അമ്പലപ്പുഴ: മോഷണ കേസിലെ പരാതിയെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇരുപതുകാരന് അമ്പലപ്പുഴ പോലിസിന്റെ ക്രൂര മര്‍ദ്ദനം. മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും, പോലീസ് മേധാവിയ്ക്കും പരാതി നല്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി കാട്ടുക്കുഴി വീട്ടില്‍ രമേശ്ബാബുവിന്റെ മകന് സന്തോഷിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. വര്‍ഷങ്ങള്‍ മുന്‍പ് അമ്മ മരിച്ചതിനാല്‍ അമ്മയുടെ ജ്യേഷ്ഠ സഹോദരിയായ ഓമനയുടെ വീട്ടിലാണ് സന്തോഷും ഇളയ സഹോദരന് സന്ദീപും താമസിക്കുന്നത്. ഭര്‍ത്താവ് മരിച്ച ഓമന വീട്ടുജോലികള്‍ ചെയ്താണ് ഇവരെ സംരക്ഷിക്കുന്നത്. കുറെ വര്‍ഷങ്ങളായി കരുമാടി ഇന്ദിരാ സദനില്‍ രാമചന്ദ്രന് നായരുടെ വീട്ടിലാണ് ഓമന ജോലി ചെയ്യുന്നത് .
അഞ്ച് മാസം മുന്‍പ് രാമചന്ദ്രന് നായര്‍ തന്റെ ആറ് പവന്റെ മാല നഷ്ടപ്പെട്ടു എന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് ഓമനയെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അരുണ്‍കുമാര്‍ എന്ന പോലീസുകാരന് ഓമനയുടെ വീട്ടില്‍ എത്തുകയും സന്തോഷ് സ്റ്റേഷന് വരെ എത്തണം എന്ന് അറിയിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിയ യുവാവിനെ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന് ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു.
സിസിടിവി ക്യാമറ താഴേയ്ക്ക് തിരിച്ചു വെച്ചശേഷമായിരുന്നു മര്‍ദ്ദനം. സ്റ്റേഷനുള്ളിലേ ഇരുട്ടുമുറിയില്‍ കൊണ്ടുപോയി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു . ലാത്തി ഉപയോഗിച്ച് വയറിലും,പുറത്തും,ഇടതുകാലിന്റെ തുടയിലും,കാല്പാദത്തിലും ശക്തമായി അടിച്ചു. നിലവിളിച്ചപ്പോള്‍ വായ്ക്കുള്ളില്‍ തുണി വരെ തിരുകി കയറ്റി വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തു പോകുവാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു.
മര്‍ദ്ദനം പുറത്ത് അറിയിച്ചാല്‍ മാലമോഷണം നിന്റെ തലയില്‍ കെട്ടിവെയ്ക്കുമെന്ന ഭീഷണിയും പോലീസുകാര്‍ മുഴക്കി. സന്തോഷിനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പോലീസുകാരുടെ സ്വാധീനത്തിന് വഴങ്ങി ആശുപത്രി അധികൃതര്‍ ഇയാളെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: