തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ അയവ് വരുത്തി, ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന് കാലയളവ് വെട്ടിക്കുറച്ചു.
ആരംഭത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഏതാനും മെഡിക്കല്‍ കോളേജില്‍ മാത്രമാണ് നടപ്പിലാക്കിയതെങ്കിലും എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. രോഗികളുടെയും രോഗവ്യാപനത്തിന്റെയും തോത് വര്‍ധിക്കുന്ന അവസരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാനം പിന്നോട്ട് പോകാന്‍ തുടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
കൊറോണ രോഗികളെ ഉള്‍പ്പെടെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന് കാലയളവാണ് ചുരുക്കിയത്. കൊറോണ ഐസിയുവിലും വാര്‍ഡിലും ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസത്തെ ക്വറന്റൈനാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇതോടെ രോഗികളും ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ ഡ്യൂട്ടിയില്‍ സ്ഥിരം ജോലി നോക്കിയ സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞു വീണ് നിരീക്ഷണത്തില്‍ പോകേണ്ടിവന്ന യാഥാര്‍ത്ഥ്യവും അധികൃതരുടെ മുന്നില്‍ ഉണ്ട്.
കൊറോണ ഐസിയുവില്‍ തുടര്‍ച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസത്തെ ക്വാറന്റൈനും ഐസൊലേഷന്‍ വാര്‍ഡിലെ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്നു ദിവസത്തെ ക്വാറന്റൈനുമാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐസിയുവില്‍ പിപിഇ കിറ്റ് ധരിച്ച് നാല് മണിക്കൂറും ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യണം. ഏഴു ദിവസത്തെയും മൂന്നു ദിവസത്തെയും ക്വാറന്റൈന് ജീവനക്കാര്‍ സ്വന്തം വീടുകളിലാണ് പൂര്‍ത്തിയാക്കേണ്ടത്. ഡ്യൂട്ടി ദിവസങ്ങളില്‍ താമസിക്കാന്‍ മെഡിക്കല്‍ സൗകര്യം നല്‍കുമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം ക്വാറന്റൈന് വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെ തന്നെ ബാധിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജീവനക്കാര്‍ കുറവായതിനാലാണ് ക്വാറന്റൈന് വെട്ടിക്കുറച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: