ആത്മീയ മണ്ഡലത്തില്‍ കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്ഷേത്രാരാധനാ പാരമ്പര്യത്തിന് നവജീവന്‍ നല്‍കുന്നതില്‍ മാധവ്ജി വഹിച്ച പങ്ക് അടിസ്ഥാനപരവും പ്രേരണാദായകവുമായിരുന്നു. ക്ഷേത്ര സംവിധാനത്തിന്റെ അടിസ്ഥാനഘടകങ്ങളായ ശാസ്ത്രങ്ങളില്‍ അഗാധ ജ്ഞാനം നേടിയ അതുല്യ വ്യക്തിയായിരുന്നു അദ്ദേഹം. ഏതു വിഷയവും ആഴത്തില്‍ പഠിക്കുന്ന സ്വഭാവം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മാധവ്ജിക്കുണ്ടായിരുന്നു. വിവേകാനന്ദസാഹിത്യം, മാര്‍ക്‌സിസം, രാഷ്‌ട്രമീമാംസ, കണക്ക്, രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ ആധുനിക ശാസ്ത്രങ്ങളിലെ പ്രവണതകള്‍, സമകാലീന പ്രശ്‌നങ്ങള്‍ മുതലായവയെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പഠിച്ചു.
പുസ്തകങ്ങളിലൂടെ
1954ല്‍ മാധവ്ജി തിരുവനന്തപുരത്ത് പ്രചാരകനായി ഇരിക്കുന്ന അവസരത്തില്‍ അവിടുത്തെ പബ്ലിക് ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ലൈബ്രറി എന്നീ സ്ഥാപനങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തി. അതിനിടെ യാദൃച്ഛികമായി വായിക്കാനിടയായ തന്ത്രശാസ്ത്രങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. പിന്നീട് അവ കൂടുതല്‍ ശ്രദ്ധിച്ച് പഠിച്ചു. നിഗൂഢമായ ഈ ശാസ്ത്രത്തെ പറ്റി സര്‍. ജോണ്‍ വുഡ്രോഫ് രചിച്ച പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചു. നാലപ്പാടിന്റെ ആര്‍ഷജ്ഞാനം എന്ന പുസ്തകമാണ് തന്നെ മുന്നോട്ടു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മഹര്‍ഷി അരവിന്ദന്‍, രമണ മഹര്‍ഷി, ശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശ്രീ ഗുരുജി മുതലായവരുടെ ആദ്ധ്യാത്മിക സിദ്ധികളെ പറ്റി മാധവ്ജിക്ക് നൂതനമായ കാഴ്ചപ്പാട് ലഭിച്ചത് ഈ ഗ്രന്ഥങ്ങളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ വാക്കുകളുടെ മായാജാലം ഉണ്ടായിരുന്നില്ല. വാക്കുകള്‍ തീവ്രമോ, തീക്ഷ്ണമോ ആയിരിക്കുകയുമില്ല. എന്നാല്‍, അവ നല്‍കുന്ന ആശയങ്ങള്‍ അത്യന്തം തീക്ഷ്ണവും കുറിക്കുകൊള്ളുന്നതുമായിരുന്നു.
അറുപതുകളുടെ തുടക്കത്തില്‍ തന്നെ ഹിന്ദുക്കളുടെ ചൈതന്യ കേന്ദ്രങ്ങളായിരിക്കേണ്ട ക്ഷേത്രങ്ങള്‍ പ്രത്യേകിച്ചും മലബാര്‍ പ്രദേശത്ത് ഏറ്റവും ശോചനീയാവസ്ഥയിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921ലെ മാപ്പിള ലഹളക്കാലത്തും നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. അനേകം ക്ഷേത്രങ്ങള്‍ പള്ളികളാക്കി മാറ്റപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഭൂപരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കിയതോടെ നിത്യ നിദാനത്തിനു പോലും വകയില്ലാതായി. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ക്ഷേത്രങ്ങള്‍ അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ചു. ക്ഷേത്രങ്ങള്‍ ചരിത്ര സ്മാരകങ്ങളായി തീരുമെന്ന അവസ്ഥ വന്നു. ഏതാണ്ട് ഒരുള്‍വിളി ലഭിച്ചതുപോലെ മാധവ്ജി ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. കഠിനമായ സാധന, വിപുലമായ ഗ്രന്ഥപരിചയം എന്നിവയ്‌ക്കു പുറമേ ഈ വിഷയങ്ങളെ പറ്റി ആധികാരികമായി പറയാന്‍ അര്‍ഹതയും പാണ്ഡിത്യവുമുള്ള വ്യക്തികളുമായി നടത്തിയ നിരന്തര സംവാദം മൂലം ലഭിച്ച അറിവിനെ അദ്ദേഹം സ്വന്തം വിവേചനശക്തി ഉപയോഗിച്ച് ഒരു കര്‍മ്മ പരിപാടിയാക്കി ആവിഷ്‌കരിച്ചു.
സമിതിയുടെ തുടക്കം
മലബാറിലെ തകര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടി 1966ല്‍ കേളപ്പജി കോഴിക്കോട് കേന്ദ്രമാക്കി മലബാര്‍ പ്രദേശ് ക്ഷേത്രസംരക്ഷണ സമിതിയെന്ന സംഘടനക്ക് രൂപം കൊടുത്തു. അങ്ങാടിപ്പുറത്ത് നൂറ്റാണ്ടുകളായി തകര്‍ന്നു കിടന്നിരുന്ന തളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം സമിതിയുടെ ഒന്നാമത്തെ പരിപാടിയായി അദ്ദേഹം ഏറ്റെടുത്തു. ഒരു വിഭാഗം മുസ്ലീങ്ങള്‍ അതിനെ അകാരണമായി എതിര്‍ത്തതിനാല്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ അവിടെ നിരോധനം ഏര്‍പ്പെടുത്തി. ക്ഷേത്രസ്ഥലം പുരാവസ്തുവായി പ്രഖ്യാപിച്ചു. എന്നാല്‍ കേളപ്പജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്‌ട്രീയ സ്വയം സേവകസംഘം പൂര്‍ണ്ണ പിന്തുണ നല്‍കി. ഒരു ബഹുജന പ്രസ്ഥാനത്തിലൂടെ സ്ഥലം വീണ്ടെടുക്കുന്നതില്‍ കേളപ്പജി വിജയിച്ചു.
ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി കേളപ്പജിയുടെ നേതൃത്വത്തില്‍ 1968ല്‍ നടന്ന ഐതിഹാസികമായ തളിക്ഷേത്ര സമരം വിജയിച്ചതോടെ മലബാറിലെ നാശോന്മുഖമായി കിടക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ വേണ്ടി ക്ഷേത്ര സംരക്ഷണ സമിതിയെ വിപുലമാക്കാന്‍ തീരുമാനിച്ചു. അതിന് സംഘം പൂര്‍ണ്ണ പിന്തുണ നല്‍കി. മാധവ്ജി അതിന്റെ കേന്ദ്ര സമിതിയില്‍ അംഗമായി. സമിതി കേരളവ്യാപകമായി വിപുലീകരിച്ചു. ഹൈന്ദവ ജനതയെ ക്ഷേത്രോന്മുഖമാക്കാനുള്ള ഒരു മഹായജ്ഞം തന്നെ അതോടൊപ്പം ആരംഭിച്ചു. ക്ഷേത്രത്തില്‍ ആരാധകരുണ്ടാകുന്നതിനേക്കാള്‍ ക്ഷേത്ര ചൈതന്യത്തിന് അത്യന്താപേക്ഷിതം പൂജാവിധികളില്‍ അവഗാഹം നേടിയ ശാന്തിക്കാരും തന്ത്രിമാരും മറ്റും ഉണ്ടാവുകയാണ്. നേരാംവണ്ണം നിത്യ നൈമത്തിക ക്രിയകള്‍ അനുഷ്ഠിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ ആരാധകരുടെ സംഖ്യ ഏറി വരും. ഏറ്റവും അപചയം പിണഞ്ഞിട്ടുള്ള ഈ രംഗത്ത് എന്താണ് ചെയ്യാന്‍ കഴിയുക എന്നദ്ദേഹം തന്ത്രിപ്രമുഖരും വൈദികരും മറ്റു പണ്ഡിതന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. ശ്രീ ഗുരുജിയുടെ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ മാധവ്ജി ഏതാനും തന്ത്രിമാരുമൊത്ത് അദ്ദേഹത്തെ കാണുകയും കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുകയും ചെയ്തു.
വെളിയത്ത് നാട്ടിലെ തന്ത്രവിദ്യാപീഠം
ജനനാടിസ്ഥാനത്തിലുള്ള ജാതി സമ്പ്രദായത്തിനെതിരായ പല പ്രസ്ഥാനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജനനമല്ല കര്‍മ്മാനുഷ്ഠാനങ്ങളാണ് പ്രധാനം എന്ന് വേദങ്ങള്‍ തന്നെ ഉദ്‌ഘോഷിക്കുന്നുണ്ട്. പൊതുവെ ജാതി ചിന്ത കുറഞ്ഞിട്ടുണ്ടെങ്കിലും ആര്‍ക്കു വേണമെങ്കിലും ബ്രാഹ്മണ്യം നേടാമെന്ന് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഈ കാര്യത്തില്‍ ശാസ്ത്രസമ്മതമായി വിധി പറയാന്‍ അര്‍ഹതയുള്ള ധര്‍മ്മാചാര്യന്മാര്‍ കേരളത്തിലെ വൈദികരാണ്. ഇക്കാര്യം മാധവ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഓരോരുത്തരേയും മാധവ്ജി നേരില്‍ കണ്ട് സംസാരിച്ചു.
ഹിന്ദു ധര്‍മ്മത്തിന്റെ ശാശ്വതമായ നിലനില്‍പ്പിന് അബ്രാഹ്മണനായി ജനിച്ച ഒരാള്‍ക്ക് ആവശ്യമായ കര്‍മ്മങ്ങളെക്കൊണ്ട് ബ്രാഹ്മണ്യം നേടാമെന്നും പൗരോഹിത്യം വഹിക്കാമെന്നും സമ്മതിപ്പിച്ചു. ക്ഷേത്ര സംരക്ഷണ സമിതി മുന്‍കയ്യെടുത്ത് വൈദികരുടെയും തന്ത്രിമാരുടെയും മറ്റു പണ്ഡിതന്‍മാരുടെയും യോഗങ്ങള്‍ നടത്തി. അവരുടെ തീരുമാനമെന്ന നിലക്ക് പുറപ്പെടുവിച്ച പാലിയം വിളംബരം വിപ്ലവകരമായ ഒന്നായിരുന്നു. ഷോഡശകര്‍മ്മങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും ആകാമെന്നും പൗരോഹിത്വത്തിന്റെ യോഗ്യത സമാവര്‍ത്തന പര്യന്തം ആശ്വലായ ഗൃഹസൂത്രമനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ആയിരിക്കണമെന്നും തീരുമാനിക്കപ്പെട്ടു. തന്റെ ഈ യജ്ഞ സഫലീകരണത്തിനുള്ള പ്രയത്‌നത്തില്‍ സ്വയം ഒട്ടേറെ പരിഹാസവും അപമാനവും സഹിക്കേണ്ടി വന്നിട്ടും ക്ഷമാപൂര്‍വ്വം ലക്ഷ്യത്തില്‍ മാത്രം കണ്ണ് നട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു മാധവ്ജി. അതി തീവ്രമായ പരിശ്രമത്തിന്റെ സാക്ഷാത്കാരമാണ് ഇന്ന് വെളിയത്ത് നാട്ടിലെ പെരിയത്ത് ക്ഷേത്രപരിസരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന തന്ത്രവിദ്യാപീഠം. ഇത് സഫലീകരിക്കുവാന്‍ സ്വാമി ചിന്മയാനന്ദ കാഞ്ചിയിലേയും ശൃംഗേരിയിലേയും ശങ്കരാചാര്യന്‍മാര്‍ തുടങ്ങി ഒട്ടേറെ മഹദ് വ്യക്തികളുടെ സഹകരണവും അനുഗ്രഹവും മാധവ്ജിക്ക് ലഭിച്ചു.
‘ക്ഷേത്രചൈതന്യ രഹസ്യം’
1982 ഏപ്രിലില്‍ എറണാകുളത്ത് സംഘടിപ്പിച്ച അവിസ്മരണീയമായ വിശാലഹിന്ദു സമ്മേളനത്തിന്റെ സൂത്രധാരനും മാധവ്ജി ആയിരുന്നു. സമ്മേളനത്തിന്റെ പ്രാരംഭമായി നടത്തിയ സുദര്‍ശനഹോമത്തിന്റെ മുഖ്യ തന്ത്രി പിന്നാക്ക ജാതിയില്‍ ജനിച്ച ആളും പരികര്‍മ്മിയായി നിന്നത് കേരളത്തിലെ പ്രശസ്തമായ പാരമ്പര്യ തന്ത്രിമാരില്‍ ഒരാളുമായിരുന്നു. മാധവ്ജി കൈവരിച്ച നിശ്ശബ്ദ വിപ്ലവമായിരുന്നു അത്. കേരളത്തിലെ ഹിന്ദുക്കളുടെ നവോത്ഥാന പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടത് ക്ഷേത്രങ്ങളെ ആശ്രയിച്ചായിരിക്കണമെന്നും തന്ത്രശാസ്ത്ര പണ്ഡിതനായ മാധവ്ജി ഉറച്ചു വിശ്വസിച്ചിരുന്നു.
കേരള ക്ഷേത്ര സംരക്ഷണ സമിതിയെ മാധ്യമമാക്കി കൊണ്ട് നടത്തിയ പഠനം, ഗവേഷണം, സംഘടനാപ്രവര്‍ത്തനം എന്നിവയെ ആസ്പദമാക്കിക്കൊണ്ട് പിന്നീട് അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇന്ന് എല്ലായിടത്തും അറിയപ്പെടുന്ന ക്ഷേത്രചൈതന്യ രഹസ്യം എന്ന പുസ്തകം. കേരള ഹൈക്കോടതി ഈ പുസ്തകം ക്ഷേത്ര ശാസ്ത്ര വിഷയങ്ങളെ പ്രതിപാദിക്കുന്ന ആധികാരിക രേഖയായി അംഗീകരിച്ചിട്ടുണ്ട്.
യോഗക്ഷേമസഭ മുതല്‍ സാംബവസഭ വരെയുള്ള എല്ലാ ജാതി സംഘടനകളുമായി അദ്ദേഹം ബന്ധം പുലര്‍ത്തി. പക്ഷേ എല്ലാവിധ ജാതി ചിന്തകള്‍ക്കും അതീതമായ ഹിന്ദു സമൂഹം സൃഷ്ടിക്കാനുള്ള തന്റെ ശ്രമത്തില്‍ സംഘശാഖകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമാണ് മാധവ്ജി മുന്‍ഗണന നല്‍കിയത്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഹിന്ദു സമൂഹം നിലനില്‍ക്കുന്നതെന്നും ക്ഷേത്രവിശ്വാസം ശക്തിപ്പെടുത്തിയാലെ ഹിന്ദു സമൂഹത്തെ ഏകീകരിക്കാനാവൂ എന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ക്ഷേത്രവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തന്ത്രശാസ്ത്രം അറിയുവാനും അഭ്യസിക്കാനും അദ്ദേഹം ഒരുമ്പെട്ടത്. ആ ശ്രമത്തിന്റെ പൂര്‍ത്തീകരണമാണ് തന്ത്രവിദ്യാപീഠമെന്നു പറയാം.
ലക്ഷ്യ സാഫല്യത്തിന് സംഘത്തിലൂടെ ഒന്നിക്കാം
1988 സെപ്തംബര്‍ 12നാണ് മാധവ്ജി അന്തരിച്ചത്. അതോടെ 62 വര്‍ഷം നീണ്ടുനിന്ന ആ ധന്യജീവിതം അവസാനിച്ചു. ആലുവയ്‌ക്കടുത്ത് വെളിയത്ത് നാട്ടില്‍ പെരിയാര്‍ നദീതീരത്ത് അദ്ദേഹം സ്ഥാപിച്ച തന്ത്രവിദ്യാപീഠത്തിന്റെ സമീപം തന്നെ മൃതദേഹം സംസ്‌കരിച്ചു. മാധവ്ജിക്ക് ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങളില്‍ ഒന്ന് സംഘത്തിലൂടെ കേരളത്തിലെ ഹിന്ദുക്കളെ ഏകീകരിക്കുക എന്നുള്ളതായിരുന്നു. രണ്ടാമത്തേത് തന്ത്രവിദ്യാപീഠത്തിന്റെ പ്രവര്‍ത്തനം കുറേക്കൂടി വിപുലീകരിച്ച് അതില്‍ നിന്നു പുറത്തുവരുന്ന വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാനക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് തന്ത്രിമാരേയും പൂജാരിമാരേയും സൃഷ്ടിക്കാനുതകുന്ന തന്ത്രവിദ്യാപീഠങ്ങള്‍ ആരംഭിക്കുകയെന്നുള്ളതുമായിരുന്നു. അദ്ദേഹത്തിന്റെ 94-ാം ജയന്തി ആചരിക്കുന്ന ഈ അവസരത്തില്‍ ഈ ലക്ഷ്യം സാധ്യമാക്കാന്‍ മുഴുവന്‍ ക്ഷേത്രവിശ്വാസികളുടേയും കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടത് സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്.
എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്
(ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ രക്ഷാധികാരിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: