവ്, കരിമ്പന, ഇലിപ്പ് ഇങ്ങനെ നീളുന്നു ഇവിടുത്തെ വൃക്ഷങ്ങളുടെ നീï നിര. ഇതിന്റെ കായ്കളും, ഇലകളുമൊക്കെ മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. ഇവ വാങ്ങാനായി സ്വകാര്യവ്യക്തികളും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ധാരാളം പേര് ഇവിടെ എത്താറുണ്ട്. ഔഷധ സസ്യങ്ങളാണ് ഇവയില്‍ കൂടുതലും.
ക്ഷേത്രത്തില്‍ മൂന്നുകുളങ്ങള് സംരക്ഷിച്ച് പോകുന്നു. കാവുകള്‍ക്കും വശ്യമായൊരു മണമുണ്ട്. അതില്‍ വിലയിച്ചുനിന്നാല്‍ ആയുസും ആരോഗ്യവും വര്‍ധിക്കും. ദുഷിച്ച അന്തരീക്ഷത്തെയും ശുദ്ധീകരിക്കാന്‍ കെല്പുള്ള വൃക്ഷങ്ങള്‍ കാവുകളിലുണ്ട്… ആല്‍മരവും കാഞ്ഞിരവും വേപ്പുമൊക്കെ അതില്‍ പ്രധാനപ്പെട്ടവയാണ്. ഈ കാവുകളില്‍ ധാരാളം പക്ഷികളുണ്ട്, പൊന്മാന്, മൈന, മൂങ്ങ, ഉപ്പന്‍, കാക്ക, തത്ത, പരുന്ത്, കുയില്‍, പഞ്ചവര്‍ണക്കിളികള്‍….
കാവിനോട് ചേര്‍ന്ന് കുഴിച്ച കുളമാണ് മറ്റൊരു പ്രത്യേകത. കുളത്തിലെ ജലം കുളിക്കാനും കുടിക്കാനും മാത്രമല്ല ഉപയോഗിക്കുന്നത്. കാര്‍ഷിക സമൃദ്ധിക്കും കൂടി പ്രയോജനം ചെയ്യുന്ന രീതിയിലാണ് നിര്‍മാണം. കുളത്തിലെ നീരുറവ ഒഴുകിച്ചെല്ലുന്നത് വയലുകളിലേക്കാണ്.
ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗോശാലയില്‍ 15 ഓളം കന്നുകാലികളുണ്ട്. നാടന്‍ ഇനത്തിലുള്ള പശുക്കളാണ് ഇതില്‍ കൂടുതലും ഗോശാല വിപുലീകരിച്ച് ഈ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ശുദ്ധമായ പാല് വിതരണമാണ് ക്ഷേത്ര കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.കെ. ചന്ദ്രബാബു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: