ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച് വാര്‍ത്ത കണ്ടപ്പോള്‍ ചില വസ്തുതകള്‍ പൊതുസമൂഹത്തില്‍ അറിയിക്കണമെന്ന് തോന്നി. അതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. രാജഭരണകാലത്ത് തികച്ചും സ്വയംപര്യാപ്തമായിരുന്ന ഈ മഹാക്ഷേത്രത്തില്‍ നിന്ന് രാജ്യകാര്യങ്ങള്‍ക്കായി തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് കടം വാങ്ങിയ അപൂര്‍വ്വം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ധര്‍മ്മാത്മാക്കളായ തിരുവിതാംകൂര്‍ രാജാക്കന്മാര് പിന്നീട് പലിശ സഹിതം കടം വീട്ടിയിട്ടുമുണ്ട്.
പക്ഷേ സ്വാതന്ത്ര്യാനന്തരം ഇതെല്ലാം പഴങ്കഥയായി. കേരളപ്പിറവിക്കു ശേഷം നാട് ഭരിച്ച ജനാധിപത്യ സര്‍ക്കാരുകളും ഭഗവാനോട് കൂറില്ലാത്ത ഉദ്യോഗസ്ഥരും വരുത്തി വച്ച ദുരിതത്തിന്റെ പടുകുഴിയില്‍പ്പെട്ട് ഉഴലുകയാണ് ഇന്ന് ക്ഷേത്രവും ഒപ്പം ഭക്തജനങ്ങളും. ശ്രീ പത്മനാഭസ്വാമിയെ വഞ്ചിക്കുന്ന ഇവരുടെ പരിപാടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1949ലെ കവനന്റ് പ്രകാരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഫണ്ട് നല്‍കേണ്ടതാണ്. അന്ന് ചിത്തിര തിരുനാള്‍ മഹാരാജാവ് നിശ്ചയിച്ച തുക 6 ലക്ഷം രൂപയായിരുന്നു. ഈ തുക കാലോചിതമായി പരിഷ്കരിക്കാന്‍ ഒരു സര്‍ക്കാരും തയാറായില്ല എന്ന് മാത്രമല്ല 1971ല്‍ പത്മനാഭസ്വാമിയുടെ വസ്തുക്കളായ 33000 ഏക്കര്‍ വരുന്ന ഫലഭൂയിഷ്ഠമായ ഭൂമി പിടിച്ചെടുക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തത്. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാന്‍ മടിച്ച കാര്യമായിരുന്നു ഇത്. തിരുവനന്തപുരം ഭാഗത്തുള്ള 12000 ഏക്കര്‍ വരുന്ന ഭൂമിക്ക് അന്ന് കേരള സര്‍ക്കാര്‍ നിശ്ചയിച്ച വാര്‍ഷിക നഷ്ടപരിഹാര തുക 58500 രൂപ. (ഒരേക്കര്‍ ഭൂമിക്ക് 5 രൂപയില്‍ താഴെ, മൂക്കത്തു വിരല്‍ വച്ചേ മതിയാകൂ!)
1971 മുതലുള്ള കഴിഞ്ഞ 49 വര്‍ഷങ്ങളില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഉദ്യോഗസ്ഥന്മാരുടേയും ആനുകൂല്യങ്ങള്‍ സമയാസമയം വര്‍ധിപ്പിച്ച ജനങ്ങളുടെ സര്‍ക്കാരുകള്‍ പത്മനാഭസ്വാമിക്ക് നല്കുന്ന നഷ്ടപരിഹാര തുകയില്‍ കാലോചിതമായ നയാ പൈസയുടെ വര്‍ധനവ് ഇതുവരെ വരുത്തിയിട്ടില്ല. കാര്യം ഇതൊക്കെയാണെങ്കിലും ക്ഷേത്രം നടത്തി വന്ന തിരുവിതാംകൂര്‍ രാജകുടുംബമൊ ഭക്തജനങ്ങളൊ ഒരു അമര്‍ഷവും കാട്ടിയില്ല. പകരം തങ്ങളാല്‍ കഴിയുന്ന വിധം കാണിക്കയും സംഭാവനകളും നല്കി ക്ഷേത്രം നടത്തി വന്നു.
എന്നാല്‍ രാജകുടുംബം പായസ പാത്രത്തില്‍ സ്വര്‍ണ്ണം കടത്തുന്നു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് 2014ല്‍ രാജകുടുംബത്തേ ഒഴിവാക്കി ക്ഷേത്രത്തേ സുപ്രീം കോടതി നിയമിച്ച ഒരു താത്കാലിക സമിതിക്ക് കീഴിലാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും ശനിദശ ആരംഭിച്ചു എന്ന് പറയാം. തുടര്‍ന്ന് സാമ്പത്തിക കെടുകാര്യസ്ഥതയും അന്തഃച്ഛിദ്രവും ഏകാധിപത്യ പ്രവണതയും സ്വജനപക്ഷപാതവും തുടങ്ങി.
കടുത്ത ആചാര ലംഘനങ്ങള്‍ക്കും ക്ഷേത്രം വേദിയായി. സര്‍ക്കാര്‍ പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥന് എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ ജഡ്ജി ചെയര്‍മാനായ ഭരണസമിതിയും നിഷ്ക്രിയത്വത്തില്‍ ഒഴികെ മറ്റൊന്നിലും യോജിച്ചില്ല. സുപ്രീം കോടതിയുടെ വിധികള്‍ക്ക് പോലും പുല്ലുവിലയാണ് കല്പിച്ചത്. ശ്രീകോവിലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് വിഭവ സമാഹരണത്തിനായി ക്രിയാത്മകമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മരപ്പണികള്‍ ഏകദേശം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും കലശസ്ഥാപനം നടത്താന്‍ പറ്റാത്തത് വലിയ വീഴ്ചയാണ്. ക്ഷേത്ര വസ്തുക്കള്‍ കൈയ്യേറി വെച്ചിരിക്കുന്ന ലോബിയുടെ റിമോട്ട് കണ്ട്രോള് ഭരണമാണ് ക്ഷേത്രത്തില്‍ നടക്കുന്നത് എന്ന് വ്യാപകമായ പരാതി ഉയരുന്നു. അധികാരികള്‍ക്കെതിരെ അഴിമതി ആരോപണവും ധൂര്‍ത്തും ആരോപിച്ച് ക്ഷേത്ര ജീവനക്കാരിലെ വലിയ വിഭാഗം കഴിഞ്ഞ ദിവസം രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.
കൊറോണ കാലത്തിന് മുമ്പേ ക്ഷേത്രം സാമ്പത്തികമായി തകര്‍ച്ചയുടെ വക്കില്‍ എത്തിയിരുന്നു. സമ്പൂര്‍ണ്ണ ലോക്ഡൗണോട് കൂടി തകര്‍ച്ച പൂര്‍ണ്ണമായി. കേരള സര്‍ക്കാര്‍ ന്യായമായും നല്‍കേണ്ട തുകയുടെ ചെറിയ ഭാഗം നല്കിയാല് തന്നെ ഈ പ്രതിസന്ധി മറികടക്കാം. പക്ഷേ സ്ഥായിയായ ഒരു നല്ല മാറ്റം ക്ഷേത്രത്തില്‍ ഉണ്ടാകണമെങ്കില്‍ ഭരണതലത്തില്‍ സമൂലമായ അഴിച്ചുപണി അനിവാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരുകളുടെയും നിയന്ത്രണങ്ങളൊ ഇടപെടലുകളൊ ഇല്ലാത്ത ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാകണം ക്ഷേത്രം ഭരണം നിര്‍വ്വഹിക്കാന്‍. അതാകട്ടെ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.
ഇത്തരുണത്തില്‍ കേരള സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ക്ഷേത്രത്തിന് അര്‍ഹമായ തുക നല്‍കണം എന്നതാണ് ഭക്തജനങ്ങളുടെ ആവശ്യം. ഭഗവാന്റെ പണം സര്‍ക്കാര്‍ അനുഭവിക്കുന്നത് തുറന്നുകാട്ടാന്‍ സോഷ്യല്‍ മീഡിയ തന്നെ മുന്നോട്ടു വരണം.
കെ.പി. മധുസൂദനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: