നെടുങ്കണ്ടം: നിത്യച്ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിര്‍ദ്ധന കുടുംബത്തിന് ലഭിച്ചത് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത വെള്ള റേഷന്‍ കാര്‍ഡ് (സബ് സിഡിയില്ലാത്ത പൊതുവിഭാഗം). നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡിലെ ഇല്ലിപ്പാലം കിഴക്കേപ്പറമ്പില്‍ സുജാതയും തോമസുമാണ് നല്ലയൊരു വീടിനായും വൈദ്യുതി കണക്ഷനുവേണ്ടിയും കാത്തിരിക്കുന്നത്. കൃഷിയോഗ്യമല്ലാത്ത 30 സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്കുള്ളത്.
സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കാതെ ഏതുനിമിഷവും നിലംപൊത്താവുന്ന കൂരയ്‌ക്കുള്ളില്‍ കഴിയുകയാണ് കുടുംബം. ഒരു മുറി മാത്രമുള്ളതാണ് ഇവരുടെ വീട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്‍കട്ടകെട്ടി നിര്‍മ്മിച്ചവീടിന്റെ ഭിത്തികള്‍ വിണ്ടുകീറി അപകടാവസ്ഥയിലാണ്. ഇവരുടെ കുട്ടി ചെറുപ്പത്തില്‍ മരിച്ചുപോയിരുന്നു. ഇരുവരും രോഗികളുമാണ്. സുജാത വല്ലപ്പോഴും കൂലിപ്പണിക്ക് പോയാണ് ജീവിതച്ചെലവുകളും മരുന്നിന് ആവശ്യമായ പണവും കണ്ടെത്തുന്നത്.
വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷിച്ചപ്പോള്‍ വെള്ളക്കാര്‍ഡ് ആയതിനാല്‍ രണ്ട് പോസ്റ്റിനുള്ള പണം അടയ്‌ക്കണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ കാര്‍ഡ് ലഭിച്ചപ്പോള്‍ ഉണ്ടായ അപാകതയാണ് ഇവര്‍ക്ക് വിനയായത്. ഇത് തിരുത്തുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് ഭവന പദ്ധതിയിലും കാര്‍ഡിന്റെ സ്വഭാവം മൂലം ഉള്‍പ്പെട്ടില്ല. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് അന്യമാണ്.
സമ്പൂര്‍ണ വൈദ്യുതീകരണം അവകാശപ്പെടുന്ന ഇടുക്കി ജില്ലയില്‍ മെഴുകുതിരി വെട്ടത്തിലാണ് കഴിഞ്ഞ 17 വര്‍ഷമായി ഇവര്‍ കഴിയുന്നത്. റേഷന്‍ കടയില്‍ നിന്നും വല്ലപ്പോഴും ലഭിക്കുന്ന അരലിറ്റര്‍ മണ്ണെണ്ണയും ഒന്നരക്കിലോ അരിയും ലഭിക്കും. വീടിനും വൈദ്യുതിക്കും റേഷന്‍കാര്‍ഡിനും വേണ്ടിയുള്ള ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക