തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യുഎച്ച്ഒ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുമായി ചേര്‍ന്ന കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. വെന്റിലേറ്ററിന്റെ ഫലപ്രദമായ ഉപയോഗവും മാര്‍ഗ നിര്‍ദേശങ്ങളും സംബന്ധിച്ചായിരുന്നു ഓണ്‍ലൈന്‍ പരിശീലനം. കോവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടില്‍വെച്ച് പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജന്‍ മോണിറ്ററിംഗിനെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മികച്ച പരിശീലനമാണ് നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജിവനക്കാര്‍ക്കായി ആദ്യഘട്ടത്തില്‍ 8 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ 5 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എസ്.എച്ച്.എസ്.ആര്‍സിയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും വെന്റിലേറ്റര്‍ കൃത്യമായി ഉപയോഗിച്ച് കോവിഡിനെതിരെ പൊരുതാന്‍ പ്രാപ്തരാക്കുകയായാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ശ്വാസകോശ സംബന്ധിയായ ബുദ്ധുമുട്ടുകളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകളും നേരിടുന്ന കോവിഡ് രോഗികള്‍ക്ക് വേണ്ട രീതിയില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും വെന്റിലേറ്റ് ചെയ്യുന്നതിനുമാവശ്യമായ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ കോവിഡ് രോഗികള്‍ക്കും വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരില്ലെന്ന് മാത്രമല്ല, ഏത് ഘട്ടത്തിലാണ് അവ ഉപയോഗിക്കേണ്ടിവരികയെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡവുമുണ്ട്. പലപ്പോഴും വെന്റിലേറ്റര്‍ ഉപയോഗിക്കാതെ കൃത്യമായ ഓക്സിജന്‍ തെറാപ്പികൊണ്ട് തന്നെ രോഗികളുടെ ജീവിന് രക്ഷിക്കാന്‍ കഴിയാറുണ്ട്. കൂടുതല്‍ ശാസ്ത്രീയമായും മാനദണ്ഡങ്ങള്‍ പാലിച്ചും മുന്നോട്ടുപോകുകയെന്ന ലക്ഷ്യംവെച്ചാണ് കോവിഡ് 19 കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച പരിശീലനം നല്‍കിയത്. കേരളത്തിലെ ആശുപത്രികളെ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്നതിനായി പരിശീലന പരിപാടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദല്‍ഹി എയിംസിലെ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം നടന്നത്. വേള്‍ഡ് അക്കാദമിക് കൗണ്‍സില്‍ ഓഫ് എമര്‍ജന്‍സി മെഡിസിന് (WACEM), അമേരിക്കന്‍ കോളേജ് ഓഫ് അക്കാഡമിക് ഇന്റര്‍നാഷണല്‍ മെഡിസിന് (ACAIM), ഇന്‍ഡോ യുഎസ് ഹെല്‍ത്ത് ആന്റേ കൊളാബെറേറ്റീവ് (INDUSEM), ദ എമര്‍ജന്‍സി മെഡിസിന് അസോസിയേഷന് (EMA), ഇന്ത്യ ആന്റ് ദ അക്കാഡമിക് കോളേജ് ഓഫ് എമര്‍ജന്‍സി എക്സ്പേര്‍ട്ട്സ് ഓഫ് ഇന്ത്യ (ACEE-INDIA) എന്നിവയിലെ വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ചായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്.
എയിംസ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി ആന്റ് ട്രോമ മേധാവി ഡോ. സഞ്ജീവ് ബോയ്, വാക്സെം എക്സിക്യൂട്ടീവ് ഡയറകര്‍ ഡോ. സാഗര്‍ ഗാല്‍വാങ്കര്‍, ഇന്‍ഡൂസെം സി.ഇ.ഒ. എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. യു.എസ്.എ., യുകെ., നെതര്‍ലാന്റ്, ഇറ്റലി, എന്നിവിടങ്ങളിലെ പ്രശസ്ത ഡോക്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: