പത്തനംതിട്ട: കൈറ്റ് വിക്ടേഴ്സ് സംയുക്തമായി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനം 57 പഞ്ചായത്തുകളിലും ഒരുക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠനസൗകര്യമില്ലാതെ അവശേഷിക്കുന്നു.
നാനൂറിലേറെ കുട്ടികളാണ് ഇപ്പോഴും ഓണ്‍ലൈന്‍ പഠനം അന്യമാകുന്നത്. എല്ലാ സൗകര്യവും ഒരുക്കിയെന്ന് അവകാശപ്പെടുന്നവര്‍ തന്നെ പറയുന്നു ഇതുവരെയും ഇരുപത്തിഅഞ്ചിലേറെ വനവാസികുട്ടികളെ ബന്ധപ്പെടാനെ കഴിഞ്ഞിട്ടില്ലെന്ന്.അട്ടത്തോട്, ഗവി മേഖലയില്‍ നിന്നുള്ള ജിഎച്ച്എസ്എസ് ചിറ്റാറിലെ 27 കുട്ടികളെ സ്കൂളില്‍ നിന്ന് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
ജൂണ്‍ 1-ന് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ആരംഭിച്ചപ്പോള്‍ ജില്ലയില്‍ 2064 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം പ്രാപ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലയില്‍ 291 കുട്ടികള്‍ക്ക് ടെലിവിഷന്‍ മുഖേനയിലും, 28 കുട്ടികള്‍ക്ക് ലാപ്ടോപ്പ്/ കമ്പ്യൂട്ടര്‍/ ടാബ് മുഖേനയും, 166 കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ മുഖേനയും, 203 കുട്ടികള്‍ക്ക് കേബിള്‍/നെറ്റ് വര്‍ക്ക് കണക്ഷന് മുഖേനയും ഓണ്‍ലൈന്‍ പഠനസംവിധാനത്തിനുള്ള സൗകര്യം ഒരുക്കി. കുട്ടികളുടെ വീടുകള്‍ക്ക് സമീപമുള്ള വായനശാലകള്‍/സാമൂഹ്യപഠനമുറി വഴി 513 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സംവിധാനം ഒരുക്കി. 76 കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ അധ്യാപകര്‍ ലാപ്ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികളുടെ താമസസ്ഥലത്ത് ലഭ്യമാക്കി.
226 കുട്ടികള്‍ക്ക് വിദ്യാലയത്തിലെ ലാപ്ടോപ്പ്/ കമ്പ്യൂട്ടര്‍/ പ്രൊജക്ടര്‍ എന്നിവ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ പഠനം നടത്തുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തി. ആകെ 1503 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനുള്ള സജ്ജീകരണങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇനിയും 432 കുട്ടികള്‍ക്ക്കൂടി ഓണ്‍ലൈന്‍ പഠനസംവിധാനത്തിനുള്ള മാധ്യമങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. കെജിഒഎ, അദ്ധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ വഴിയും, കുട്ടികളുടെ അയല്‍വീടുകള്‍ വഴിയും മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അട്ടത്തോട്, ഗവി മേഖലയില്‍ നിന്നുള്ള ജിഎച്ച്എസ്എസ് ചിറ്റാറിലെ 27 കുട്ടികളെ സ്കൂളില്‍ നിന്ന് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ജിഎല്‍പിഎസ് ഗവിയില്‍ പഠിക്കുന്ന 14 തമിഴ് മീഡിയം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും തമിഴ്മീഡിയം ക്ലാസുകള്‍ ലഭ്യമല്ലാത്തതിനാല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്നും സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തന്നെ സമ്മതിക്കുന്നു.ഇത്തരം വിഷയങ്ങള്‍ ബന്ധപ്പെട്ട എം.എല്‍.എ മാരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ച് ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായും ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: