ന്യൂദല്‍ഹി : കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുടെ 15 ദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീംകോടതി. തൊഴിലാളികളുടെ കാര്യത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണം. ഇതിനായി ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ഇത് കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും ഇതര തൊഴിലാളികള്‍ക്ക് വേണ്ടി ഹെല്പ് ഡെസ്കുകള്‍ തുറക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കൗണ്‍സിലിങ് സെന്ററുകള്‍ തുറക്കണം.
ദുരന്ത നിവാരണ നിയമ പ്രകാരം ഇതര തൊഴിലാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണം. എത്ര ഇതര തൊഴിലാളികള്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണം എന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: