കണ്ണൂര്‍: കോവിഡ് കാലത്ത് സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സേവാഭാരതി പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ ജില്ലയിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം നടത്തിയ സേവന പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ടാണ് വിവിധ സ്ഥലങ്ങളില്‍ സിപിഎം ആസൂത്രിതമായ അക്രമം നടത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്ന ലക്ഷ്യവും സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഈ അക്രമങ്ങള്‍ക്കുണ്ട്.
നാടിനെ ആകെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളൊന്നാകെ പ്രവര്‍ത്തിക്കുമ്പോഴാണ് ആയുധമെടുത്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പാനൂര്‍ കുറ്റേരിയില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം അതിക്രൂരമായാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വളരെ ആസൂത്രിതമായി സിപിഎം നടത്തിയ അക്രമമാണിതെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. കാരണം അക്രമത്തിനിരയായ ഇരുവരും ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് പെയിന്റിംഗ് ജോലികള്‍ ചെയ്യവെയാണ് പത്തോളം വരുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അകാരണമായി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയതെന്നാണ് അക്രമത്തിന്റെ സ്വഭാവത്തില്‍ നിന്ന് മനസ്സിലാകുന്നത്.
ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ അക്രമത്തിന്റെ പാത സ്വീകരിക്കുകയാണ്. പാട്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗവുമായ പ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പ് മേഖലയിലും സമീപപ്രദേശങ്ങളിലും സിപിഎമ്മിനകത്ത് ആഭ്യന്തര പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്. പീഡന ശ്രമം സംബന്ധിച്ച് നല്കിയ പരാതി പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെന്നും നേതാവിനെ തളളിപറയാന്‍ നേതൃത്വം ഇതുവരെ തയ്യാറാകാത്തത് മോശമാണെന്നുമുളള അഭിപ്രായം മഹിള അസോസിയേഷന് പ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.
എം.വി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷം പി. ജയരാജനെ അനുകൂലിക്കുന്ന ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗത പ്രകടിപ്പിച്ചു വരികയാണ്. ഇതിനെ മറികടക്കാനും അക്രമം മാത്രമാണ് വഴിയെന്ന തിരിച്ചറിവും നേതൃത്വത്തിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചന. ഏതാനും നാളുകള്‍ക്ക് മുമ്പ് കണ്ണപുരത്ത് യുവോമര്‍ച്ച ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഉണ്ടായിരുന്നു. മാനന്തേരി വണ്ണാത്തിമൂലയില് സിപിഎം കേന്ദ്രത്തില്‍ കഴിഞ്ഞദിവസം ബോംബ് കണ്ടെത്തുകയുണ്ടായി. പലയിടത്തും ബോംബ് നിര്‍മ്മിച്ച് വ്യാപക അക്രമത്തിന് തയ്യാറെടക്കുകയാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പേരാവൂര്‍ കാക്കയങ്ങാട് ചാക്കാട് ബിജെപി പ്രവര്ത്തകന് നേരെ നടന്ന അക്രമത്തിലും സിപിഎം സംശയത്തിന്റെ നിഴലിലാണ്. അക്രമങ്ങള്‍ക്ക് പിന്നില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തു വരുന്നത്. കോവിഡ് മഹാമാരി അനുദിനം വ്യാപകമായിക്കൊണ്ടിരിക്കെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ശക്തമായിരിക്കെ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന അഭിപ്രായമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: