Categories: Samskriti

രതിലാസ്യ ഗീതകം

സാരഥികളുടെ സന്ദേശം 18

നാദിയ രാജാവായ ലക്ഷ്മണസേനന്റെ കൊട്ടാര പരിസരത്തെ നാട്യഗൃഹം. ലയാത്മകമായെത്തുന്ന സംഗീത ശീലുകള്‍…നൃത്തച്ചുവടുകളില്‍ നിന്നുതിരുന്ന വളകിലുക്കങ്ങള്‍… ചിലങ്കയുടെ കൊഞ്ചലുകള്‍…ഇടയ്‌ക്കിടെ ഉയരുന്ന സഹൃദയരുടെ ഹര്‍ഷാരവം…ജയദേവന്റെ ‘ഗീതാഗോവിന്ദ’മാണ് അവിടെ അരങ്ങുണര്‍ത്തുന്നത്. രതിലാസ്യമാണ് ജയദേവകവിയുടെ ‘ഗീതഗോവിന്ദം’. ഇതിന്റെ സംഗീതലാസ്യമാണ് അഷ്ടപദിയായി അനശ്വരമായ കാലപ്രവാഹത്തില്‍ പ്രേമഭക്തിയുടെ ആന്ദോളനമായത്. ഇതിഹാസ പുരാണങ്ങള്‍ക്കപ്പുറം ഭാരതീയ ഹൃദയത്തെ ഏകീകരിച്ച കാവ്യമാണത്. ആത്മീയ ഭൗതികങ്ങള്‍ ഏകമെന്ന, പൈതൃകദര്‍ശനത്തിന്റെ വെളിപാടാണ് ‘ഗീതാഗോവിന്ദ’ത്തിന്റെ ആന്തരികപ്പൊരുള്‍. ദേവഭാഷയായ സംസ്‌കൃതത്തിന്റെ ഭാവചാരുതയിലാണ് ജയദേവന്റെ കാവ്യരചന. 

പന്ത്രണ്ടാം ശതകത്തില്‍ ഒറീസയിലെ ‘കിന്ദുബില്വ’ ഗ്രാമത്തിലാണ് കവിയുടെ പിറവി. ഭോജദേവനും രമാദേവിയുമാണ് ജനയിതാക്കള്‍.  

പുരി ജഗന്നാഥ സ്വാമിയായിരുന്നു ഉപാസനാമൂര്‍ത്തി. ജയദേവന്റെ പ്രാണേശ്വരിയായിരുന്നു പദ്മാവതി. സ്വകീയമായ പ്രണയം രാധാകൃഷ്ണ പ്രണയമെന്ന പരകീയ പ്രണയ സങ്കല്‍പങ്ങളിലേക്ക് പരിണമിച്ചുണ്ടായതാണ് ഈ സര്‍ഗരചനയുടെ സാക്ഷാത്ക്കാര പശ്ചാത്തലം. താന്ത്രികവിധിയും ഇതിനെ ന്യായീകരിക്കുന്നു. പന്ത്രണ്ട് സര്‍ഗങ്ങളിലായി വിരിയുന്ന ശൃംഗാരമധുരകാവ്യം ഇരുപത്തിനാലു ഗാനങ്ങളില്‍ സമ്പുഷ്ടമാകുന്നു. ഗാനമോരോന്നും എട്ടു ചരണങ്ങളിലായതു കൊണ്ട് ‘അഷ്ടപദി’യെന്ന നാമം അംഗീകരിക്കപ്പെടുകയായിരുന്നു. ‘ഗീതാഗോവിന്ദ’ രചന അതീത പരിവേഷങ്ങളുടെ ലാവണ്യമുള്‍ക്കൊള്ളുന്നു. ചരിത്രവും ഐതിഹ്യവും സ്വപ്‌നപ്പഴമയും ആ കാവ്യത്തെ ദീപ്തമാക്കുന്നുണ്ട്.  

വിഷയാവിഷ്ടനായി മദലഹരിയിലാണ് കവി പത്തൊമ്പതാം വയസ്സില്‍ അഷ്ടപദീ രചന നിര്‍വഹിക്കുന്നത്. ‘രാധയുടെ മൃദുമോഹനമായ പാദയുഗളം തന്റെ ഓമന മൗലിയില്‍ ചേര്‍ത്തുവെച്ചലങ്കരിക്കുക’ എന്ന വൃന്ദാവനലോലന്റെ അര്‍ഥന എഴുതിക്കഴിഞ്ഞപ്പോഴാണ് അത് അസംബന്ധമായ കാവ്യ സങ്കല്‍പമാണെന്ന് ജയദേവന് ബോധമുദിച്ചത്. ഉടനെ ആ വരികള്‍ വെട്ടിക്കളഞ്ഞ് മെല്ലെ സ്‌നാനത്തിനായി പുറപ്പെട്ടു. കുളി കഴിഞ്ഞു വന്ന  ജയദേവന്‍ വിസ്മയിച്ചു  

പോയി! വെട്ടി മാറ്റിയ വരികള്‍ വീണ്ടും പഴയതു പോലെ ആരോ എഴുതിച്ചേര്‍ത്തിരിക്കുന്നു! ‘കുളിക്കാന്‍ പോയ കവി ഉടനെ തിരിച്ചെത്തി തന്നോട് ഓല വാങ്ങി എഴുതിച്ചേര്‍ത്തതാണല്ലോ ആ വരികള്‍’ എന്ന് പദ്മാവതി ഉണര്‍ത്തിക്കുകയുണ്ടായി. ആ സംഭ്രമ മുഹൂര്‍ത്തത്തില്‍ ഇരുവരും ഒരു ഇടിമിന്നല്‍ പോലെ അതീതമായ  ആ സത്യം ഗ്രഹിച്ചു. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് എണ്ണതേച്ച് കുളിക്കാനിറങ്ങിയ ജയദേവരൂപത്തില്‍ വന്നെത്തി വരികള്‍ വീണ്ടും എഴുതിച്ചേര്‍ത്തത്! ഭഗവാന്‍ തൃക്കൈകൊണ്ട് സ്പര്‍ശിച്ച തന്റെ കാവ്യം പൂര്‍ണമായെന്നറിഞ്ഞ് ജയദേവന്‍ ആനന്ദാശ്രുവൊഴുക്കി പദ്മാവതിയോട് പറഞ്ഞു; ‘പദ്മാവതീ നീയാണ് പരമഭാഗ്യവതി. ഭഗവാനെ നഗ്നനേത്രം കൊണ്ട് നേരില്‍ക്കണ്ടുവല്ലോ.’ ‘ദര്‍ശനാഷ്ടപദി’യെന്നും ‘സഞ്ജീവനി അഷ്ടപദി’ യെന്നും ജയദേവ കാവ്യം വിളികൊള്ളുന്നു.  

ഭാരതത്തിലുടനീളം ഈ കൃഷ്ണകാവ്യത്തിന്റെ മാധുര്യവും ദാര്‍ശനികതയും യമുനാ  പുളിനങ്ങളില്‍ ആതിരനിലാവു പോലെ പരന്നൊഴുകി. കൃഷ്ണനാട്ടം, കഥകളി, മണിപ്പുരി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഗീതാഗോവിന്ദത്തിന്റെ സംഗീത നടനവീചികള്‍, വര്‍ണസ്വപ്‌നം വാരി വിതയ്‌ക്കുന്നു. വിഷ്ണു ക്ഷേത്രങ്ങളില്‍ അഷ്ടപദിയുടെ ആലാപന ശ്രുതി എന്നും കേള്‍ക്കാം. മായികമന്ദാരങ്ങളുടെ ഈ കാവ്യസംഗീതികയില്‍ കവിയും കവിതയും ജീവിതവും സമന്വയ ഭാവത്തിലാകുന്നു. ജീവാത്മാവും പരമാത്മാവും ഒന്നെന്ന് അടയാളപ്പെടുത്തുന്നു. ഭക്തി വിഭൂതിയുടെ രാസലീലയായി രാധാകൃഷ്ണ സങ്കല്‍പത്തെ ജയദേവ പ്രതിഭ ഉജ്ജീവിപ്പിക്കുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക