കൊല്ലം: നിരന്തരം വീഴ്ചകള്‍ മാത്രം വരുത്തുന്ന അഞ്ചല്‍ സിഐ സി.എല്‍. സുധീറിനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യതയേറി. കഴിഞ്ഞദിവസം അഞ്ചല്‍ ഇടമുളയ്ക്കലില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേക്ഷം ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാതെ സിഐ മടങ്ങിയിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റില്‍ ഒപ്പിടാന്‍ മൃതദേഹം സിഐ പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ തന്റെ വീടുപണി നടക്കുന്ന കടയ്ക്കലില്‍ വിളിച്ചുവരുത്തിയത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയതായി പോലീസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നപ്പോള്‍ താന്‍ വീട്ടില്‍ ചോറുകഴിക്കാന് പോയതാണെന്നായിരുന്നു സിഐയുടെ മറുപടി. മുന്‍പും സിഐയുടെ നടപടികള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കരുകോണ്‍ കുട്ടിനാട് പട്ടികജാതി കോളനിയിലുണ്ടായ തര്‍ക്കത്തില്‍ സിപിഎമ്മിന്റെ പക്ഷം ചേര്‍ന്ന് നിരന്തരം കോളനി നിവാസികളായ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ ഭര്ത്താക്കന്മാരെ കള്ളക്കേസില്‍ പെടുത്തുന്നുവെന്നും രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ അസമയത്ത് പോലീസ് വീടിനുള്ളില്‍ കടന്നു ശല്യം ചെയ്യുന്നുവെന്നും ആരോപിച്ച് സ്ത്രീകളും കുട്ടികളും അഞ്ചല്‍ സ്റ്റേഷനില്‍ രാത്രിയില്‍ കുത്തിയിരുപ്പ് നടത്തിയത് പുനലൂര്‍ ഡിവൈഎസ്പി എത്തിയാണ് പരിഹരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഉപയോഗിച്ച് സ്റ്റേഷന് പരിസരം വൃത്തിയാക്കിച്ചതിനു ശേഷം കൂലി കൊടുക്കാതെ വിട്ടതിനും സിഐക്ക് നേരെ പരാതി ഉയര്‍ന്നിരുന്നു.
അഞ്ചലിനടുത്ത് ഏറത്ത് ഉത്രയുടെ കൊലപാതകത്തില്‍ രക്ഷിതാക്കള്‍ സംശയമുയര്ത്തിയിട്ടും പ്രാഥമിക അന്വേഷണം നടത്താന്‍ സിഐ തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്ത ശേഷം കാര്യമായ അന്വേഷണം നടത്താതെ സിഐ പിന്മാറുകയായിരുന്നു. പിന്നീട് എസ്ഐയെ അന്വേഷണം ഏല്‍പ്പിച്ച് ഉത്രയുടെ രക്ഷിതാക്കളുടെ പരാതി അവഗണിച്ചതായും ആക്ഷേപമുണ്ട്.
ഉത്രയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രാഥമിക അന്വേക്ഷണത്തിലെ സിഐയുടെ വീഴ്ചകള്‍ ശരിവച്ചുള്ള റിപ്പോര്‍ട്ട് റൂറല്‍ എസ്പി ഡിജിപിക്ക് കൈമാറിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: