ഡോര്‍ട്ട്മുണ്ട്: ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബുന്ദസ്ലിഗയില് കിരീട പ്രതീക്ഷ കാത്തു. സ്വന്തം തട്ടകത്തില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് ഹെര്‍ത്ത ബെര്‍ലിനെ തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ എംറെ കാന്‍ ആണ് ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ഡോര്‍ട്ട്മുണ്ടും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള വ്യത്യാസം ഏഴു പോയിന്റായി കുറഞ്ഞു.
നാല് റൗണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഡോര്‍ട്ട്മുണ്ടിന് അറുപത്തിമൂന്ന് പോയിന്റായി. അതേസമയം ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് എഴുപത് പോയിന്റാണുള്ളത്.
നിലവിലുള്ള ചാമ്പ്യന്മാരായ ബയേണ്‍ തുടര്‍ച്ചയായ എട്ടാം കിരീടത്തിലേക്ക് നീങ്ങുകയാണ്. നേരത്തെ നടന്ന മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ലവര്‍കുസനെ തോല്‍പ്പിച്ചു. അവസാന നാലു റൗണ്ടുകളില്‍ തോല്‍ക്കാതിരുന്നാല്‍ ബയേണിന് കിരീടം ഉറപ്പിക്കാം. അവസാന റൗണ്ടുകളില്‍ ബയേണിന് അടിതെറ്റിയാല്‍ ഡോര്‍ട്ട്മുണ്ടിന് കിരീട പ്രതീക്ഷ നിലനിര്‍ത്താനാകും.
ലെവര്‍കുസന്റെ പതിനേഴുകാരന് ഫ്ളോറൈന്‍ റിറ്റ്സ് ബുന്ദസ്ലിഗയില് ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ റിറ്റ്സ് 89-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ലെവര്‍കുസനായി ലൂക്കാസ് അലാറിയോയും ഗോള്‍ നേടി. കിങ്സ് ലി കോമന്, ഗോറെറ്റ്സ്ക, സെര്‍ജി ഗാ്രബി, ലെവന്‍ഡോസ്കി എന്നിവരാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്.
അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ളോയ്ഡിന് , കിക്കോഫിന് മുമ്പ് ഇരു ടീമുകളും ആദരാഞ്ജലി അര്‍പ്പിച്ചു. കളിക്കളത്തില്‍ മുട്ടുകുത്തിനിന്നാണ് കളിക്കാര്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: