തൊടുപുഴ: ഇടവെട്ടി മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. ദിവസവും പകല്‍ സമയങ്ങളില്‍ മാത്രം 2-3 മണിക്കൂര്‍ വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഇതിനൊപ്പം ദിവസവും ചുരുങ്ങിയത് 10 തവണയെങ്കിലും കറണ്ട് പോവുകയും വരികയും ചെയ്യുന്നതായും പ്രദേശവാസികള്‍ പരാതി പറയുന്നു. തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഇടവെട്ടിച്ചിറ ട്രാന്‍സ്ഫോര്‍മറിന്റെ കീഴിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരിടത്ത് തന്നെ ഇവിടെ രണ്ട് തവണ ലൈന്‍ കമ്പി റോഡിലേക്ക് പൊട്ടി വീണു. മരവെട്ടിച്ചുവട് പാലത്തിന് സമീപത്താണ് ലൈന്‍ കമ്പി പൊട്ടിയത്. ഇന്നലെ വൈകിട്ട് ലൈന്‍ പൊട്ടിയപ്പോള്‍ ഇതുവഴി നിരവധി യാത്രാക്കാരെത്തിയിരുന്നു.
വൈദ്യുതി ഓഫ് ആക്കുന്നത് വരെ ഇവര്‍ക്ക് മറുകരയില്‍ നില്‍ക്കേണ്ടി വന്നു. പഴകിയ ലൈന്‍ മാറ്റി ഇവിടെ പുതിയ ലൈന്‍ വലിച്ച് പതിവായി ലൈന്‍ പൊട്ടുന്നത് പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലൈനുകള്‍ പൊട്ടി വീഴുമ്പോള്‍ അപകടങ്ങള്‍ ഒഴുവാകുന്നത് തലനാരിഴയ്ക്കാണ്. നിരവധി പേര് സഞ്ചരിക്കുന്ന വഴികൂടിയാണിത്.
വൈദ്യുതി മുടങ്ങുന്നതിന് സംബന്ധിച്ച് വേനല്‍ക്കാലത്ത് തന്നെ പരാതി ശക്തമായിരുന്നു. നിരവധി തവണ പരാതി പറയാനായി വിളിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പലതരത്തിലുള്ള പണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതരുടെ പക്ഷം. അതേ സമയം മൂന്ന് മാസത്തോളമായി സ്ഥിരമായി വൈദ്യുതി മുടങ്ങുകയും വോള്‍ട്ടേജ് ക്ഷാമം ഉണ്ടാവുകയും ചെയ്യുന്നതായി സമീപവാസികള്‍ പറയുന്നു. ചില ദിവസങ്ങളില്‍ രാവിലെ വൈദ്യുതി പോയാല്‍ ഉച്ചകഴിഞ്ഞാകും വരിക. ഇതിനൊപ്പം ലൈന്‍ കമ്പികള്‍ പൊട്ടുന്നതും പ്രശ്നമാണ്.
കൃത്യമായി ടച്ച് വെട്ടാത്തതാണ് ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നത്. കാറ്റ് വീശിയാല്‍ അപ്പോള്‍ തന്നെ ഇതിനാല്‍ കറണ്ട് പോകും. പലപ്പോഴും പ്രദേശവാസികള്‍ തന്നെയാണ് ഇവിടെ പൊട്ടിയ ഫ്യൂസുകള്‍ കെട്ടുന്നത്. അധികൃതരെ വിളിച്ച് പരാതി അറിയിച്ചാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തുകയെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: