തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന ഭരണ പ്രതിസന്ധിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. എംഎല്‍എ, എംപിമാര്‍ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ ഉടന്‍ അനുവദിക്കുക, 2019-20 സാമ്പത്തിക വര്‍ഷത്തിലെ മുടങ്ങിക്കിടക്കുന്ന മരാമത്ത് പണികള്‍ ഉടന്‍ പുനരാരംംഭിക്കുക, വ്യക്തിഗത ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ. ജെ.ആര്. പത്മകുമാര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സിപിഎം ഭരിക്കുന്ന നഗരസഭയില്‍ തഴംതാഴ്ന്ന രാഷ്ട്രീയ കളികളാണ് നടക്കുന്നതെന്ന് ജെ.ആര്. പത്മകുമാര്‍ ആരോപിച്ചു. ബിജെപി ഭരിക്കുന്ന വാര്‍ഡുകളില്‍ പദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നതില്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയപരമായ ഇടപെടലുകളാണ് നടത്തുന്നത്. ഇതിനെതിരെ വരുംദിവസങ്ങളില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നഗരസഭയ്ക്ക് മുന്നില്‍ നടക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം നാലര വര്‍ഷം കഴിയുമ്പോള്‍ പൂര്‍ണ പരാജയമാണെന്ന് എം.ആര്. ഗോപന് പറഞ്ഞു. എല്‍ഇഡി നഗരം എന്നു പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് പലയിടത്തും ചെലവഴിച്ചത്. എന്നാല്‍ ഒരിടത്തും പദ്ധതി നടപ്പായില്ലെന്നും എം.ആര്. ഗോപന് ആരോപിച്ചു. മഴക്കാല പൂര്‍വ ശുചീകരണം നഗരത്തിലാകെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ സെല്‍ കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ തിരുമല അനില്‍ ആരോപിച്ചു. പ്രതിഷേധ ധര്‍ണയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരം മുഴുവന്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ പല പ്രധാന പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും തിരുമല അനില്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പണം പോലും നഗരസഭ വകമാറ്റുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ കരമന അജിത്ത് ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ് നഗരസഭയില്‍ നടക്കുന്നതെന്നു കരമന അജിത്ത് പറഞ്ഞു. കൗണ്‍സിലര്‍മാരായ വി.ജി. ഗിരികുമാര്‍ സ്വാഗതവും വി.ഗിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: