ആലപ്പുഴ: ടെക്സ്റ്റൈല്‍ കോര്പ്പറേഷന് കീഴിലുള്ള കോമളപുരത്തെ കേരള സ്പിന്നേഴ്സില്‍ ഉത്പാദിപ്പിച്ചെന്ന് അവകാശപ്പെട്ട് ജനതാ മാസ്ക്ക് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി ഇ. പി. ജയരാജനും, ധനമന്ത്രി തോമസ് ഐസക്കും പൊതുജനത്തെ കബളിപ്പിച്ചു. മാസ്ക്ക് ഉത്പാദനം ഇതുവരെ തുടങ്ങാത്ത സാഹചര്യത്തില്‍ ഇരു മന്ത്രിമാരും ഉദ്ഘാടനം ചെയ്ത മാസ്കുകള്‍ എവിടെ നിന്ന് വാങ്ങിയതാണെന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് ഇവിടുത്തൈ തൊഴിലാളികള്‍.
കേരള സ്പിന്നേഴ്സ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് വ്യത്യസ്ഥ തരത്തിലുള്ള മാസ്ക്കുകളാണ് പുറത്തിറക്കുന്നതെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. ഇതില്‍ ജനതാ മാസ്ക്കിന്റെ വിതരണോദ്ഘാടനം ധനമന്ത്രിക്ക് മാസ്ക്ക് കൈമാറി അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. മാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാകുകയും ചെയ്തു.
എന്നാല്‍ ഇതുവരെ സ്പിന്നേഴ്സില്‍ ഒരു മാസ്ക്ക് പോലും നിര്മ്മിച്ചിട്ടില്ലെന്നതാണ് വാസ്തവം. മാസ്ക്ക് നിര്‍മ്മിക്കുന്നതിന് ആവ്ശ്യമായ യന്ത്രം പോലും സ്പിന്നേഴ്സില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ജനതാ മാസ്ക്ക് എന്ന പേരില്‍ മന്ത്രിമാര്‍ പ്രദര്‍ശിപ്പിച്ചത് എവിടെ നിന്നും കൊണ്ടുവന്നതാണെന്നാണ് ചോദ്യം ഉയരുന്നത്. മൂന്നര ലക്ഷം എണ്ണം ആണ് ഉടന്‍ വിപണിയിലിറക്കുയെന്നായിരുന്നു ജയരാജന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവും തൊഴിലാളികള്‍ക്കില്ല, കമ്പനിയില്‍ ഉത്പാദിപ്പിക്കുന്ന തുണി പുറത്ത് മറ്റു സ്ഥാപനങ്ങള്‍ക്ക് നല്കി അവിടെ ഉത്പാദിപ്പിക്കുന്നവ സ്പിന്നേഴ്സിന്റെ പേരില്‍ പുറത്തിറക്കാനാണോ നീക്കമാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇതുവരെ പൂര്‍ണ പ്രവര്‍ത്തന സജ്ജമല്ല സ്ഥാപനം.
ഈ സാഹചര്യത്തില്‍ ഭരണപക്ഷാനുകൂല തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പടെ കടുത്ത പ്രതിഷേധത്തിലാണ്. ഇതെത്തുടര്‍ന്നാണ് ധനമന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ ചെപ്പടി വിദ്യകളുമായി മന്ത്രിമാരെത്തിയതെന്നാണ് വിമര്‍ശനം. നേരത്തെ സ്വകാര്യവ്യക്തിയില്‍ നിന്ന് ഏറ്റെടുത്ത സ്ഥാപനം വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് മുന്‍പ് ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെയും തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിട്ട ചരിത്രവും ഇടതു സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: