കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് ജോലിക്കും വ്യാപാരത്തിനും ദിവസവും പോയി വരുന്ന ആള്‍ക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ദക്ഷിണ കന്നട ജില്ലാ ഭരണകൂടവും ബിജെപി കാസര്‍കോട് ജില്ലാ നേതാക്കന്മാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തലപ്പാടി അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തെ തുടര്‍ന്ന് ദക്ഷിണ കന്നട ജില്ലയിലെ എംഎല്‍എമാരായ വേദവ്യാസ കാമത്ത് ഡോ.ഭരത് ഷെട്ടി എന്നിവര്‍ വിളിച്ചു ചേര്‍ത്ത മധ്യസ്ഥ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചു.
ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് ദിവസവും ജോലിക്ക് പോകുന്ന എല്ലാ അര്‍ഹരായിട്ടുള്ളവര്‍ക്കും പാസ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. കൂടാതെ ലോക്ഡൗണിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചതിനെ തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലുണ്ടായ ഗതാഗത പ്രശ്നങ്ങള്‍ പരിശോധിച്ചു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ധാരണയായി.
കാസര്‍കോടും ദക്ഷിണ കന്നട ജില്ലയെയും ബന്ധിപ്പിക്കുന്ന ചില പ്രധാനപ്പെട്ട റോഡുകളിലൂടെ തദ്ദേശീയര്‍ക്ക് യാത്രാനുമതി നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാമെന്നും ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതിനായി പുത്തൂര്‍, സുള്യ മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും ചര്‍ച്ചയില്‍ ധാരണയായി.
ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നവര്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുപ്രീം കോടതിയില്‍ തീര്‍പ്പായതിനാല്‍ കേരള- കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംവിധാനമുണ്ടാക്കണം. ഇതുസംബന്ധിച്ച് ബിജെപി കാസര്‍കോട് ജില്ലാ നേതൃത്വം ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നിവേദനം നല്‍കും.
കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ച രണ്ട് എംഎല്‍എമാരും ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് യോഗത്തില്‍ ഉറപ്പുനല്‍കി. കേരള സര്‍ക്കാരില്‍ നിന്ന് ഇതിനാവശ്യമായ മുന്‍കൈയെടുക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താനും ഇടപെടലുകള്‍ നടത്താനും ബിജെപി കാസര്‍കോട് ജില്ലാ നേതൃത്വം നടപടി സ്വീകരിക്കും. ദക്ഷിണ കന്നട-കാസര്‍കോട് ജില്ലകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അത് രമ്യമായി പരിഹരിക്കാനും യോഗത്തില്‍ ധാരണയായി.
ദക്ഷിണ കന്നട ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ മദന്‍, എ.സി.പി കോദണ്ഡ രാമ, ദക്ഷിണ കന്നഡ എംഎല്‍എമാരായ ഡോ ഭാരത് ഷെട്ടി, വേദവ്യാസ കാമത്ത്, മംഗലാപുരം മേയര്‍ ദിവാകര, കോര്‍പറേറ്റര്‍ സുധീര്‍ ഷെട്ടി, ബിജെപി ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് സുദര്‍ശന എം, ദക്ഷിണ കന്നട ജില്ലാ ഉപാധ്യക്ഷന്മാരായ ഈശ്വര കടീല്‍, സന്തോഷ് കുമാര്‍ ഗോളിയാര്, ബിജെപി ദക്ഷിണ കന്നട മണ്ഡലം പ്രസിഡന്റ് ചന്ദ്രഹാസ പണ്ഡിത് ഹൗസ്, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ സദാനന്ദന റൈ, ജില്ലാ സെക്രട്ടറി വിജയകുമാര്‍ റൈ, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മണികണ്ഠ റൈ, ജനറല്‍ സെക്രട്ടറി ബി.എം ആദര്‍ശ്, ഒബിസി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ നവീന്‍ രാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കര്‍ണ്ണാടക എംഎല്‍എമാരുടെ ഇടപെടലിനെ തുടര്‍ന്ന് ദക്ഷിണ കന്നട ജില്ലാ ഭരണകൂടം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ബിജെപി ആരംഭിച്ച പ്രക്ഷോഭം അവസാനിപ്പിച്ചതായി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് അറിയിച്ചു.
ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് അതിര്‍ത്തി കടന്ന് ജോലിക്കും ചികിത്സക്കും പോകാന്‍ പാസ് നിഷേധിക്കുന്ന ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചു. കുഞ്ചത്തൂര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് മണികണ്ഠ റൈ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിജെപി ഉത്തര മേഖല സെക്രട്ടറി കെ.സതീശ്ചന്ദ്ര ഭണ്ഡാരി, സംസ്ഥാന കൗണ്‍സില്‍ അംഗം സത്യാശങ്കര് ഭട്ട്, യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത് ഷെട്ടി, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പുഷ്പരാജ് ഐല, ബിജെപി മണ്ഡലം സെക്രട്ടറി പത്മനാഭ കടപ്പുറം, ജില്ലാ കമ്മറ്റി അംഗം ഹരിശ്ചന്ദ്ര മഞ്ചേശ്വരം, മണ്ഡലം സെക്രട്ടറി സന്തോഷ് ദൈഗോളി, മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാര്‍ മയ്യ, യുവമോര്‍ച്ച പ്രവര്‍ത്തകരായ സത്യ വീരനഗര്‍, അവിനാശ് ദിവാകര്‍ ഉപ്പള, യശ്പാല്‍ മഞ്ചേശ്വരം, കിഷോര്‍ ഭഗവതി തുടങ്ങിയവര്‍ നേതൃത്വം നല്കി. ജില്ലാ സെക്രട്ടറി വിജയ് കുമാര്‍ റൈ സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി ബി.എം ആദര്‍ശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: