കണ്ണൂർ:: കൊവിഡ് 19 കാരണം മീറ്റര്‍ റീഡിങ്ങ് എടുക്കാതിരുന്ന വൈദ്യുത വകുപ്പ് നാല് മാസങ്ങള്‍ക്ക് ശേഷം റീഡിങ്ങ് എടുത്ത് ഉപഭോക്താവിന് ബില്ല് നല്‍കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഷോക്കടിച്ചു. തെയ്യം കോലധാരിക്ക് കിട്ടിയത് 10314 രൂപയുടെ ബില്ല്. വെങ്ങരയിലെ എം.പി. കുഞ്ഞിരാമ പണിക്കര്‍ക്കാണ് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്. രണ്ട് മാസം കൂടുമ്പോള്‍ 1000 രൂപ വൈദ്യുത ബില്ലായി കിട്ടിയിരുന്ന ഉപഭോക്താവിനാണ് ഇത്രയധികം തുകയുടെ ബില്ല് കിട്ടിയത്.
രണ്ട് മാസത്തില്‍ ആയിരം രൂപയാകുമ്പോള്‍ നാല് മാസത്തേക്ക് രണ്ടായിരം രൂപയെല്ലേ ആകുള്ളൂവെന്ന് മീറ്റര്‍ റീഡറോട് പറഞ്ഞപ്പോള്‍ അത് ഒന്നും എനിക്കറിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പൈസ മുഴുവനായി അടക്കാന്‍ ആവശ്യപ്പെടുകയും പരാതി പിന്നീട് പരിശോധിക്കാമെന്നും വ്യക്തമാക്കിയതായും ഇവര്‍ പറഞ്ഞു.
പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലെ ഉയര്‍ന്ന വൈദ്യുത ബില്ലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂവായിരം രൂപ രണ്ട് മാസത്തില്‍ അടക്കുന്ന പുതിയങ്ങാടി കോഴിബസാറിലെ ഒരു ഉപഭോക്താവിന് വന്ന ബില്ല് 69,275 രൂപയാണ്. ബില്ലിനെ കുറിച്ച് വ്യാപകമായി പരാതിയുയര്‍ന്നിട്ടുണ്ട്. ബില്ലിലെ അപാതകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: