തിരുവനന്തപുരം: നിലവില്‍ മറ്റ് രോഗങ്ങളുള്ളവരില്‍ കൊവിഡ്19 മൂലമുള്ള മരണത്തിന് സാധ്യതയേറെയാണെന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നതായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡംഗമായ ഡോ. ചാന്ദ് നി രാധാകൃഷ്ണന്.
കേരളത്തില്‍ സംഭവിച്ച 15 കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും മറ്റ് രോഗങ്ങള്‍ കൂടിയുള്ള അവസ്ഥയില്‍ (കോമോര്ബിഡ്) ഉള്ളവരായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത ചികിത്സാവിഭാഗം മേധാവിയും പ്രൊഫസറും കൂടിയായ ഡോ. ചാന്ദ് നി പറഞ്ഞു. ഇവരില്‍തന്നെ പ്രമേഹം, രക്താതിമര്‍ദ്ദം എന്നിവ ഗുരുതരമായിരുന്നു.
ഒരേ സമയം ഒന്നിലധികം രോഗങ്ങളുള്ള അവസ്ഥയാണ് കോമോര്ബിഡിറ്റി. ഈ രോഗങ്ങള്‍ തികച്ചും വ്യത്യസ്തവും അതേസമയം സാദൃശ്യമുള്ളവയുമാകാം. ഉദാഹരണത്തിന് പൊണ്ണത്തടിയുള്ള വ്യക്തിയ്ക്ക് ഹൃദ്രോഗവും പ്രമേഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ കൊവിഡ് കനത്ത ആഘാതമേല്പിക്കുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലെ പഠനം ഉദ്ധരിച്ച് ഡോ. ചാന്ദ് നി പറഞ്ഞു.
കേരളത്തില്‍ പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം, കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ഈ രോഗങ്ങളുള്ളവര്‍ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കണമെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രായമായവരാണെങ്കില്‍പോലും മേല്പറഞ്ഞ രോഗങ്ങളില്ലാത്തവര്‍ കൊവിഡിനെ അതിജീവിച്ചിട്ടുണ്ട്.
അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ആല്വിന് ആര് ഫീന്സ്റ്റൈനാണ് 1970 ല്‍ കോമോര്ബിഡിറ്റി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒന്നിലധികം രോഗങ്ങളുള്ളവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്തിനാല്‍ സ്ഥിതിവിവരക്കണക്കുകളില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഡോ. ചാന്ദ് നി വിശദീകരിച്ചു.
ഉദാഹരണത്തിന് പ്രമേഹരോഗിയ്ക്ക് മറ്റ് വൈറല്‍ അസുഖങ്ങള്‍ പിടിപെട്ടാല്‍ ചികിത്സിക്കുക ബുദ്ധിമുട്ടാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്കെതിരെ അമിത അളവിലുള്ള ഗ്ലൂക്കോസ് പ്രവര്‍ത്തിക്കുന്നു. അതിനാല്‍ തന്നെ കാലപ്പഴക്കം ചെന്ന പ്രമേഹരോഗം ചികിത്സയ്ക്ക് തടസമാകുന്നു. മാനസികസമ്മര്‍ദവും ഇക്കാര്യത്തില്‍ വില്ലനാണ്. മാനസിക സമ്മര്‍ദമുള്ള വ്യക്തിയിലുണ്ടാകുന്ന ഹോര്‍മോണുകള്‍ പ്രമേഹരോഗത്തെ വഷളാക്കുന്നു. കൊവിഡ് ചികിത്സയ്ക്ക് ഈ സ്ഥിതി പ്രതിബന്ധമാകുന്നു.
കൊറോണ വൈറസിന്റെ സാന്നിധ്യം കാരണം ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ ഹൃദ്രോഗികളില്‍ രക്തം എളുപ്പം കട്ട പിടിക്കാനിടയാക്കും. മാനസികമര്‍ദം മൂലമുണ്ടാകുന്ന ഹോര്‍മോണുകള്‍ കാരണം ത്രോംബോസിസും തുടര്‍ന്ന് ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കോമോര്ബിഡ് അവസ്ഥയിലുള്ള രോഗികള്‍ കൊവിഡ് കാലത്ത് അതീവശ്രദ്ധ ചെലുത്തേണ്ടതാണെന്ന് ഡോ. ചാന്ദ് നി പറഞ്ഞു.
അച്ചടക്കത്തോടെയുള്ള ജീവിത ശൈലി, ദഹിക്കാനെളുപ്പമുള്ള ആഹാരം, മുടങ്ങാതെ മരുന്നു കഴിക്കല്‍, രക്താദിമര്‍ദവും ഷുഗറും കൃത്യമായി പരിശോധിക്കല്‍, നിത്യവ്യായാമം തുടങ്ങിയവ ശ്രദ്ധിക്കണം. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാലുടന്‍ വൈദ്യസഹായം തേടണം. വയോജനങ്ങള്‍ ഈ അപകട സാധ്യത കണക്കിലെടുത്ത് കഴിയുന്നത്ര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ഡോ. ചാന്ദ് നി നിര്‍ദ്ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: