കുന്ദമംഗലം: വയോജന സംരക്ഷണത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതിന്റെ യാതൊരു ആനുകുല്യവും ലഭിക്കാത്ത രണ്ടു പേരുണ്ട് മുണ്ടിക്കല്‍ താഴത്ത്. മലാപറമ്പ് സ്വദേശികളായ ജാനകി (86), ദേവയാനി (63) എന്നിവരാണവര്‍. മുമ്പ് അംഗനവാടിയായി പ്രവര്‍ത്തിച്ചിരുന്ന നായേടത്ത് വീടിന്റെ ചായ്പ്പിലാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്.
ഇരുവരും അവിവാഹിതരാണ്. ദേവയാനി പോളിയോ ബാധയെ തുടര്‍ന്ന് വികലാംഗയാണ്. മലാപറമ്പിലെ തറവാട് വിറ്റതോടെയാണ് ഇവര്‍ മുണ്ടിക്കല്‍താഴത്ത് എത്തിയത്. സഹോദരന്റെ കൂടെയായിരുന്നു താമസം സഹോദരന് മരിച്ചതോടെ മുമ്പ് അംഗനവാടിയായി പ്രവര്‍ത്തിച്ചിരുന്ന വാടക വീട്ടിലേക്ക് താമസം മാറി.
വീടു വിറ്റപ്പോള്‍ രണ്ടു പേര്‍ക്കും കൂടി ലഭിച്ച രണ്ടു ലക്ഷം രൂപ കൈയിലുണ്ടായിരുന്നു. വാടകയും ജീവിതവും മുന്നോട്ട് നീങ്ങിയപ്പോള്‍ കൈയിലുള്ള പണം തീര്‍ന്നു. ദേവയാനി തയ്യല്‍ ജോലിക്ക് പോയി കിട്ടുന്ന തുകയായിരുന്നു ഇവരുടെ ഏക ആശ്രയം. ലോക് ഡൗണ്‍ വന്നതോടെ ജോലിയും ഇല്ലാതെയായി. ഇനി എങ്ങനെ ജീവിതം തള്ളിനീക്കുമെന്ന സങ്കടത്തിലാണ് ഇവര്‍.
വാടക വീട്ടിലായത് കൊണ്ട് ഇവര്‍ക്ക് റേഷന്‍ കാര്‍ഡില്ല. റേഷന്‍ കാര്‍ഡ് എങ്ങനെ ഉണ്ടാക്കുമെന്നും അറിയില്ല. വോട്ടില്ലാത്തത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടിക്കാരാരും ഇവിടെ എത്താറില്ലെന്ന് ഇവര്‍ പറയുന്നു. സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: