കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന റവന്യൂവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നരകയാതന. പുനലൂരിലെ താലൂക്ക് ഓഫീസിലും വിവിധ റവന്യൂ വിഭാഗം ഓഫീസുകളിലും നിന്നായി ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. വര്‍ധിച്ച ജോലിഭാരവും കൊറോണ ഭീതിയുമാണ് ഇവരുടെ നരകയാതനയ്ക്ക് കാരണം.
അതിര്‍ത്തി കടന്നെത്തുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് അവര്‍ക്ക് ഹോംക്വാറന്റൈനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും വേര്‍തിരിച്ച് തീരുമാനിക്കുന്നതും അത് ഏത് സ്ഥലത്തും മുറിയിലും വേണമെന്നു നിശ്ചയിക്കുന്നതും ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഇവരുടെ ചുമതലയാണ്. അതിര്‍ത്തി പ്രദേശത്ത് ഡ്യൂട്ടിയിലുള്ള പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുന്‍കരുതല്‍ സംവിധാനം നല്‍കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വകുപ്പുതലത്തില്‍തന്നെ ഇരുവിഭാഗങ്ങള്‍ക്കും പിപിഇ കിറ്റുകളടക്കം സുരക്ഷാ ഉപകരണങ്ങളുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ നിര്‍ബന്ധിത ജോലിയെടുക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഓരോ ദിവസവും ആയിരത്തിലധികം പേരാണ് ചെക്പോസ്റ്റ് കടന്നുവരുന്നത്. അതിര്‍ത്തി കടന്നുപോകുന്ന ഇതരസംസ്ഥാനതൊഴിലാളികളെ പരിശോധിക്കേണ്ടതും അവരുടെ വിവരങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടതും തൊഴില്‍വകുപ്പിന്റെ ചുമതലയാണെങ്കിലും അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ ഡ്യൂട്ടിയിലില്ല. മനുഷ്യവിഭവശേഷിയിലെ കുറവാണ് കാരണമായി പറയുന്നത്. ഈ ജോലി കൂടി റവന്യൂ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ചെയ്യുന്നത്.
അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ബസ് സര്‍വീസ് ആരംഭിച്ച നാള് മുതള്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ട്. തഹസില്‍ദാര്‍, ഡെപ്യൂട്ടികളക്ടര്‍ എന്നിവരാണ് ഇവരുടെ മേലധികാരികളെങ്കിലും ഇവരുള്‍പ്പെടെ മുതിര്‍ന്ന ഓഫീസര്‍മാര്‍ പലരും ഇവിടെ ഡ്യൂട്ടിക്ക് എത്താറില്ല. വന്നാല്‍ തന്നെയും വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെ കാര്യങ്ങള്‍ അന്വേഷിച്ചശേഷം പോവുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: