തൊടുപുഴ: കാര്‍ഡുടമയ്ക്ക് സാധനങ്ങള്‍ നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കട സസ്പെന്‍ഡ് ചെയ്തു. വണ്ണപ്പുറം എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന എആര്‍ഡി 157-ാം നമ്പര്‍ റേഷന്‍കടയാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്.
ബിപിഎല്‍ കാര്‍ഡുടമയായ ഉപഭോക്താവിന് നല്കിയ അരിയില്‍ കുറവു വരുത്തുകയും ഗോതമ്പ് ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച കടയില്‍ റേഷന്‍ വാങ്ങാനെത്തിയ കാര്‍ഡ് ഉടമയായ പള്ളിപ്പറമ്പില്‍ അനിലിനു ബില്ലില്‍ രേഖപ്പെടുത്തി നല്‍കിയത് 26 കിലോ അരിയായിരുന്നു. എന്നാല്‍ പിന്നീട് തൂക്കി നോക്കിയപ്പോള്‍ 24 കിലോ അരി മാത്രമേ ഉണ്ടായിരുന്നുള്ളു. കൂടാതെ മറ്റു സാധനങ്ങള്‍ നല്‍കിയതിലും കുറവു കണ്ടെത്തി. ഇതോടെ കാര്‍ഡ് ഉടമയും നാട്ടുകാരും റേഷന്‍ കടയില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കാളിയാര്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തുടര്‍ന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. വില്‍ഫ്രഡിന്റെ നേതൃത്വത്തിലുള്ള സംഘം കടയില്‍ പരിശോധന നടത്തിയതോടെ ക്രമക്കേടു നടന്നതായി കണ്ടെത്തി. പരാതിക്കാരനായ കാര്‍ഡുടമയ്ക്കു പുറമെ മറ്റു മൂന്നു പേര് കൂടി ലൈസന്‍സിക്കെതിരെ മൊഴി നല്കി.
ഇന്നലെ അധികൃതര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങളുടെ സ്റ്റോക്കിലും വ്യത്യാസം കണ്ടെത്തി. ഇവിടെയുള്ള കാര്‍ഡുടമകള്‍ക്ക് അടുത്തു തന്നെയുള്ള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ മൂന്നാര്‍, അടിമാലി, കാഞ്ഞാര്‍ അടക്കം നിരവധി റേഷന്‍ കടകളില്‍ മുമ്പ് തട്ടിപ്പ് കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ പോലും റേഷന്‍ കടകളില്‍ തട്ടിപ്പ് നടക്കുന്നതിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: