പാലക്കാട്: കേന്ദ്രം നിര്‍ദ്ദേശിച്ച ലോക്ഡൗണ്‍ ഇളവുകള്‍ പാലിച്ച് ജില്ലയിലെ ഹോട്ടലുകളും, റസ്റ്റോറന്റുകളും ഇന്ന് തുറക്കും. ഇന്നലെ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഹോട്ടലുകള്‍ തുറക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാപ്രസിഡന്റ് റസാഖ് എന്‍എംആര്‍ പറഞ്ഞു. രാവിലെ എട്ടിന് തുറന്ന് രാത്രി ഒമ്പത് മണിക്ക് അടക്കും. ഇത്രയും ദിവസം പാര്‍സല്‍ സര്‍വീസായിരുന്നു. ഇന്നുമുതല്‍ റസ്റ്റോറന്റുകളില്‍ തന്നെ ഇരുന്നുകഴിക്കാം.
സാമൂഹിക അകലം പാലിച്ച്, ആകെ സീറ്റുകളുടെ 50 ശതതമാനം മാത്രമേ ഉണ്ടാവൂ. ഭക്ഷണം വിളമ്പുന്നവര്‍ മാസ്ക്കും, കൈയുറയും ധരിക്കണം, ഉപയോഗിച്ച പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം, അമ്പതം ശതമാനം ജീവനക്കാരെ ജോലിക്കുണ്ടാവൂ. സാനിറ്റൈസര്‍ തുടങ്ങി എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ഇന്ന് ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കുക.
അതേസമയം ഹോട്ട്സ്പോട്ടുകളുള്ള സ്ഥലത്തെ ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ അതാത് യൂണിറ്റുകളാണ് തീരുമാനമെടുക്കുന്നത്. മണ്ണാര്‍ക്കാട്ടെ റസ്റ്റോറന്റുകള്‍ ഇന്ന് തുറക്കില്ല. 15 ദിവസത്തേക്ക് കൂടി പാര്‍സല്‍ മാത്രം നല്കിയാല് മതിയെന്ന് ഇന്നലെ ചേര്‍ന്ന മണ്ണാര്‍ക്കാട് യൂണിറ്റ് എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: