കണ്ണൂര്‍: സമ്പൂര്‍ണ്ണ അടച്ചിടല്‍ ദിവസമായ ഞായറാഴ്ച സിപിഎം നിയന്ത്രണത്തിലുള്ള വായനാശാലയുടെ നേതൃത്വത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളെയും കൂട്ടി വിനോദയാത്ര നടത്തിയത് വിവാദമായി. കണ്ണൂര്‍ ഇരിട്ടിക്കടുത്തുള്ള പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ കീഴിലുള്ള ഉദയ ബാലവേദിയിലെ കുട്ടികളേയും കുട്ടിയാണ് ഗ്രന്ഥാലയം ഭാരവാഹികള്‍ പായത്തെ പൂന്തുരുട്ടി കുന്നിലേക്ക് വിനോദയാത്ര നടത്തിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
റെഡ്സോണായി പ്രഖ്യാപിക്കുകയും പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയും ചെയ്യുന്ന ഇരിട്ടി പട്ടണത്തില്‍ നിന്നുംഅഞ്ചു കിലോമീറ്ററിനുള്ളിലാണ് ഈ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു മുന്‍കരുതലും ഇവര്‍ കൈക്കൊണ്ടിരുന്നില്ല. സംഘത്തില്‍ ഒരാള്‍പോലും മുഖാവരണം ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെ കൈകോര്‍ത്തും തോളില്‍ പിടിച്ചും പരസ്പരം മുട്ടിയുരുമ്മിയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.
‘ബോധവല്ക്കരിക്കേണ്ടവരുടെ ബോധം പോയാല്‍’ എന്ന കമന്റുകളോടെ ചിലര്‍ ഇതിനെതിരെ പ്രതികരിച്ചു. ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് സെക്രട്ടറിയുടെയും സിപിഎം പായം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു വിനോദയാത്ര. സംസ്ഥാനത്തെ മികച്ച ഗ്രന്ഥാലയത്തിനുള്ള ഇഎംഎസ് പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ ഗ്രന്ഥാലയം നേടിയിട്ടുണ്ട്. കൊറോണാഭീതി നിലനില്‍ക്കെ സ്കൂളുകള്‍ അടക്കം അടച്ചിട്ടിരിക്കുന്ന അവസ്ഥയില്‍ ഇത്തരം ഒരു വിനോദ യാത്ര സംഘടിപ്പിച്ചതിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: