ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇന്ന് മുതല്‍ ദര്‍ശനത്തിന് അനുമതി നല്കുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധിക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത് എന്ന് വ്യക്തം. മറ്റ് ആരാധനാലയങ്ങളില്‍ പ്രവേശനം നല്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുടേയും മറ്റും അഭിപ്രായം ആരാഞ്ഞ സംസ്ഥാന സര്‍ക്കാര്‍, ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആരോടൊക്കെ അഭിപ്രായം തേടിയെന്ന് അറിയാന്‍ ഭക്തര്‍ക്ക് അവകാശമുണ്ട്.
ക്ഷേത്രങ്ങള്‍, സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വരുമാന സ്രോതസ്സാണ്. അത് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണയെത്തുടര്‍ന്ന് ആരാധനാലയങ്ങളെല്ലാം വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ആരാധനാലയങ്ങളും കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാം എന്നായപ്പോള്‍ ഭക്തരെക്കാള്‍ കൂടുതല്‍ സന്തോഷം ഭരണാധികാരികള്‍ക്കാണ്. പ്രത്യേകിച്ചും ക്ഷേത്രങ്ങളുടെ കാര്യത്തില്‍. അതുകൊണ്ടാണ് ഇവിടേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ ഹിന്ദു സമുദായ സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടോ എന്നൊന്നും അന്വേഷിക്കാതിരുന്നതും.
ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങള്‍ തുറക്കുകയല്ല വേണ്ടതെന്ന് ഹൈന്ദവ സംഘടനകള്‍ ഒന്നടങ്കം പറയുന്നു. ഏല്ലാവരോടും കൂടിയാലോചിച്ച ശേഷമാണ് അമ്പലങ്ങള്‍ ദര്‍ശനത്തിനായി തുറന്ന് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇടതുപപക്ഷത്തോട് ചായ്വുള്ള ആരോടെങ്കിലും അഭിപ്രായം തേടിയാല്‍ അതിനുപിന്നിലെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നാലുള്ള സ്ഥിതിയെപ്പറ്റിയും ബോധ്യമുണ്ടാവണം. രോഗത്തെ പ്രതിരോധിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാളിപ്പോവുന്നതിന് ഇപ്പോഴത്തെ ഈ തീരുമാനം ഇടവരുത്തരുത്. കൊറോണ ബാധിതനായ ആരെങ്കിലും ഒരാള്‍ എത്തിയാല്‍ തന്നെ ക്ഷേത്രം മുഴുവനായി അടച്ചിടേണ്ടി വരും. ലോക്ഡൗണ്‍ കാലത്തും നിത്യപൂജ നടന്നിരുന്ന ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങളില്‍ ഒരു അശ്രദ്ധകൊണ്ട് ഭംഗം വരുത്തരുത്. അതിന് ക്ഷേത്ര വിശ്വാസികളും ഭക്തരും കൂട്ടുനില്ക്കുകയുമരുത്. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെപോലുള്ള ആചാര്യന്മാരും ഇതുതന്നെയാണ് ഓര്‍മ്മപ്പെടുത്തുന്നതും.
ഹൈക്കോടതി പോലും കേരള ക്ഷേത്ര സംരക്ഷണ സമിതിയെ അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ആ സമിതിയുടെ അഭിപ്രായം ആരായാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനോ ആരാധന നടത്തുന്നതിനോ ആരും എതിരല്ല. പക്ഷേ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം. അത് മനസ്സിലാക്കിയാണ് ഹൈന്ദവ സംഘടനകള്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതും. മറ്റ് ആരാധനാലയങ്ങളില്‍ മതമേലധ്യക്ഷന്മാര് പറയുന്നതാണ് അന്തിമ വാക്ക്. എന്നാല്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ അതാത് ക്ഷേത്ര ഭരണസമിതിക്കാണ് തീരുമാനം എടുക്കാന്‍ അവകാശം. ദേവസ്വം ബോര്‍ഡിന് കീഴില്‍ അല്ലാത്ത ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും ഭക്തരെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി ഭക്തജന തിരക്ക് ഏറെയുണ്ടാകാന്‍ ഇടയുള്ള ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ കാര്യത്തിലാണ് ഏറെ ആശങ്ക നിലനില്‍ക്കുന്നത്. ദര്‍ശനത്തിന് അനുമതിയുണ്ട് എന്ന കാരണത്താല്‍ ക്ഷേത്രങ്ങളില്‍ എത്തുന്നത് ഭക്തര്‍ ഒഴിവാക്കണം. ലോക്ഡൗണ്‍ കാലയളവില്‍ വീടായിരുന്നു നമ്മുടെ ക്ഷേത്രം. അതിനുള്ളിലായിരുന്നു പ്രാര്‍ത്ഥന.
തല്‍സ്ഥിതി തന്നെ കുറേ നാളത്തേക്കെങ്കിലും തുടരേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ കണ്ണ് ഭക്തര്‍ സമര്‍പ്പിക്കുന്ന പണത്തിന്മേലാണ്. ജനങ്ങളുടെ ജീവനില്‍ ആശങ്കയുണ്ടെങ്കില്‍ ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കാതിരിക്കാനാണ് ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: