മൂവാറ്റുപുഴ: ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. വെട്ടേറ്റ യുവാവിന്റെ കാമുകിയുടെ സഹോദരനായ കറുകടം ഞാഞ്ഞൂല് കോളിനിയില്‍ കടിഞ്ഞുമ്മേല്‍ ബേസില്‍ എല്‍ദോസി (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വധശ്രമത്തിനു ശേഷം ഈ കെട്ടിടത്തിലെത്തിയ പ്രതി ഇവിടെത്തന്നെ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ബേസിലിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ഇന്നലെ രാവിലെ പോലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് പ്രതി താമസിക്കുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബേസിലിനെ കണ്ടെത്തിയത്.
പ്രതി ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് 4.50 നാണ് ആരക്കുഴ റോഡില്‍ നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വച്ച് പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന് അഖിലിന് (19) വെട്ടേറ്റത്. ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായതിന്റെ പേരില്‍ അഖിലിനെ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാസ്ക് വാങ്ങുന്നതിനാണ് അഖില്‍ കൂട്ടുകാരനൊപ്പം മെഡിക്കല്‍ ഷോപ്പില്‍ എത്തിയത്. യുവാവ് പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞ് ബൈക്കില്‍ എത്തിയ ബേസില്‍ കടയില്‍ നിന്ന് വിളിച്ചിറക്കി അഖിലിനെ വടിവാളുകൊണ്ട് കഴുത്തിലും കൈയ്ക്കും വെട്ടുകയായിരുന്നു. ഇതിനിടെ അഖിലിന് ഒപ്പമുണ്ടായിരുന്ന അരുണ്‍ എന്ന യുവാവിനും പരിക്കേറ്റു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റ ഉടനെ അഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വടിവാള്‍ കൊണ്ട് വലത് കൈയ്ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ആക്രമണത്തിനു ശേഷം ബേസില്‍ എല്‍ദോസും രണ്ടാം പ്രതിയായ സുഹൃത്തും ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു.
പ്രതിക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലവുമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. പിടിയിലായ പതിനെഴുകാരന് മുഖ്യപ്രതിയുടെ അയല്‍വാസിയും സഹപാഠിയുമാണ് ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ബേസിലിന്റെ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: